ADVERTISEMENT

കുറ്റവാളികളെ പിടിക്കാനുള്ള പൊലീസ് ചെയ്‌സിങ്ങുകള്‍ സമൂഹമാധ്യമങ്ങളിലൂടെ ധാരാളം കണ്ടിട്ടുണ്ട്. കാര്‍ റേസിങ്ങുകളെ കടത്തിവെട്ടുന്ന അത്തരം ചെയ്‌സുകള്‍ നമ്മുടെ നാട്ടില്‍ നടക്കാറില്ല. എന്നാല്‍ ഇപ്പോള്‍ കേരള പൊലീസിന്റെ ഒരു ചെയ്‌സിങ്ങാണ് സമൂഹമാധ്യമങ്ങളിലെ താരം. മദ്യലഹരിയില്‍ വാഹനമോടിച്ചു എന്നു സംശയിക്കുന്ന ആളെയാണ് കേരളാപൊലീസ് പുറകേ പോയി പിടിച്ചത്. അമിത വേഗത്തില്‍ വാഹനമോടിച്ച ആള്‍ അപകടമുണ്ടാക്കിയതും വിഡിയോയില്‍ കാണാം.

അമിതവേഗത്തില്‍ വളവ് വളയ്ക്കാന്‍ ശ്രമിക്കുന്ന കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത മറ്റൊരു കാറില്‍ ഇടിച്ച് നിയന്ത്രണം വിടുന്നതും വിഡിയോയിലുണ്ട്. പാർക്ക് ചെയ്തിരിക്കുന്ന കാറിന്റെ ഡ്രൈവിങ് സീറ്റിൽ നിന്നും അപകടശേഷം ഒരു സ്ത്രീ പുറത്തിറങ്ങുന്നതും കാണാം. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലെ സ്ഥലം വ്യക്തമല്ല. പൊലീസില്‍ നിന്ന് രക്ഷപ്പെടാനായാണ് കാര്‍ അമിതവേഗത്തില്‍ പോയത്. 

മദ്യപിച്ച് വാഹനമോടിച്ചാല്‍ എന്താണ് കുഴപ്പം

രണ്ടല്ല നാലെണ്ണം അടിച്ചാലും ഞാന്‍ സ്റ്റഡിയായി വാഹനം ഓടിക്കും എന്നു പറയുന്നവര്‍ ധാരാളം. ചിലപ്പോഴൊക്കെ കുഴപ്പങ്ങളൊന്നും കൂടാതെ ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്യും. ശരിക്കും മദ്യപിച്ച് വാഹനമോടിച്ചാല്‍ എന്താണ് സംഭവിക്കുന്നത്?. രണ്ടെണ്ണം വീശി പതിയെ തലയ്ക്കുപിടിച്ചാല്‍ ആദ്യം കൂടുന്നത് എന്താണെന്നറിയുമോ? ആത്മവിശ്വാസം. അപ്പോഴാണ് വിമാനം വരെ ഓടിച്ചുകളയാമെന്നു പലര്‍ക്കും തോന്നുന്നത്.

എന്നാല്‍, മദ്യപിച്ചാല്‍ കൂടുന്ന മറ്റു ചിലതുകൂടിയുണ്ട്. അപകടത്തില്‍നിന്നു നമ്മളൊക്കെ പലപ്പോഴും രക്ഷപ്പെടുന്നത് മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനവേഗം കൊണ്ടാണ്. അപകടസാധ്യത അല്ലെങ്കില്‍, തടസ്സം മുന്നില്‍ക്കാണുമ്പോള്‍ നമ്മള്‍ വണ്ടി നിര്‍ത്താന്‍ ശ്രമിക്കുന്നു. തടസ്സം കാണുന്നതു മുതല്‍ വണ്ടി പൂര്‍ണമായും നിര്‍ത്തുന്നതു വരെയുള്ള സമയം വളരെ പ്രധാനമാണ്. ആ സമയം നിര്‍ണയിക്കുന്നതില്‍ രണ്ടുകാര്യങ്ങള്‍ പൂര്‍ണമായും നമ്മുടെ കയ്യിലാണ്: 1. മസ്തിഷ്‌കം അപായസാധ്യത തിരിച്ചറിയാന്‍ എടുക്കുന്ന സമയം Perception time. 2. തുടര്‍ന്ന് കാല്‍ ആക്‌സിലറേറ്ററില്‍നിന്നു മാറ്റി ബ്രേക്ക് ചവിട്ടാന്‍ എടുക്കുന്ന പ്രതികരണസമയം Human Reaction time. ഈ രണ്ടു കാര്യങ്ങള്‍ക്ക് നമ്മള്‍ സുബോധത്തിലാണെങ്കില്‍ അര മുതല്‍ മുക്കാല്‍ സെക്കന്‍ഡ് വരെ സമയം മതി. 

എന്നാല്‍, മദ്യമോ ലഹരിമരുന്നോ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ മസ്തിഷ്‌കത്തിന് ഈ സ്പീഡില്‍ പ്രവര്‍ത്തിക്കാനാകില്ല. അപ്പോള്‍ തിരിച്ചറിയല്‍ പ്രതികരണ സമയം പലമടങ്ങു വര്‍ധിക്കും. വാഹനം ഉദ്ദേശിച്ച സമയത്തു നില്‍ക്കില്ല. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ പിടിച്ചാല്‍ കിട്ടില്ല. അപകടം ഉറപ്പ്. (ലഹരി മാത്രമല്ല, ക്ഷീണം, ശ്രദ്ധയില്ലായ്മ എന്നിവയും ഈ സമയം ദീര്‍ഘിപ്പിക്കാം).

മദ്യപിച്ചാല്‍ കൈകാലുകളുടെ സന്തുലനം പാടെ തകരാറിലാവുന്നു . കൂടാതെ മറ്റു വാഹനങ്ങളുടെ വേഗം, അകലം എന്നിവ കണക്കാക്കാനുള്ള മസ്തിഷ്‌കത്തില്‍ കഴിവും താറുമാറാകുന്നു. ഇതോടെ കൃത്യസമയത്ത് ഉചിതമായ തീരുമാനങ്ങള്‍ എടുക്കാനാവാതെ വരുന്നു. മദ്യം അമിതമായാല്‍ കാഴ്ച്ചയ്ക്കും കാര്യമായി പ്രശ്‌നങ്ങളുണ്ടാക്കും. കൂടാതെ വാഹനമോടിക്കുമ്പോള്‍ വേണ്ട ഏകാഗ്രതയ്ക്ക് കുറവുവരുത്തുകയും ചെയ്യും. ഇക്കാരണങ്ങള്‍ കൊണ്ടാണ് മദ്യപിച്ച് വാഹനമോടിക്കരുത് എന്നു പറയുന്നത്‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com