ADVERTISEMENT

മലേഷ്യന്‍ വിമാനം എംഎച്ച് 370 (MH370) കാണാതായതിനു പിന്നില്‍ ടിക്കറ്റില്ലാത്ത അനധികൃതമായി യാത്ര ചെയ്ത ആളായിരിക്കാമെന്ന ‍ഞെട്ടിക്കുന്ന സിദ്ധാന്തവുമായി എത്തിയിരിക്കുന്നു ടിം ടെർമിനി എന്ന എവിയേഷൻ സെക്യൂരിറ്റി വിദഗ്ദൻ. കാണാതായ എംഎച്ച് 370 ന്റെ തിരോധാനത്തിൽ നാലു ഹൈജാക്കിങ് സാധ്യതകളാണ് ടിം മുന്നോട്ട് വയ്ക്കുന്നത്. യാത്രക്കാരിൽ ആരെങ്കിലും ഒരാൾ, വിമാനത്തിലെ ജീവനക്കാർ, വിമാനത്തിൽ കടന്നുകൂടിയ അനധികൃത യാത്രക്കാരൻ, ഹാക്ക് ചെയ്ത് വിമാനത്തിന്റെ നിയന്ത്രണം നിലത്തു നിന്ന് ആരെങ്കിലും കൈക്കലാക്കിയത്. ഇതിൽ ടിക്കറ്റില്ലാത്ത അനധികൃതയാത്രക്കാരന്റെ സാന്നിധ്യത്തിന് സാധ്യത കൂടുതൽ എന്നാണ് ടിം ടെർമിനി പറയുന്നത്. ആരും അറിയാതെ വിമാനത്തിൽ കയറികൂടിയ അനധികൃത യാത്രക്കാരനായതുകൊണ്ടായിരിക്കാം അപകടത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിക്കാത്തത്.

എന്നാൽ ടിമ്മിന്റെ ഈ സിദ്ധാന്തം ശരിയാകാനുള്ള സാധ്യത വളരെ വിരളമാണെന്നാണ് മറ്റുള്ളവരുടെ അഭിപ്രായം. പൈലറ്റായിരുന്ന സഹാരി അഹമ്മദ് ഷാ (Zaharie Ahmad Shah) നടപ്പിലാക്കിയ സങ്കീര്‍ണ്ണമായ 'ആത്മഹത്യാ-കൂട്ടക്കൊലപാതക ശ്രമമായിരുന്നുവെന്നാണ് അപകടത്തെപ്പറ്റിയുള്ള പ്രധാന സംശയം. സഹാരി അഹമദ് ഷായുടെ വസതിയിലെ സിമുലേറ്റർ പരിശോധിച്ചപ്പോൾ വിമാനം ദിശമാറിപ്പറക്കുന്ന തരത്തിലുള്ള അഭ്യാസം അയാളുടെ മനസ്സിലുണ്ടായിരുന്നുവെന്ന സൂചന ലഭിക്കുകയും ചെയ്തു.

വിമാനം തകർത്ത്് പൈലറ്റ് ആത്മഹത്യചെയ്യുന്നത് അവിശ്വസനീയമാണെങ്കിലും അസംഭവ്യമല്ല. അത്തരം എട്ടു സംഭവങ്ങൾക്കു കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൾസാക്ഷ്യം വഹിക്കുകയുണ്ടായി. ഏറ്റവും ഒടുവിൽ, 1999ൽ, ഇൗജിപ്തിന്റെ ന്യൂയോർക്ക്്-കയ്റോ വിമാനം അറ്റ്ലാന്റിക് സമുദ്രത്തിൽ തകർന്നുവീണു 200 പേർ മരിച്ചു. പൈലറ്റ്് മനഃപൂർവം വിമാനം തകർക്കുകയായിരുന്നുവെന്നാണ് രണ്ടു വർഷത്തെ അന്വേഷണത്തിനുശേഷം കണ്ടെത്തിയത്.

വിമാനത്തിനകത്തു പെട്ടെന്നു ഒാക്സിജൻ ഇല്ലാതാവുകയും എല്ലാവരും ബോധരഹിതരാവുകയും ചെയ്തു. തുടർന്നു യന്ത്രനിയന്ത്രണത്തിൽ വിമാനം മണിക്കൂറുകളോളം മുന്നോട്ടുപോയി. ഒടുവിൽ, ഇന്ധനം തീർന്നതോടെ തകർന്നു കടലിൽ വീഴുകയുംചെയ്തു-ഇതായിരുന്നു മറ്റൊരു തിയറി.

മറ്റ് അഭിപ്രായങ്ങള്‍

കോ-പൈലറ്റായിരിക്കുമോ കുറ്റവാളി?

