ADVERTISEMENT

ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്ന ആദ്യത്തെ റഫാൽ യുദ്ധവിമാനങ്ങൾ കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഒൗദ്യോഗികമായി ഏറ്റുവാങ്ങി. ഡാസോ ഏവിയേഷന്റെ ഫ്രാൻസിലെ നിർമാണ ശാലയിൽ നടന്ന ചടങ്ങിലാണ് രാജ്നാഥ് ആദ്യ വിമാനം ഏറ്റുവാങ്ങിയത്. ഇതുൾപ്പെടെ 4 റഫാൽ വിമാനങ്ങൾ അടുത്ത മേയിൽ ഇന്ത്യയിലെത്തും. 59,000 കോടി രൂപയ്ക്ക് ആകെ 36 വിമാനങ്ങളാണ് ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്നത്. 2022നകം മുഴുവൻ വിമാനങ്ങളുമെത്തും. 

rafale-4
Rafale, Image Source: Dassault Aviation

പാക്കിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങൾ ഉയർത്തുന്ന ഭീഷണിയെ മറികടക്കാൻ കാലാവധി കഴിഞ്ഞ ജെറ്റ് വിമാനങ്ങൾ സേനയിൽ നിന്നു മാറ്റണമെന്ന നിലപാട് 2017 മുതൽ വ്യോമസേന ശക്തമായി ആവശ്യപ്പെടുന്നുണ്ട്. ഇതേ തുടർന്നാണ് റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള ധാരണയിലെത്തുന്നത്. ഏറെ കാലമായി വ്യോമസേന ആവശ്യപ്പെട്ടുപോന്ന മീഡിയം മൾട്ടിറോൾ പോർവിമാനം വിഭാഗത്തിലാണ് റഫാൽ വരുന്നത്. എണ്‍പതുകളില്‍ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി മാറിയ മിറാഷ് 2000 എന്ന യുദ്ധ വിമാനം വികസിപ്പിച്ചതും ഡസോൾട്ടാണ്. ഇന്ത്യയുടെ ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച മിസൈലുകള്‍ മിറാഷാണ് വഹിക്കുന്നത്. 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ ആക്രമണങ്ങളുടെ കുന്തമുനയായിരുന്നു മിറാഷ്.

rafale-3
Rafale, Image Source: Dassault Aviation

അമേരിക്കയുടെ എഫ്-16, എഫ്-18, റഷ്യയുടെ മിഗ്-35, സ്വീഡന്റെ ഗ്രിപെൻ, യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്‌ത സംരംഭമായ യൂറോഫൈറ്റർ എന്നിവയുമായുള്ള കടുത്ത മത്സരത്തെ അതിജീവിച്ചാണു റഫാൽ വാങ്ങാൻ തീരുമാനമെടുത്തത്. 

rafale-1
Rafale, Image Source: Dassault Aviation

ഇന്ത്യയുടെ റഫാൽ ഫ്രാൻസിന്റേതിനെക്കാൾ മികച്ചത്

ഇന്ത്യയുടെയും ഇസ്രയേലിന്റെയും പ്രതിരോധ സാങ്കേതിക സംവിധാനങ്ങളും ആയുധങ്ങളും ഘടിപ്പിക്കുന്നതോടെ ലോകത്തെ ഏറ്റവും മികച്ച റഫാൽ പോർവിമാനം ഇന്ത്യയുടേതാകും. ഫ്രഞ്ച് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് റഫാലിന്റെ ഇന്ത്യൻ പതിപ്പ് നിർമിച്ചിരിക്കുന്നത്. അസ്ത്ര, സുദർശൻ ബോംബുകൾ, എഇഎസ്എ റഡാർ, പൈത്തൺ 5, ഇസ്രയേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യയുടെ റഫാൽ എത്തുന്നത്.

