ADVERTISEMENT

ന്യൂഡൽഹി ∙ പെട്രോൾ / ഡീസൽ വാഹനങ്ങളും വൈദ്യുത വാഹനങ്ങളും ഇന്ത്യയിൽ ഒരുമിച്ചു വളരുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ആശയക്കുഴപ്പം അകറ്റിയെന്ന് വാഹന വ്യവസായികൾ. ഈ നയം കൂടുതൽ നിക്ഷേപവും തൊഴിൽ അവസരങ്ങളും ഉറപ്പാക്കുമെന്ന് വാഹന നിർമാതാക്കളുടെ സംഘടനയായ ‘സിയ’മിന്റെ പ്രസിഡന്റ് രാജൻ വധേര പറഞ്ഞു.

വാഹന വ്യവസായത്തിലും അനുബന്ധ മേഖലകളിലുമുള്ള കോടിക്കണക്കിന് ആളുകളിൽ ആത്മവിശ്വാസമേകുന്ന പ്രസ്താവനയാണ് മോദിയുടേതെന്ന് ടിവിഎസ് മോട്ടോർ കമ്പനി ചെയർമാൻ വേണു ശ്രീനിവാസൻ, ടൊയോട്ട കിർലോസ്കർ ജോയിന്റ് എംഡി: എൻ. രാജ എന്നിവർ പറഞ്ഞു. പരമ്പരാഗത സാങ്കേതിക വിദ്യകൾക്കും പുതിയ സാങ്കേതിക വിദ്യകൾക്കും വളരാൻ ധാരാളം അവസരമൊരുക്കുന്നത്ര വലുപ്പം ഇന്ത്യൻ വാഹന വിപണിക്കുണ്ടെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അഭിമുഖത്തിൽ പറഞ്ഞിരുന്നു.

2023 ആകുന്നതോടെ മുച്ചക്ര വാഹനങ്ങളും 2025ൽ ചെറിയ ഇരുചക്ര വാഹനങ്ങളും പൂർണമായും വൈദ്യുതിയിൽ ഓടുന്നതായിരിക്കണമെന്ന് സർക്കാരിന്റെ ബുദ്ധികേന്ദ്രം നിതി ആയോഗ് ശുപാർശ ചെയ്തത് വാഹന വ്യവസായികളിൽ കനത്ത ആശങ്ക പടർത്തിയിരുന്നു. ബാറ്ററി വാഹനങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിന് പെട്രോൾ–ഡീസൽ വാഹനങ്ങൾ നിരുൽസാഹപ്പെടുത്തുന്ന വാഹന നയം വരുമോ എന്ന് വിപണി ഉറ്റുനോക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ ആശ്വാസ പ്രസ്താവന വന്നത്.

രാജ്യത്ത് ഏറ്റവുമധികം തൊഴിൽ നൽകുന്ന വ്യവസായമാണ് വാഹന നിർമാണവും അനുബന്ധമേഖലകളും. മൂന്നരക്കോടി ആളുകൾ ഈ രംഗത്തു തൊഴിലൊടുക്കുന്നതായാണു കണക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com