ADVERTISEMENT

ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയിയുടെ പ്രകടനക്ഷമതയേറിയ കാർ വിഭാഗമായ ഹ്യുണ്ടേയ് എൻ പെർഫോമൻസിന്റെ ഇന്ത്യൻ അരങ്ങേറ്റം വൈകില്ലെന്നു സൂചന. മിക്കവാറും അടുത്ത വർഷത്തെ ഡൽഹി ഓട്ടോ എക്സ്പോയിൽ എൻ പെർഫോമൻസ് ശ്രേണി  അവതരിപ്പിക്കാനും പിന്നാലെ ഈ വിഭാഗത്തിലെ കാറുകൾ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കാനുമാണു ഹ്യുണ്ടേയിയുടെ നീക്കം.ആഗോളതലത്തിൽ എൻ, എൻ ലൈൻ വിഭാഗങ്ങൾക്കാണു ഹ്യുണ്ടേയിയുടെ പ്രകടനക്ഷമതയേറിയ കാറുകളുടെ ചുമതല. ജനപ്രിയ മോഡലുകളുടെ പ്രകടനക്ഷമതയേറിയ പതിപ്പുകൾ നിർമിച്ചു വിൽപ്പനയ്ക്കെത്തിക്കുകയാണ് എൻ, എൻ ലൈൻ വിഭാഗങ്ങളുടെ ദൈത്യം. 

മികച്ച വിൽപ്പന ലക്ഷ്യമിട്ടാണു ഹ്യുണ്ടേയ്  എൻ പെർഫോമൻസ് ബ്രാൻഡിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ സാധാരണ ഷോറൂമുകൾക്കു പകരം  എൻ പെർഫോമൻസ്’ ബ്രാൻഡിനായി പ്രത്യേക വിപണന ശൃംഖല തന്നെ സജ്ജീകരിക്കാനും ഹ്യുണ്ടേയിക്കു പദ്ധതിയുണ്ട്. ഐ 30 എൻ ആണു ഹ്യുണ്ടേയ് ശ്രേണിയിലെ ആദ്യ ‘എൻ പെർഫോമൻസ്’ മോഡൽ. നിലവിൽ ഇതോടൊപ്പം ഐ 30 ഫാസ്റ്റ് ബാക്ക് എൻ’, വെലോസ്റ്റാർ എൻ, ഐ 30 എൻ ലൈൻ, ട്യുസൊൺ എൻ ലൈൻ എന്നിവയും കമ്പനി രാജ്യാന്തര വിപണികളിൽ വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ ‘ഐ ട്വന്റി’യുടെ  എൻ പെർഫോമൻസ് പതിപ്പാവും ഹ്യുണ്ടേയ് ആദ്യം അവതരിപ്പിക്കുകയെന്നാണു സൂചന. ജനപ്രീതി പരിഗണിക്കുമ്പോൾ കോംപാക്ട് എസ് യു വിയായ ‘ക്രേറ്റ’യുടെ പ്രകടനക്ഷമതയേറിയ വകഭേദത്തിനും സാധ്യതയുണ്ട്.

എൻ പെർഫോമൻസ് മോഡലുകളുടെ അവതരണത്തിനു മുന്നോടിയായി ഹ്യുണ്ടേയ് ഉപയോക്താക്കളുടെ അഭിപ്രായങ്ങൾ ആരാഞ്ഞിരുന്നു; പ്രതികരണങ്ങൾ തികച്ചും ആശാവഹമാണെന്നാണു കമ്പനിയുടെ വിലയിരുത്തൽ. എൻ പെർഫോമൻസ് കാറുകളിലൂടെ യുവതലമുറയെയാവും ഹ്യുണ്ടേയ് നോട്ടമിടുക. നിലവിൽ മാരുതി സുസുക്കിയും ഫോക്സ്വാഗനും ജനപ്രിയ മോഡലുകളുടെ പ്രകടനക്ഷമതയേറിയ പതിപ്പുകൾ ഇന്ത്യയിൽ വിൽക്കുന്നുണ്ട്; ബലേനൊ ആർ എസ്, പോളോ ജി ടി ഐ തുടങ്ങിയയ്ക്കു കൂട്ടായാണ്  ഹ്യുണ്ടേയിയുടെ എൻ പെർഫോമൻസ് മോഡലുകളുമെത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com