ADVERTISEMENT

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഷോറൂം ശൃംഖലയായ അരീനയുടെ എണ്ണം 400 കടന്നു. വെറും രണ്ടു വര്‍ഷത്തിനകമാണ് അരീന ഷോറൂം ശൃംഖല 400 തികഞ്ഞതെന്നു മാരുതി സുസുക്കി അറിയിച്ചു. നിലവില്‍ രാജ്യത്തെ 278 നഗരങ്ങളില്‍ അരീനയ്ക്കു സാന്നിധ്യമുണ്ട്.

വിപണന ശൃംഖല പരിഷ്‌കരിക്കാനും ഉപയോക്താക്കളിലെ യുവതലമുറയെ സ്വാധീനിക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച കമ്പനി അരീന‌യുടെ ഇത്തരത്തിലുള്ള 400 ഷോറൂമുകൾ വെറും രണ്ടു വർഷത്തിനകം തുറക്കാന്‍ സാധിച്ചത് വലിയ നേട്ടമാണെന്ന് മാരുതി സുസുക്കി ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍(മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.‌ നിരന്തരമായ ഗവേഷണവും ഉപയോക്താക്കളുടെ അഭിപ്രായസമാഹരണവും ഭാവി പ്രവണതകളെക്കുറിച്ചുള്ള നിഗമനങ്ങളുമൊക്കെയാണ് അരീനയ്ക്കു സ്വീകാര്യത നേടിക്കൊടുക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

നിലവിലുള്ള ഡീലര്‍ഷിപ്പുകളെ അരീന നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിക്ക് 2017–ലാണു മാരുതി സുസുക്കി തുടക്കമിട്ടത്. കാര്‍ വാങ്ങാനെത്തുന്നവരില്‍ 80 ശതമാനവും ഓണ്‍ലൈനിലൂടെയാണ് വിവരസമാഹരണം നടത്തുന്നതെന്ന തിരിച്ചറിവില്‍ കമ്പനി വെബ്‌സൈറ്റും സമഗ്രമായി പരിഷ്‌കരിച്ചു.  ഇതോടൊപ്പം ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ റജിസ്‌ട്രേഷനുകള്‍ സമന്വയിപ്പിക്കാനും കമ്പനി നടപടിയെടുത്തു. 

ഇതോടെ വാഹനങ്ങളുടെ ടെസ്റ്റ് ഡ്ര‌ൈവോ ഷോറൂം സന്ദര്‍ശനമോ ഒക്കെ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ക്രമീകരിക്കാമെന്നായി. അരീന ഷോറൂമിലെത്തിയാല്‍ തന്നെ നാവിഗേഷന്‍ പോര്‍ട്ടലില്‍ സ്വന്തം മൊബൈല്‍ നമ്പര്‍ നല്‍കിയാലുടന്‍ റിലേഷന്‍ഷിപ് മാനേജരുടെ സേവനം ലഭ്യമാകും. വാഹനശ്രേണിയെക്കുറിച്ചു സമഗ്രമായി അറിയാന്‍ സഹായിക്കും വിധത്തില്‍ വലിയ ഇന്ററാക്ടീവ് പ്രോഡക്ട് വിഷന്‍ ടച് സ്‌ക്രീനുകളും അരീനയില്‍ സജ്ജമാക്കിയിട്ടുണ്ട്. പോരെങ്കില്‍ ഉപയോക്താവിന്റെ അഭിരുചിക്കൊത്ത് വാഹനങ്ങളില്‍ പരിഷ്‌കാരങ്ങളും മാറ്റങ്ങളും നടപ്പാക്കാനുള്ള സൗകര്യവും അരീനയിലുണ്ട്.

ഹാച്ച്ബാക്ക് മുതല്‍ വാന്‍ വരെ നീളുന്ന മോഡലുകളാണു മാരുതി സുസുക്കി 'അരീന' വഴി വില്‍ക്കുന്നത്; പരിഷ്‌കരിച്ച ഓള്‍ട്ടോ, ഓള്‍ട്ടോ കെ 10, പുതിയ വാഗന്‍ ആർ, സെലേറിയൊ, സ്വിഫ്റ്റ്, ഡിസയര്‍, വിറ്റാര ബ്രേസ, പുത്തന്‍ എര്‍ട്ടിഗ, ജിപ്‌സി, ഓമ്‌നി, ഇക്കോ എന്നിവയുടെയൊക്കെ വില്‍പ്പന അരീന വഴിയാണ്. അരീനയ്ക്കു പുറമെ പ്രീമിയം വാഹന വില്‍പ്പനയ്ക്കായി നെക്‌സ ഷോറൂമുകളും വാണിജ്യ വാഹന വില്‍പ്പനയ്ക്കായി പ്രത്യേക ഡീലര്‍ഷിപ്പുകളും മാരുതി സുസുക്കി തുറന്നിട്ടുണ്ട്. ഇന്ത്യയില്‍ 1,860 പട്ടണങ്ങളിലായി മൊത്തം 2,940 ഷോറൂമുകളാണു നിലവില്‍ കമ്പനിക്കുള്ളത്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com