sections
MORE

വാശി കാണിക്കാനുള്ള സ്ഥലമല്ല റോ‍ഡ്, ഈ അപകടം എല്ലാവർക്കും പാഠമാകട്ടേ– വിഡിയോ

Cyclone Vayu
Screen Grab
SHARE

എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാനുള്ള സ്ഥലമാണ് റോഡ്. വാശിയും വൈരാഗ്യവും കാണിക്കാനുള്ള സ്ഥലമല്ല. മത്സരബുദ്ധിയോടുള്ള പ്രവർത്തികൾ ചിലപ്പോൾ നമുക്കും മറ്റു റോഡ് ഉപയോക്താക്കൾക്കും കുഴപ്പങ്ങൾ സൃഷ്ടിച്ചേക്കാം. അത്തരത്തിലൊരു വിഡിയോയാണ് ഇത്. ലോറിയെ മറികടന്ന് അതിവേഗം വരുന്ന പിക്കപ്പും കാറും കൂട്ടിയിടിക്കുന്നതിന്റേതാണ് വിഡിയോ.

ഈ അപകടത്തിൽ കാറുകാരനും അമിതവേഗത്തിൽ ഓവർടേക്ക് ചെയ്ത പിക്കപ്പ് വാനും ഒരുപോലെ കുറ്റക്കാരനാണ് എന്നുവേണം പറയാൻ.  ഇടതുവശത്ത് സ്ഥലമുണ്ടായിട്ടും കാർ ഒതുക്കിക്കൊടുക്കുന്നില്ല എന്ന് വിഡിയോയിൽ വ്യക്തമാണ്. എന്നാൽ അമിതവേഗത്തിൽ ലോറിയെ മറികടന്നെത്തിയ പിക്കപ്പ് ഡ്രൈവറെ ഒരു തരത്തിലും ന്യായീകരിക്കാനും സാധിക്കില്ല. ഒരു പക്ഷേ കാർ ഇടത്തേക്ക് ഒതുക്കിയിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു. കാർ ഡ്രൈവറുടെ ശ്രദ്ധ തിരിഞ്ഞതാണോ അതോ മനഃപൂർവ്വം വലതു വശം ചേർത്തതാണോ എന്ന് വ്യക്തമല്ല.

ഓവർടേക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ

എതിരെ വരുന്ന വാഹനങ്ങളുടെ സഞ്ചാര സ്വതന്ത്ര്യത്തെ ഹനിക്കാതെയായിരിക്കണം ഓവർടേക്കിങ് നടത്താൻ. ഏറ്റവും പ്രധാനമായി ചിന്തിക്കേണ്ടത് മുന്നിലോടിക്കൊണ്ടിരിക്കുന്ന വാഹനത്തെ ഇപ്പോൾ കടന്നുപോകേണ്ടതുണ്ടോ എന്നാണ്. കൂടാതെ ഓവർടേക്കിങ്ങിനു മുൻപ് താഴെപ്പറയുന്ന കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിച്ചിരിക്കണം.

∙ വാഹനത്തിന്റെ വലതുവശത്തുകൂടി മാത്രമേ ഓവർടേക്ക് ചെയ്യാവൂ. ഇടതു വശത്തുകൂടിയുള്ള ഓവർടേക്കിങ് കർശനമായും ഒഴിവാക്കണം, എന്നാൽ മുന്നിലെ വാഹനം വലത്തേക്ക് തിരിയുന്നതിനുവേണ്ടി ഇൻഡിക്കേറ്റർ ലൈറ്റിട്ട് റോഡിന്റെ മധ്യഭാഗത്ത് കാത്തു നിൽക്കുകയാണെങ്കിലോ. നാലുവരിപ്പാതകളിൽ വലതുവശത്തെ ലെയിനിൽകൂടി പോകുന്ന വാഹനം വലത്തോട്ടു തിരിയുന്നതിന് ഇൻഡിക്കേറ്ററിട്ടാലും ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യാൻ അനുവാദമുണ്ട്.

∙ ഓവർടേക്ക് ചെയ്യുന്നതിനുവേണ്ടി മുന്നിലെ വാഹനത്തിന്റെ തൊട്ടുപിന്നിൽകൂടി പോകരുത്. മുന്നിലെ വാഹനത്തിന് ഒരു തരത്തിലും അസൗകര്യമുണ്ടാക്കാത്ത തരത്തിലായിരിക്കണം ഓവർടേക്കിങ്. എതിർദിശയിൽ നിന്നും വരുന്ന വാഹനത്തെ വ്യക്തമായി കാണാൻ സാധിക്കാത്ത സന്ദർഭങ്ങളിൽ ഓവർടേക്ക് ചെയ്യരുത്.

∙ വളവുകളിലും റോഡ് കാണാൻ പറ്റാത്ത അവസ്ഥകളിലും ഓവർടേക്കിങ് പാടില്ല. സുരക്ഷിതമായി ഓവർടേക്കു ചെയ്യാൻ സാധിക്കുന്നവിധം റോഡ് കാണാൻ പറ്റുമെന്ന് ഉറപ്പുവരുത്തിയിട്ടാകണം ഓവർടേക്കിങ്. കൂടാതെ പിന്നിൽ നിന്നും വാഹനങ്ങൾ തന്നെ ഓവർടേക്കു ചെയ്യാൻ ശ്രമിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.

∙ ഓവർടേക്കിങിന് മുമ്പായി വലതു വശത്തെ ഇൻഡിക്കേറ്റർ ചുരുങ്ങിയത് മൂന്നു സെക്കൻഡെങ്കിലും മുൻപായി പ്രവർത്തിപ്പിച്ചിരിക്കണം. കൂടാതെ ഓവർടേക്കിങ് കഴിഞ്ഞാൽ ഇടതുവശത്തേയ്ക്കുള്ള ഇൻഡിക്കേറ്റർ പ്രവർത്തിപ്പിച്ച് വാഹനം സുരക്ഷിതമായ അകലത്തിലാണെന്ന് ഉറപ്പു വരുത്തിയതിന് ശേഷം ഇടത്തേക്ക് ചേർക്കുക.

∙ കാൽനടയാത്രികൻ റോഡ് മുറിച്ചുകിടക്കുന്നതിനായി നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ മറികടക്കാൻ പാടില്ല. കൂടാതെ തിരക്കേറിയ ജംങ്ഷനുകളിലും റോഡിന്റെ മധ്യത്തിലെ ഇടവിട്ടുള്ള വെള്ളവരയോടുചേർന്ന് തുടർച്ചയായ മഞ്ഞവരയുള്ള സ്ഥലത്തും മറികടക്കലുകൾക്ക് കർശന നിരോധനമുണ്ട്.

∙ കൂടാതെ ഒരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്ന വാഹനത്തിന് തടസമുണ്ടാക്കുന്ന തരത്തിൽ തന്റെ വാഹനത്തിന്റെ വേഗത കൂട്ടുക, ലെയിൻ മാറ്റുക തുടങ്ങിയ യാതൊരു പ്രവൃത്തിയും ചെയ്യാൻ പാടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA