ADVERTISEMENT

യാത്രക്കാരുടെ സുരക്ഷയ്ക്കാണ് സീറ്റ് ബെൽറ്റ്. അപകടങ്ങളുണ്ടാകുമ്പോൾ സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടെങ്കിൽ പരിക്കു കുറയുമെന്നത് ശാസ്ത്രീയമായി തെളിഞ്ഞിട്ടുള്ളതാണ്. കൂടാതെ എയർബാഗ് പോലുള്ള സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിക്കണമെങ്കിൽ സീറ്റ് ബെൽറ്റ് കൂടിയേ തീരൂ. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കുന്ന പോലീസ് ഡ്രൈവറെക്കൊണ്ട് ബെല്‍റ്റ് ധരിപ്പിക്കുന്ന യുവാവിന്റെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ‌.

വേഗം കുറച്ചാണ് വന്നത്, ഫോൺ വിളിക്കാൻ പതിയെ ആക്കിയതാണ് എന്നൊക്കെ ന്യായം പറയുന്നുണ്ടെങ്കിലും യുവാവിന്റെ ചോദ്യത്തിന് മുമ്പിൽ പൊലീസ് ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാൻ നിർബന്ധിതനാകുന്നു. ഹെൽമെറ്റ് ഇല്ലാതെയും സീറ്റ് ബെൽറ്റ് ഇല്ലാതെയും യാത്ര ചെയ്യുന്നത് നിയമ വിരുദ്ധമാണെന്ന് പറയുന്ന പൊലീസ് തന്നെ ഇത്തരത്തിൽ പെരുമാറുന്നത് കഷ്ടമാണെന്നാണ് യുവാവിന്റെ പ്രതികരണം.

ജീവിതത്തിലേക്കു പിടിച്ചുനിർത്തും ബെൽറ്റ്

മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ പോകുന്ന കാറിൽ നമ്മൾ സഞ്ചരിക്കുന്നു. അപ്പോൾ, നമ്മളും – നമ്മുടെ ശരീരവും – അതേവേഗത്തിലായിരിക്കും മുന്നോട്ടുപോകുന്നത്. ഈ വാഹനം പെട്ടെന്നു നിൽക്കുകയാണെങ്കിൽ (ഉദാഹരണത്തിന്, എവിടെയെങ്കിലും ഇടിച്ചോ മറ്റോ) വാഹനത്തിന്റെ സ്പീഡ് നൂറിൽനിന്നു പൂജ്യത്തിലേക്കു പൊടുന്നനെ കുറയും.

എന്നാൽ, വാഹനത്തിലുള്ള നമ്മുടെ വേഗം പൂജ്യത്തിലെത്തില്ല. അപ്പോൾ നമ്മൾ ഇരിപ്പിടത്തിൽനിന്നു മുന്നിലേക്ക് എടുത്തെറിയപ്പെടും; നൂറുകിലോമീറ്റർ വേഗത്തിൽത്തന്നെ. ഈ വേഗത്തിൽ എവിടെയെങ്കിലും ചെന്നിടിച്ചാൽ ശരീരത്തിലെ പല അവയവങ്ങൾക്കും അതു താങ്ങാനാകില്ല. ഇതിനു പുറമേയാണ്, ആന്തരികാവയവങ്ങൾ പരസ്പരം കൂട്ടിയിടിച്ചുണ്ടാകുന്ന ഗുരുതര പരുക്കുകൾ. ശ്വാസകോശം വാരിയെല്ലിൽ ഇടിക്കുന്നതും ഹൃദയം വാരിയെല്ലിൽ ഇടിക്കുന്നതുമൊക്കെ സാധാരണമാണ്.

ഇവിടെയാണു സീറ്റ് ബെൽറ്റ് അനുഗ്രഹമാകുന്നത്. ഇത്തരം സന്ദർഭങ്ങളിൽ സീറ്റ്ബെൽറ്റ് മുറുകുന്നതുമൂലം നമ്മൾ സീറ്റിൽത്തന്നെ ഉറച്ചിരിക്കും, എടുത്തെറിയപ്പെടില്ല. കൂടാതെ എയർബാഗ് പ്രവർത്തിക്കണമെങ്കിൽ സീറ്റ്ബെൽറ്റ് ധരിച്ചിരിക്കണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com