ADVERTISEMENT

ഇതോപ്യയിലും ഇന്തൊനീഷ്യയിലുമുണ്ടായ അപകടങ്ങളെത്തുടർന്ന് ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സർവീസുകൾ നിർത്തിവയ്ക്കേണ്ടിവന്നതുമൂലം ലോകത്തെമ്പാടുമുള്ള വിമാനക്കമ്പനികളുടെ വരുമാനത്തിൽ വൻ ഇടിവ്. ഇന്ത്യയിൽ മാത്രം ഏതാണ്ട് 90 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടം ഇതിനകം വിമാനക്കമ്പനികൾക്കുണ്ടായി. വിമാനത്തിന്റെ തകരാറുകൾ പരിഹരിച്ച് സർട്ടിഫിക്കേഷൻ നൽകുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തി താഴത്തിറക്കിയ വിമാനങ്ങൾ സർവീസിനു സജ്ജമാക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം ഫെഡറൽ ഏവിയേഷൻ അതോറിറ്റി(എഫ്എഎ)യോടും ബോയിങ് കമ്പനിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്തിന്റെ സാങ്കേതിക സംവിധാനങ്ങളിലെ തകരാറാണ് അപകടങ്ങൾക്കു കാരണമെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് സർവീസുകൾ അതതു രാജ്യങ്ങളിലെ വ്യോമയാന അതോറിറ്റികൾ നിർത്തിവയ്പിച്ചത്.

ഇന്ത്യയിൽ സ്പൈസ്ജെറ്റും ജെറ്റ് എയറുമാണ് മാക്സ് 737 വിമാനങ്ങൾ സർവീസിനുപയോഗിച്ചിരുന്നത്. വിവിധ വിമാനക്കമ്പനികൾക്കായി 400 മാക്സ് വിമാനങ്ങളാണ് ബോയിങ് വിറ്റിട്ടുള്ളത്. ഈ വിമാനങ്ങൾ മുഴുവൻ സർവീസ് നടത്താത്തതു മൂലം ഏതാണ്ട് 400 കോടിയിലേറെ രൂപയാണ് ലോകമെമ്പാടുമുള്ള വിമാനക്കമ്പനികളുടെ പ്രതിദിന വരുമാനത്തിൽ കുറവു വന്നിരിക്കുന്നത്. ഇതു വരുമാനത്തിലെ കുറവു മാത്രമാണ്. നിശ്ചിത സർവീസുകൾ നടത്തുന്നതിന് വിമാനക്കമ്പനികൾ ഏർപ്പെടുത്തിയ പകരം സംവിധാനങ്ങളുടെ ചെലവുകൾ വേറെയും വരും. സർവീസ് നടത്താത്ത സെക്ടറുകളിൽ ദീർഘകാലത്തേക്ക് യാത്രക്കാരെ നഷ്ടപ്പെടുന്നതിന്റെ നഷ്ടവുമുണ്ടാകും. വിമാനങ്ങളുടെ അപകടങ്ങൾക്കിടയാക്കിയതെന്നു കരുതുന്ന ഫ്ലൈറ്റ് കൺട്രോൾ സംവിധാനങ്ങളിലെ സോഫ്റ്റ്‌വെയറിന്റെ തകരാറുകൾ പരിഹരിക്കാൻ കഴിഞ്ഞ 8 മാസത്തിലേറെയായി കമ്പനി ശ്രമിച്ചു വരികയാണ്. പുതിയ സംവിധാനം രൂപപ്പെടുത്തുകയും ചെയ്തെങ്കിലും ഫെ‍ഡറൽ ഏവിയേഷൻ അതോറിറ്റി (എഫ്എഎ) ഇതിൽ സംതൃപ്തരായിട്ടില്ല. 

ഇതിനു പുറമെ ബോയിങ്ങും എഫ്എഎയും നടത്തിയ പരിശോധനകളിൽ ബോയിങ്ങിന് പുറത്തുള്ള ഒരു ഏജൻസി വിതരണം ചെയ്ത 148 ചെറുഘടകങ്ങൾ ആവശ്യത്തിന് ഗുണമേന്മയില്ലാത്തതാണെന്നു കണ്ടെത്തിയിരുന്നു. ഈ ഭാഗങ്ങൾ 737 മാക്സ് വിമാനങ്ങൾക്കു പുറമെ 737 എൻജി വിമാനങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. ആകെ 133 എൻജി വിമാനങ്ങളിലും 179 മാക്സ് വിമാനങ്ങളിലുമാണ് ഈ ഘടകങ്ങളുള്ളതെന്ന്  തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഘടകങ്ങളും വിമാനങ്ങളിൽ മാറ്റി സ്ഥാപിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്. 

നവീകരിച്ച സാങ്കേതിക സംവിധാനവും മാറ്റേണ്ട വിമാനഭാഗങ്ങളും മാറ്റിയ ശേഷം വിമാനത്തിന്റെ പ്രവർത്തനം ഇതിനായി രൂപീകരിച്ച സ്വതന്ത്ര സാങ്കേതിക പാനൽ പഠിക്കുകയും അതിനു ശേഷം എഫ്എഎയ്ക്ക് റിപ്പോർട്ടു നൽകുകയും ചെയ്യും. അപകടസാധ്യതകളെല്ലാം കണ്ടുപിടിച്ച് പരിഹരിക്കുക എന്നതാണ് ലക്ഷ്യമെന്നും ഇതിനായി കാലാവധി നിശ്ചയിച്ചിട്ടില്ലെന്നും എഫ്എഎ വ്യക്തമാക്കിയതോടെ മാക്സ് വിമാനങ്ങൾ സർവീസിൽ തിരിച്ചെത്താൻ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും. 

മാക്സ് വിമാനങ്ങളുടെ സുരക്ഷാസംവിധാനങ്ങളുടെ നവീകരണം നടക്കുന്നതിനിടെ മാക്സ് വിമാനമുൾപ്പെടുന്ന 737 വിഭാഗം വിമാനങ്ങളുടെ മേധാവിയായിരുന്ന എറിക് ലിൻഡ്ബ്ലാഡിനെ ബോയിങ് കമ്പനി പുറത്താക്കി. തുടർച്ചയായ രണ്ട് അപകടങ്ങളുണ്ടായതോടെയാണ് എറിക്കിന്റെ കസേരയ്ക്കും ഇളക്കം തട്ടിയത്. മാർക് ജെങ്ക്സ് ആണ് 737 വിഭാഗത്തിന്റെ പുതിയ മേധാവി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com