ADVERTISEMENT

ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ വൈദ്യുത വാഹനമായ കോനയെ തേടി ഇതുവരെ 120 ബുക്കിങ്ങുകൾ. കഴിഞ്ഞ ഒൻപതിന് അരങ്ങേറ്റം കുറിച്ച വൈദ്യുത സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ കോന രാജ്യത്തെ 11 നഗരങ്ങളിലെ 15 ഡീലർഷിപ്പുകൾ വഴിയാണ് വിൽപ്പനയ്ക്കെത്തുക. ആദ്യ 10 ദിവസത്തിനിടെ ഓരോ നഗരത്തിലും ശരാശരി പത്തോളം ബുക്കിങ്ങുകൾ സ്വന്തമാക്കാൻ കോനയ്ക്കു സാധിച്ചെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്.

ദീർഘദൂരം സഞ്ചരിക്കാൻ കഴിവുള്ള, മലിനീകരണ വിമുക്തമായ എസ് യു വിയായ കോനയ്ക്ക് ഇന്ത്യയിൽ തകർപ്പൻ തുടക്കമാണു ലഭിച്ചതെന്നാണ് എച്ച് എം ഐ എൽ വിൽപ്പന വിഭാഗം മേധാവി വികാസ് ജെയിനിന്റെ വിലയിരുത്തൽ. അരങ്ങേറി 10 നാളിനകം 120 ബുക്കിങ്ങുകൾ കോനയെ തേടിയെത്തിയത് ഹ്യുണ്ടേയ് അവതരിപ്പിച്ച അത്യാധുനിക സാങ്കേതികവിദ്യയിൽ ഇന്ത്യൻ ഉപയോക്താവിനുള്ള വിശ്വാസമാണു തെളിയിക്കുന്നത്. 

‌വൈദ്യുത കാർ നേരിട്ടു കാണാനും വാഹനത്തെപ്പറ്റി കൂടുതൽ അറിയാനുമായി ധാരാളം പേർ ഹ്യുണ്ടേയ് ഷോറൂമുകളിലെത്തുന്നുണ്ടെന്നും ജെയിൻ വെളിപ്പെടുത്തി. ഒപ്പം ഡിജിറ്റൽ മാധ്യമങ്ങളിലൂടെയും കോനയ്ക്കായി ധാരാളം അന്വേഷണങ്ങളെത്തുന്നുണ്ട്. കോന ടെസ്റ്റ് ഡ്രൈവ് ചെയ്യാനും തിരക്കേറെയാണ്.  പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള മുൻവിധി മാറ്റിവച്ചു വൈദ്യുത വാഹനങ്ങൾ സ്വീകരിക്കാനുള്ള സന്നദ്ധതയാണ് ഈ ഉത്സാഹത്തിൽ പ്രകടമാവുന്നതെന്നും ജെയിൻ കരുതുന്നു. ആഗോളതലത്തിൽ ഇതുവരെ പതിനയ്യായിരത്തോളം കോനയാണു ഹ്യുണ്ടേയ് വിറ്റത്. ഇന്ത്യയ്ക്കു പുറമെ കാനഡ, യു എസ്, യൂറോപ്, റഷ്യ, കൊറിയ, ഓസ്ട്രേലിയ തുടങ്ങിയ വിപണികളിലാണു നിലവിൽ കോന വിൽപ്പനയ്ക്കുള്ളത്.

പ്രാരംഭ ആനുകൂല്യമെന്ന നിലയിൽ 25.30 ലക്ഷം രൂപയാണു കോനയ്ക്ക്  ഇന്ത്യയിൽ ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര ബജറ്റിൽ വൈദ്യുത വാഹനങ്ങൾക്കു പ്രഖ്യാപിച്ച ജി എസ് ടി ഇളവ് ലഭിച്ചാൽ കാർ വില 1.40 ലക്ഷം രൂപ കുറയാനു സാധ്യതയുണ്ട്. കോന എത്തുന്നത് 39.2 കിലോവാട്ട് അവർ ലിഥിയം അയോൺ ബാറ്ററി പായ്ക്ക് സഹിതമാണ്. 136 ബി എച്ച് പിയോളം കരുത്തും 395 എൻ എം ടോർക്കുമാണ് ഈ പവർ ട്രെയ്ൻ സൃഷ്ടിക്കുക. ഒറ്റ ചാർജിൽ 452 കിലോമീറ്റർ ഓടാൻ പ്രാപ്തിയുള്ള കോനയ്ക്ക് 9.7 സെക്കൻഡിനകം നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാനാവുമെന്നും ഹ്യുണ്ടേയ് അവകാശപ്പെടുന്നു. 

കാഴ്ചയിൽ സാധാരണ കോനയോടു സാമ്യമേറെയാണെങ്കിലും വൈദ്യുത പതിപ്പിൽ നിന്നു ഗ്രിൽ ഒഴിവാക്കിയിട്ടുണ്ട്. ഒപ്പം ബാറ്ററിയിൽ ഓടുന്ന കോനയുടെ അലോയ് വീലിനു സവിശേഷ രൂപകൽപ്പനയും ഹ്യുണ്ടേയ് തിരഞ്ഞെടുത്തിട്ടുണ്ട്. വേഗമേറിയ 50 കിലോവാട്ട് അവർ ഡി സി ചാർജർ ഉപയോഗിച്ചാൽ 57 മിനിറ്റിൽ ‘കോന’യിലെ ബാറ്ററി 80% വരെ ചാർജ് ചെയ്യാനാവും; സാധാരണ ചാർജറിൽ ബാറ്ററി പൂർണ തോതിൽ ചാർജ് ആവാൻ ആറു മണിക്കൂർ 10 മിനിറ്റാണു വേണ്ടി വരിക. കിലോമീറ്റർ പരിധിയില്ലാതെ മൂന്നു വർഷ വാറന്റിയോടെയാണു കോന എത്തുന്നത്. കാറിലെ ബാറ്ററി പായ്ക്കിനാവട്ടെ എട്ടു വർഷം അഥവാ 1.6 ലക്ഷം കിലോമീറ്റർ നീളുന്ന വാറന്റിയും ഹ്യുണ്ടേയ് വാഗ്ദാനം ചെയ്യുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com