ADVERTISEMENT

രാജ്യാന്തര വിപണികളിലുള്ള ആഡംബര വസ്തുക്കളൊന്നും ഉത്തരകൊറിയയില്‍ വില്‍ക്കാന്‍ പാടില്ല എന്ന യുഎൻ ഉപരോധം തുടരുമ്പോൾ ഉത്തര കൊറിയയിലേക്ക് ആഡംബര വസ്തുക്കളുടെ ഒഴുക്കാണ് എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു കിം ജോങ് ഉന്നിന്റെ ബെൻസ്. അതിസുരക്ഷ വിഭാഗത്തിൽ വരുന്ന രണ്ടു മെഴ്‌സിഡീസ് ബെന്‍സ് എസ് 600 പുള്‍മാന്‍ ഗാര്‍ഡാണ് കിം ഉപയോഗിക്കുന്നത്. എന്നാൽ ഈ കാറുകൾ ഉത്തരകൊറിയയിൽ എങ്ങനെ എത്തിച്ചു എന്നത് ഉത്തരമില്ലാത്ത ചോദ്യമായി തുടരുകയായിരുന്നു.

kim-benz-1

ഈ വാഹനങ്ങള്‍ കൊറിയയില്‍ എങ്ങനെയെത്തിയെന്ന്് അറിവില്ലെന്ന് ഡയ്മ്‌ലര്‍ വക്താക്കളും വ്യക്തമാക്കിയിരുന്നു. എന്നാലിപ്പോൾ ആ രഹസ്യത്തിന്റെ ചുരുൾ അഴിച്ചിരിക്കുന്നു വാഷിങ്ടൺ ആസ്ഥാനമായുള്ള സെന്റർ ഫോർ അഡ്വാൻസിഡ് ഡിഫൻസ് സ്റ്റഡീസ്. കടൽ മാർഗമാണ് കാറുകൾ കടത്തിയതെന്നാണണ് സി4എഡിഎസ് പറയുന്നത്. ഡച്ച് പോർട്ടിൽ നിന്ന് തുടങ്ങിയ കാറുകളുടെ യാത്ര  ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ നാലു രാജ്യങ്ങളിലെ തുറമുഖങ്ങളിലൂടെ റഷ്യയിലും അവിടുന്ന് വിമാനത്തിലുമായിരുന്നു എന്നാണ് സി4എഡിഎസിന്റെ കണ്ടെത്തൽ. മൂന്നു മാസത്തിനൊടുവിലാണ് കാറുകൾ ഉത്തരകൊറിയൻ മണ്ണിൽ ലാൻഡ് ചെയ്തത്. ഇതേ തരത്തിൽ 2015 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ ഏകദേശം 803 ആഡംബരകാറുകൾ അടക്കം 191 ദശലക്ഷം കോടി ഡോളറിന്റെ ആഡംബര വസ്തുകൾ ഉത്തര കൊറിയയിൽ എത്തിച്ചിട്ടുണ്ടെന്നണ്  സി4എഡിഎസ് പറയുന്നത്. എട്ടു മാസത്തെ അന്വേഷണത്തിനൊടുവിലാണ് കാറുകൾ എത്തിയ വഴി സി4എഡിഎസ് കണ്ടെത്തിയത്.

