ADVERTISEMENT

ബെംഗളൂരു ആസ്ഥാനമായ വൈദ്യുത ഇരുചക്രവാഹന നിർമാതാക്കളായ ആതർ എനർജി ചെന്നൈയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നു. ആതർ 450 വൈദ്യുത സ്കൂട്ടറിനുള്ള പ്രീ ഓർഡറുകളും കമ്പനി ചെന്നൈയിൽ സ്വീകരിച്ചു തുടങ്ങി.ആറു വർഷം മുമ്പ് 2013ൽ ചെന്നൈയിലായിരുന്നു ആതറിന്റെ അരങ്ങേറ്റം; എന്നാൽ വാണിജ്യാടിസ്ഥാനത്തിലുള്ള അവതരണത്തിനു കമ്പനി ബെംഗളൂരുവിനെയാണു തിരഞ്ഞെടുത്തത്. 2018 ജൂണിൽ ബെംഗളൂരുവിൽ വിൽപ്പനയ്ക്കെത്തിയ ആതർ 340 സ്കൂട്ടറാണ് ഇപ്പോൾ ചെന്നൈയിലും ലഭ്യമാവുന്നത്.

ബെംഗളൂരുവിൽ ബാറ്ററി, വാഹന നിർമാണശാലകൾ സ്ഥാപിച്ച ആതർ എനർജി, സ്വന്തം സംരംഭമായ എക്സ്പീരിയൻസ് സെന്ററുകൾ വഴിയാണു വാഹന വിൽപ്പന നടത്തുന്നത്. മറ്റു നിർമാതാക്കളെ പോലെ ആതർ എനർജി ഇതുവരെ ഡീലർഷിപ്പുകൾക്കു തുടക്കം കുറിച്ചിട്ടില്ല. ചെന്നൈയിലെ ഉപയോക്താക്കളിൽ അവബോധം സൃഷ്ടിക്കാനായി ആതർ 340 സ്കൂട്ടറുകൾ കമ്പനി ടെസ്റ്റ് ഡ്രൈവിന് നഗരത്തിലെത്തിച്ചിട്ടുണ്ട്. 1.19 ലക്ഷം രൂപയാണ് ‘ആതർ 340’ സ്കൂട്ടറിന്റെ ചെന്നൈയിലെ വില. 

ഒപ്പം വൈകാതെ അരങ്ങേറ്റത്തിനൊരുങ്ങുന്ന ആതർ 450 സ്കൂട്ടറും പ്രദർശിപ്പിച്ചിട്ടുണ്ട്. നുങ്കമ്പാക്കത്തെ വാലസ് ഗാർഡനിലുള്ള ആതർ സ്പേസ് എന്നു പേരിട്ട എക്സ്പീരിയൻസ് സെന്റർ ഈ 24നു പ്രവർത്തനം തുടങ്ങും. പുതിയ സ്കൂട്ടറായ ‘ആതർ 450’ മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗം കൈവരിക്കുമെന്നാണു നിർമാതാക്കളുടെ അവകാശവാദം; ഒറ്റത്തവണ ചാർജ് ചെയ്താൽ സ്കൂട്ടർ 75 കിലോമീറ്റർ ഓടും. നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 40 കിലോമീറ്റർ വേഗം കൈവരിക്കാൻ ഈ സ്കൂട്ടറിന് 3.9 സെക്കൻഡ് മതിയെന്നും ആതർ എനർജി വെളിപ്പെടുത്തുന്നു. സ്കൂട്ടറിന് 1,31,683 രൂപയാണു ചെന്നൈയിലെ വില; ‘ഫെയിം ഇന്ത്യ’ പദ്ധതി പ്രകാരമുള്ള സബ്സിഡി കഴിഞ്ഞുള്ള വിലയാണിത്. രണ്ട് ഹെൽമറ്റ്, ഇൻഷുറൻസ്, റോഡ് നികുതി, ചരക്ക് സേവന നികുതി തുടങ്ങിയവയെല്ലാമടക്കമുള്ള നിരക്കാണിതെന്നും ആതർ എനർജി വിശദീകരിക്കുന്നു.

കേന്ദ്ര ബജറ്റിൽ വൈദ്യുത വാഹനങ്ങളുടെ ജി എസ് ടി 12 ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനമാക്കാൻ ശുപാർശയുള്ള സാഹചര്യത്തിൽ ആതർ 450 വിലയിൽ കുറവു പ്രതീക്ഷിക്കാമെന്നും കമ്പനി വ്യക്തമാക്കി. അതേസമയം സ്കൂട്ടറിന്റെ നവംബർ വരെയുള്ള ഉൽപ്പാദനം വിറ്റഴിഞ്ഞെന്നും അതിനു ശേഷം നിർമിക്കുന്നവയ്ക്കുള്ള ബുക്കിങ്ങാണു നിലവിൽ സ്വീകരിക്കുന്നതെന്നുമാണ് ആതർ എനർജിയുടെ അവകാശവാദം. ബെംഗളൂരുവിലെ വിജയകരമായ അവതരണത്തിനു ശേഷം ചെന്നൈയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നതിൽ ആഹ്ലാദമുണ്ടെന്ന് ആതർ എനർജി സഹ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ തരുൺ മേത്ത അഭിപ്രായപ്പെട്ടു. ആതറിന്റെ ജന്മനാടാണു ചെന്നൈയെന്നും അദ്ദേഹം ഓർമിപ്പിച്ചു; പോരെങ്കിൽ ബെംഗളൂരുവിനെ അപേക്ഷിച്ച് ആതറിന്റെ വലിയ വിപണിയാകാനുള്ള സാധ്യതയും ചെന്നൈയ്ക്കാണെന്ന് മേത്ത വിലയിരുത്തി. 

ചെന്നൈയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ‘ആതർ ഗ്രിഡ് പോയിന്റ്’ എന്നു പേരിട്ട 10 അതിവേഗ ചാർജിങ് പോയിന്റുകളും ആതർ എനർജി സ്ഥാപിച്ചിട്ടുണ്ട്. കൊളത്തൂർ(ബൈക്ക്സ് ആൻഡ് ബർഗേഴ്സ്), അണ്ണാ നഗർ(കൊക്കോ ജോണ്ട് 1728), കിൽപോക്ക്(സോൾ ഗാർഡൻ ബിസ്ട്രോ), വടപളനി(ഫോറം വിജയ മാൾ), ഗിണ്ടി(അറ്റ് വർക്സ്), നീലാങ്കരൈ(ഈസ്റ്റ് കോസ്റ്റ് അറ്റ് മദ്രാസ് സ്ക്വയർ), ആൾവാർപെട്ട്(സണ്ണി ബീ), അമിഞ്ചിക്കരൈ(അംപ സ്കൈവാക്ക് മാൾ), സൗത്ത് ബോഗ് റോഡ്(നാച്ചുറൽസ്), തൊരൈപാക്കം(ക്രിയേറ്റ്സ്) എന്നിവിടങ്ങളിലാണ് ഈ ഗ്രിഡ് പോയിന്റുകൾ പ്രവർത്തിക്കുക. വൈദ്യുത വാഹന വിൽപ്പന പ്രോത്സാഹിപ്പിക്കാനായി ഇക്കൊല്ലം ഡിസംബർ വരെ സൗജന്യ ചാർജിങ്  സൗകര്യവും ആതർ എനർജി വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിസംബറോടെ ചെന്നൈയിൽ 40 — 50 ഗ്രിഡ് പോയിന്റുകൾ കൂടി സ്ഥാപിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com