ADVERTISEMENT

മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനൊയുടെ ടൊയോട്ട  പതിപ്പായ ഗ്ലാൻസയുടെ അരങ്ങേറ്റം അടുത്ത ആറിന്. അവതരണത്തിനു മുന്നോടിയായി ഗ്ലാൻസയുടെ മുൻഭാഗത്തെക്കുറിച്ചു സൂചന നൽകുന്ന ടീസർ വിഡിയോയും ടൊയോട്ട‌ പുറത്തുവിട്ടു. ക്രോം ലൈനിങ്ങുള്ള ഗ്രിൽ ഒഴിവാക്കിയാൽ പരിഷ്കരിച്ച ബലേനൊയും ടൊയോട്ടയുടെ ഗ്ലാൻസയുമായി മുൻഭാഗത്തു കാര്യമായ വ്യത്യാസമേയില്ല. ഇരു മോഡലുകളിലും സമാന അലോയ് വീലാണ് ഇടംപിടിക്കുന്നതും. പിൻഭാഗത്താവട്ടെ ടൊയോട്ട ചിഹ്നവും ഗ്ലാൻസ ബാഡ്ജിങ്ങും വകഭേദത്തെ സൂചിപ്പിക്കുന്ന ലോഗോയും മാത്രമാണു വ്യത്യാസം. ബലേനൊയുടെ ആൽഫയെ ആധാരമാക്കുന്ന ‘വി’യാവും ‘ഗ്ലാൻസ’യുടെ മുന്തിയ പതിപ്പെന്നാണു സൂചന. ബലേനൊ സീറ്റയ്ക്കു സമമായ ജിയാവും ഗ്ലാൻസ’യിലെ അടിസ്ഥാന പതിപ്പ്.

അകത്തളത്തിലും പരിഷ്കരിച്ച ‘ബലേനൊ’യും ‘ഗ്ലാൻസ’യുമായി കാര്യമായ വ്യത്യാസത്തിനു സാധ്യതയില്ല. സ്റ്റീയറിങ്ങിലെ ടൊയോട്ട എംബ്ലം ഒഴിവാക്കിയാൽ ഡാഷ്ബോഡ് ലേ ഔട്ട്, അപ്ഹോൾസ്ട്രിയുടെ നിറക്കൂട്ട് തുടങ്ങിയവയൊക്കെ ഇരുകാറിലും സമാനമാണ്. ‘ഗ്ലാൻസ’യിലെ ഏഴ് ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സംവിധാനവും ആദ്യ കാഴ്ചയിൽ ‘ബലേനൊ’യിലെ സ്മാർട്പ്ലേ സ്റ്റുഡിയോ യൂണിറ്റ് പോലെ തന്നെ. 

പരിഷ്കരിച്ച ബലേനൊയ്ക്കു കരുത്തേകുന്ന 1.2 ലീറ്റർ, കെ 12 ബി, പെട്രോൾ എൻജിനാവും ഗ്ലാൻസയിലും ഇടംപിടിക്കുക; 84 ബി എച്ച് പിയോളം കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക. ഭാവിയിൽ സ്മാർട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിൻബലമുള്ള 1.2 ലീറ്റർ, കെ 12 സി ഡ്യുവൽജെറ്റ് എൻജിൻ സഹിതവും ഗ്ലാൻസ ലഭ്യമായേക്കാം. എങ്കിലും ഡീസൽ എൻജിനോടെ ഗ്ലാൻസ എത്താനിടയില്ല. ട്രാൻസ്മിഷനിൽ അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സും കണ്ടിന്വസ്ലി വേരിയബിൾ ട്രാൻസ്മിഷനു(സി വി ടി)യുമാവും സാധ്യതകൾ.

കാലദൈർഘ്യമേറിയ വാറന്റി പാക്കേജ് മാത്രമാവും ഗ്ലാൻസയും ബലേനൊയുമായുള്ള പ്രധാന വ്യത്യാസം. ബലേനൊയ്ക്ക് രണ്ടു വർഷം അഥവാ 40,000 കിലോമീറ്റർ നീളുന്ന വാറന്റി ലഭിക്കുമ്പോൾ ഗ്ലാൻസ എത്തുക മറ്റു ടൊയോട്ട മോഡലുകളെ പോലെ മൂന്നു വർഷം അഥവാ ഒരു ലക്ഷം കിലോമീറ്റർ വരെയുള്ള വാറന്റിയോടെയാവും. പോരെങ്കിൽ ഗ്ലാൻസയ്ക്കു ടൊയോട്ട ദീർഘിപ്പിച്ച വാറന്റി പ്ലാനുകളും അനുവദിച്ചേക്കും. സാധാരണ ബാഡ്ജ് എൻജിനീയറിങ് മോഡലുകളുടെ ശൈലി പിന്തുടർന്ന് ‘ബലേനൊ’യെ അപേക്ഷിച്ച് ഉയർന്ന വിലയ്ക്കാവും ഗ്ലാൻസ വിൽപ്പനയ്ക്കെത്തുകെയന്നാണു സൂചന; വകഭേദങ്ങളുടെ എണ്ണം രണ്ടു മാത്രമായതിനാൽ ഈ വിലവ്യത്യാസം പ്രകടവുമാകും. ബലേനൊയ്ക്കു പുറമെ ഹ്യുണ്ടേയ് ഐ 20, ഹോണ്ട ജാസ്, ടാറ്റ ആൽട്രോസ് തുടങ്ങിയവയോടാവും ഗ്ലാൻസയുടെ പോരാട്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com