ഇന്ത്യന്‍ പ്രസിഡന്റ് ഉള്‍പ്പടെ നിരവധി രാജ്യത്തലവന്മാര്‍ ഉപയോഗിക്കുന്ന മെഴ്‌സിഡീസ് ബെന്‍സ് എസ് 600 പുള്‍മാന്‍ ഗാര്‍ഡ് തന്നെയാണ് കിം ജോങ് ഉന്നും ഉപയോഗിക്കുന്നത്. സുരക്ഷയ്ക്ക് അതീവ പരിഗണന നല്‍കി നിര്‍മിച്ചിരിക്കുന്ന വാഹനമാണ് എസ് 600 പുള്‍മാന്‍ ഗാര്‍ഡ്. രാജ്യത്തലവന്മാരും വിശിഷ്ട വ്യക്തികളും ഉപയോഗിക്കുന്ന ഈ കാറിന്റെ ഏറ്റവും പുതിയ മോഡലിന്റെ ഇന്ത്യന്‍ വില ഏകദേശം 25 കോടി രൂപയാണ്. ഹാന്‍ഡ് ഗ്രനേഡുകള്‍, വെടിയുണ്ട, ലാന്‍ഡ് മൈന്‍, ചെറു മിസൈലുകള്‍ എന്നിവയെ ചെറുക്കാന്‍ ശേഷിയുള്ള ബോഡിയാണ് കാറിന്റേത്. കൂടാതെ രാസായുധങ്ങള്‍, സ്‌നിപ്പറുകള്‍ തുടങ്ങിയവയേയും തടയും. ഇന്‍ ബില്‍റ്റ് ഫയര്‍സെക്യൂരിറ്റിയുണ്ട് കാറില്‍. വാഹനത്തിനുള്ളില്‍ ഓക്‌സിജന്റെ അളവു കുറഞ്ഞാല്‍ യാത്രക്കാര്‍ക്കു ശുദ്ധവായു നല്‍കാന്‍ പ്രത്യേക ടാങ്കുണ്ട്. തീപിടിക്കാത്ത ഇന്ധന ടാങ്കുകളാണ്.

കാഴ്ചയില്‍ എസ് 600 പുള്‍മാന്‍ ലിമോയില്‍നിന്ന് വലിയ വ്യത്യാസം തോന്നാത്ത എക്സ്റ്റീരിയറാണ്. എന്നാല്‍ സാധാരണ കാറിനെക്കാള്‍ ഇരട്ടിയിലധികം ഭാരക്കൂടുതലുണ്ട് ഗാര്‍ഡിന്. ഏകദേശം 5.6 ടണ്ണാണ് പുള്‍മാന്‍ ഗാര്‍ഡിന്റെ ഭാരം. 6.50 മീറ്റര്‍ നീളവുമുണ്ട് ഈ ലിമോയ്ക്ക്. ഡ്രൈവർ ക്യാബിനും പാസഞ്ചര്‍ ക്യാബിനും തമ്മില്‍ സൗണ്ട് പ്രൂഫ് സംവിധാനം ഉപയോഗിച്ച് വേര്‍തിരിച്ചിരിക്കുന്നു.

സുരക്ഷയ്ക്ക് മാത്രമല്ല അത്യാഡംബരത്തിനും പ്രാധാന്യം നല്‍കിയാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. പിന്നില്‍ രണ്ട് പ്രധാന സീറ്റുകളും മടക്കി വെയ്ക്കാവുന്ന രണ്ട് സീറ്റുകളുമാണുള്ളത്. ഏറ്റവും മികച്ച ലതറിലാണ് ഉള്‍ഭാഗം നിര്‍മിച്ചിരിക്കുന്നത്. പിന്‍സീറ്റ് യാത്രക്കാര്‍ക്കായി കാറിന്റെ റൂഫില്‍ പുറത്തെ താപനില, വാഹനത്തിന്റെ നിലവിലെ വേഗം എന്നിവ കാണിക്കുന്ന ഡിസ്‌പ്ലെയുണ്ട്. കൂടാതെ ജിപിഎസ് സാറ്റലൈറ്റ് നാവിഗേറ്റര്‍, നിരവധി എയര്‍ബാഗുകള്‍ എന്നിവയുമുണ്ട്. മെബാക്ക് എസ് 600 പുള്‍മാന്‍ ഗാര്‍ഡ് ലിമോയെ ചലിപ്പിക്കുന്നത് 6 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി 12 എന്‍ജിനാണ്. 530 ബിഎച്ച്പി കരുത്തും 1900 ആര്‍പിഎമ്മില്‍ 830 എന്‍എം ടോര്‍ക്കും നല്‍കും ഈ എന്‍ജിന്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com