ADVERTISEMENT

'കാള പെറ്റു' എന്നു കേട്ടാൽ കയറെടുക്കുന്നവരാണ് നമ്മളിൽ ചിലരെങ്കിലും. സമൂഹമാധ്യമങ്ങളിലെ സൈബർപോരാളികളുടെ കാര്യത്തിൽ അത് അക്ഷരംപ്രതി ശരിയാണെന്ന് തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങൾ ദിവസവും കാണാം. വ്യാജനോ ഓർജിനലോ എന്നൊന്നും നോക്കാതെ കാണുന്നതു മുഴുവൻ ഷെയർ ചെയ്തും ഫോർേവഡ് ചെയ്തും ആശയക്കുഴപ്പമുണ്ടാക്കുന്നതിൽ വിദഗ്ധരാണ് ഇക്കൂട്ടർ. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് വൈറ്റില മേൽപാലം മെട്രോയിൽ ഇടിക്കും, പാലത്തിന്റെ പണി നിർത്തിവെച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന പോസ്റ്റ്.

അരൂര്‍ സൈഡില്‍ നിന്നും വൈറ്റിലയിലേക്ക് വരുന്ന വഴിയില്‍ ഗതാഗതക്കുരുക്കില്‍ കിടന്നപ്പോള്‍ വെറുതെ മൊബൈലിൽ ചിത്രമെടുത്ത് ‌ഒരു സ്മൈലിയും മൂന്ന് ചോദ്യ ചിഹ്നവും കൊച്ചി മെട്രോ പാലവും ദേശീയപാതയിൽ പണി നടക്കുന്ന പാലവും അടയാളപ്പെടുത്തി എങ്ങോട്ടൊക്കെയോ തട്ടിവിട്ടതാണ് സംഭവത്തിന് തുടക്കം. തുടർന്ന് വൈറ്റില കണ്ടവരും കാണാത്തവരുമെല്ലാം കഥ മെനഞ്ഞ് ചിത്രം ഫോർവേഡ് ചെയ്തു.

ഏതോ മണ്ടന്മാരാണ് വൈറ്റിലയിലെ മേല്‍പാലം പണിയുന്നതെന്നും പാലം ചെന്നു മെട്രോയില്‍ ഇടിക്കുന്നതിനാലാണ് പാലം പണി നിറുത്തിവച്ചിരിക്കുന്നതെന്നും കഥ വന്നു (പാലാരിവട്ടം പാലത്തിന്റെ അനുഭവമുള്ളതുകൊണ്ട് ചിലരൊക്കെ വിശ്വസിച്ചു). ചിത്രം കണ്ടാൽ അങ്ങനെ തന്നെ തോന്നും. ആംഗിളുകള്‍കൊണ്ട് ഇല്ലാത്തത് തോന്നിപ്പിക്കാനും ഉള്ളത് ഇല്ലാതാക്കാനുമൊക്കെ സാധിക്കുന്ന കലയാണ് ഫൊട്ടോഗ്രഫി. മൊബൈലില്‍ ക്ലിക്ക് ചെയ്യുന്നവര്‍ക്ക് പോലും ഇത് ഇപ്പോള്‍ മനസിലാകുന്നുണ്ട്. പക്ഷേ കഥയടിച്ചിറക്കിയവര്‍ക്ക് ഇത് മനസിലാകണമെന്നില്ല.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രവും മേൽപാലത്തിന്റെ ചിത്രവും ചേർത്ത് വെച്ച് സത്യാവസ്ഥ എന്താണെന്ന് കാണിച്ച് മനോരമ ചീഫ് ഫോട്ടോഗ്രാഫർ ജോസ്കുട്ടി പനയ്ക്കൽ സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതു കണ്ടാൽ എന്താണ് സത്യം എന്നു നിങ്ങൾക്ക് മനസിലാകും.

പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം ഇങ്ങനെ

ഫോട്ടോ എടുത്ത ആംഗിളും സൈബര്‍ പോരാളികളുടെ വിവരമില്ലായ്മയും ചേർന്നതാണ് ആ വ്യാജ വാർത്ത എന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. ദൂരെ നിന്ന് നോക്കുമ്പോൾ മെട്രോ പാലവും മേൽപാലവും അടുത്തായി തോന്നുന്നതാണെന്നും ഉയരമുള്ള ലോറികൾക്ക് കടന്നു പോകാവുന്ന ക്ലിയറൻസ് പാലത്തിന് മെട്രോ വയഡക്ടിനുമിടയിലുണ്ടെന്നുമാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. ദേശിയപാത അതോറിറ്റിയുടെ മാനദണ്ഡമനുസരിച്ച് 5.5 മീറ്റർ ക്ലിയറൻസാണ് വേണ്ടത്, അതുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. കൂടാതെ ചിത്രം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടികൾ എടുക്കാൻ ആലോചിക്കുന്നുണ്ടെന്നും പിഡബ്ല്യുഡി അറിയിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com