സ്വകാര്യ പ്രശ്‌നങ്ങള്‍ നേരിടുന്നയാളായിരുന്നു 27 വയസുകാരനായ കോ പൈലറ്റ് ഹമീദ്. പൈലറ്റിനെ വീഴ്ത്തി വിമാനത്തെ ദുരന്തത്തിലേക്കു നയിച്ചത് അദ്ദേഹമാണെന്ന ഒരു വാദമുണ്ട്. നാടകീയമായി ആത്മഹത്യ ചെയ്യാന്‍ അദ്ദേഹം സ്വീകരിച്ച വഴിയാണ് ഇതെന്നാണ് ഈ വാദം മുന്നോട്ടുവയ്ക്കുന്നവര്‍ പറയുന്നത്. ഇദ്ദേഹത്തിനു യാത്രയ്ക്കിടയില്‍ ചെറുപ്പക്കാരികളെ കോക്പിറ്റിലേക്കു കൂട്ടിക്കൊണ്ടു പോകുന്ന സ്വഭാവം ഉണ്ടായിരുന്നുവെന്നും ഇത്തവണ പ്രതീക്ഷിക്കാത്തത് എന്തോ സംഭവിച്ചതാകാം കാരണമെന്നും വേറൊരു കൂട്ടര്‍ വാദിക്കുന്നു.

പുട്ടിന്‍ തട്ടിക്കൊണ്ടു പോയി?

മറ്റൊരു സാധ്യതയായി പറയുന്നത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ നിര്‍ദ്ദേശപ്രകാരം വിമാനം തട്ടിക്കൊണ്ടുപോയി കസാക്കിസ്ഥാനിലിറക്കി എന്നാണ്. ഈ സാധ്യത മുന്നോട്ടുവച്ച ജെഫ് വൈസ് പറയുന്നത് അങ്ങനെ ഒരു സാധ്യത താന്‍ കാണുന്നുണ്ടെങ്കിലും പുട്ടിന്‍ ഈ അരവട്ടന്‍ പണി എന്തിനു കാണിക്കണമെന്ന് തനിക്കറിയില്ല എന്നാണ്.

ഭീകരർ വിമാനം ഉപയോഗിച്ച് ചൈനീസ് നാവികസേനക്കു നേരെ സൂയിസൈഡ് ബോംബിങ് നടത്തി

ഈ അവകാശവാദമുയര്‍ത്തിയത് കാതറിന്‍ റ്റീ എന്ന ബ്രിട്ടിഷ് പായ്‌വഞ്ചി സഞ്ചാരിയാണ്. കേരളത്തിലെ കൊച്ചിയില്‍ നിന്ന് ഇന്ത്യ സമുദ്രം കടന്ന് താനും ഭര്‍ത്താവുമൊന്നിച്ചു പായ്‌വഞ്ചിയില്‍ പോകുമ്പോള്‍ ഒരു വിമാനം കത്തി വീഴുന്നത് കണ്ടുവെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, അവരുടെ വാദത്തില്‍ കഴമ്പില്ലെന്നു കണ്ടെത്തുകയായിരുന്നു.

വിമാനം ആന്‍ഡമാന്‍ കടലില്‍ പൊങ്ങിക്കിടക്കുന്നതു കണ്ടു

ക്വാലാലംപൂരിലേക്കു വിമാനത്തില്‍ വരികയായിരുന്ന മലേഷ്യക്കാരിയായ രാജാ ദലേലാ എന്ന സ്ത്രീയാണ് വിമാനം വെള്ളത്തിനു മുകളില്‍ കണ്ടുവെന്നു പറഞ്ഞത്. ഇത് വിമാനത്തിലെ സ്റ്റുവര്‍ഡുകളോടു പറഞ്ഞപ്പോള്‍ തന്നോടു വീണ്ടും ഉറങ്ങിക്കോളാനുള്ള മറുപടിയാണു കിട്ടിയതെന്ന് അവര്‍ പറയുന്നു. എന്നാല്‍ അവരുടെ വാദം പാടെ തെറ്റാണെന്ന് പൈലറ്റുമാര്‍ പറഞ്ഞു. ഏഴു മൈല്‍ താഴ്ചയില്‍ വിമാനം കിടക്കുന്നതൊന്നും കാണാന്‍ സാധ്യമല്ലെന്നാണ് അവര്‍ പറഞ്ഞത്.

വിമാനത്തിന് നിര്‍ണായകമായ സിസ്റ്റം തകരാര്‍ സംഭവിച്ചു കടലില്‍ പതിച്ചു

വിമാനത്തിന്റെ പല പ്രവര്‍ത്തനങ്ങളെയും ഇല്ലാതാക്കുകയും അങ്ങനെ കടലില്‍ പതിക്കുകയുമായിരുന്നുവെന്നാണ് മറ്റൊരു വാദം. ഇതിനുള്ള സാധ്യതയും കുറവാണെന്നാണ് പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com