rafale-2
Rafale, Image Source: Dassault Aviation

എന്താണ് റഫാൽ

എൺ‌പതുകളിൽ വികസനം ആരംഭിച്ച റഫാൽ  2001 ലാണ് ഫ്രഞ്ച് വ്യോമസേനയുടെ ഭാഗമായി മാറുന്നത്. നിലവിൽ ഫ്രഞ്ച് വ്യോമ, നാവിക സേനകൾ, ഈജിപ്ത് വായുസേന, ഖത്തർ വായുസേന എന്നിവരാണ് റഫാൽ ഉപയോഗിക്കുന്നത്. കൂടാതെ മലേഷ്യ, യുഎഇ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ റഫാൽ വാങ്ങാനുള്ള ചർച്ചയിലാണ്. കഴിഞ്ഞ മാസം വരെയുള്ള കണക്കുകൾ പ്രകാരം 175 വിമാനങ്ങൾ നിര്‍മിച്ചിട്ടുണ്ട്. രണ്ടു പൈലറ്റുമാരുള്ളതും ഒരു പൈലറ്റുള്ളതുമായ റഫാൽ വിമാനങ്ങൾക്കാണ് ഇന്ത്യ വാങ്ങുന്നത്. ഏകദേശം 670 കോടി രൂപയാണ് ഒരു വിമാനത്തിന്റെ വില.

Rafale-fighter-aircraft
Rafale, Image Source: Dassault Aviation

വിമാനത്തിന്റെ നീളം 15.30 മീറ്ററാണ്. റഫാലിന്റെ വേഗം മണിക്കൂറിൽ 1912 കിലോമീറ്ററാണ്. ഒറ്റപറക്കലിൽ 3700 കിലോമീറ്റർ പരിധിവരെ പറക്കാൻ കഴിയുന്ന വിമാനത്തിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്.  ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫാൽ. എയർ ടു എയർ, എയർ ടു ഗ്രൗണ്ട്, എയർ ടു സർഫെഴ്സ് ശേഷിയുള്ളതാണ് റഫാൽ. മിക്ക ആധുനിക ആയുധങ്ങളും റഫാലിൽ ഘടിപ്പിക്കാനാകും. അസ്ട്ര, സുദർശൻ ബോംബുകൾ, എഇഎസ്എ റഡാർ, പൈത്തൺ 5, ഇസ്രായേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യയുടെ റാഫേൽ പുറത്തിറങ്ങുക.  രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷി റഫാലിനുണ്ട്. ലിബിയയിലും സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ചത് റഫാലായിരുന്നു.

rafale-france
Rafale, Image Source: Dassault Aviation

ആയുധബലം

∙ 9.3 ടൺ ആയുധങ്ങൾ വിമാനത്തിനു വഹിക്കാം. 

∙ മീറ്റിയോർ ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ ടു എയർ മിസൈൽ – ആകാശത്തെ ലക്ഷ്യം തകർക്കാനുള്ള മിസൈൽ. ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന മിസൈലിന്റെ ദൂരപരിധി: 120 – 150 കിലോമീറ്റർ. 

∙ സ്കാൽപ് എയർ ടു ഗ്രൗണ്ട് ക്രൂസ് മിസൈൽ. ആകാശത്തു നിന്നു കരയിലെ ലക്ഷ്യത്തിലേക്കു തൊടുക്കുന്ന മിസൈൽ. ദുരപരിധി 300 കിലോമീറ്റർ. ഒരു വിമാനത്തിന് 2 സ്കാൽപ് മിസൈലുകൾ വഹിക്കാം. ഇറാഖിൽ ഭീകര സംഘടനയായ ഐഎസ് ക്യാംപുകളിൽ മുൻപ് റഫാലിലെ സ്കാൽപ് മിസൈലുകൾ ഉപയോഗിച്ച് ഫ്രാൻസ് ആക്രമണം നടത്തിയിട്ടുണ്ട്.

∙ മീറ്റിയോർ, സ്കാൽപ് വിഭാഗത്തിലുള്ള മിസൈലുകൾ നിലവിൽ പാക്കിസ്ഥാന്റെ പക്കലില്ല. 

rafale
Rafale, Image Source: Dassault Aviation

സാങ്കേതിക സൗകര്യങ്ങൾ

∙ അത്യാധുനിക റഡാർ.

∙ ശത്രു സേനയുടെ റഡാറുകൾ നിശ്ചലമാക്കാനുള്ള സംവിധാനം.

∙ ലഡാക്ക് പോലെ ഉയർന്ന മേഖലകളിൽനിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനുള്ള എൻജിൻ കരുത്ത്.

∙ ശത്രുസേനയുടെ മിസൈലുകൾ വഴിതിരിച്ചു വിടാനുള്ള സാങ്കേതിക വിദ്യ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com