ADVERTISEMENT

ഇന്ത്യയിൽ വൈദ്യുത വാഹനങ്ങൾ അവതരിപ്പിക്കാൻ ഫ്രഞ്ച് നിർമാതാക്കളായ റെനോ ഒരുങ്ങുന്നു. 2022നകം വിപണി വിഹിതം ഇരട്ടിയാക്കി ഉയർത്തുകയെന്ന ലക്ഷ്യത്തോടെ രണ്ടു പുതിയ മോഡലുകളാവും റെനോ ഇന്ത്യയിലെത്തിക്കുക. ഇതിലൊന്ന് വൈദ്യുത വാഹനമാകുമത്രേ. വൈദ്യുത വാഹനം ഇന്ത്യയിൽ നിർമിക്കാനാണു റെനോ തീരുമാനിച്ചിരിക്കുന്നതെന്നു കമ്പനിയുടെ കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ വെങ്കട്ട്റാം മാമില്ലപ്പള്ളി അറിയിച്ചു.

 

നിലവിൽ ചെറു ഹാച്ച്ബാക്കായ ക്വിഡ്, സ്പോർട്സ് യൂട്ടിലിറ്റി വാഹനം ഡസ്റ്റർ, പ്രീമിയം സ്പോർട്സ് യൂട്ടിലിറ്റി വാഹനം കാപ്ചർ, വിവിധോദ്ദേശ്യ വാഹനം ലോജി എന്നിവയാണു റെനോ ഇന്ത്യയിൽ വിൽക്കുന്നത്. ഒപ്പം, നാലു മീറ്ററിൽ താഴെ നീളമുള്ള പുതിയ മോഡലായ ട്രൈബർ പുറത്തിറക്കാനും കമ്പനി തയാറെടുക്കുന്നുണ്ട്.

 

മൂന്നു വർഷത്തിനകം ഇന്ത്യയിലെ വിപണി വിഹിതം അഞ്ചു ശതമാനത്തിലെത്തിക്കാനാണു റെനോയുടെ ശ്രമമെന്ന് വെങ്കട്ട്റാം മാമില്ലപ്പള്ളി പറഞ്ഞു. നിലവിൽ റെനോയ്ക്ക് ഇന്ത്യയിൽ രണ്ടര ശതമാനത്തോളം വിപണി വിഹിതമാണുള്ളത്. മൂന്നു വർഷത്തിനുള്ളിൽ ഇത് ഇരട്ടിയാക്കാമെന്നാണു റെനോയുടെ പ്രതീക്ഷ. ഇതിനായി പുത്തൻ സ്പോർട് യൂട്ടിലിറ്റി വാഹനമായ എച്ച്ബിസിയും ബാറ്ററിയിൽ ഓടുന്ന മോഡലും അവതരിപ്പിക്കാനാണു കമ്പനിയുടെ നീക്കം.

 

അരങ്ങേറ്റത്തിനൊരുങ്ങുന്ന ട്രൈബറിന്റെ പ്ലാറ്റ്ഫോമിലാവും പുതിയ എസ്‌യുവി സാക്ഷാത്കരിക്കുക. 2022നകം വൈദ്യുത വാഹന വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനുള്ള മുൻ തീരുമാനത്തിന്റെ തുടർച്ചയാണ് ബാറ്ററിയിൽ ഓടുന്ന കാറിന്റെ അവതരണം. ഇന്ത്യയിലെ ഇലക്ട്രിക് കാറിന്റെ ബോഡിയും മറ്റും നിർമിക്കുന്നത് പ്രാദേശികമായി സമാഹരിച്ച വസ്തുക്കൾ കൊണ്ടാവുമെങ്കിലും കാറിന്റെ ചില തന്ത്രപ്രധാന ഘടകങ്ങൾക്കായി ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുമെന്നും മാമില്ലപ്പള്ളി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com