90–ാം വാർഷികത്തിന് പ്രത്യേക പതിപ്പുമായി ജാവ, പുറത്തിറങ്ങുക 90 എണ്ണം മാത്രം
Mail This Article
ബ്രാൻഡിന്റെ നവതി ആഘോഷത്തോടനുബന്ധിച്ച് ജാവയ്ക്കു പ്രത്യേക പതിപ്പ്. ഇരട്ട ചാനൽ ആന്റി ലോക്ക് ബ്രേക്ക് സംവിധാന(എ ബി എസ്)മുള്ള ബൈക്കിന്റെ പ്രത്യേക പതിപ്പാണു ജാവയുടെ 90-ാം വാർഷികാഘോഷത്തിൽ പുറത്തിറങ്ങുക. ജാവ നയന്റിയത്ത് ആനിവേഴ്സറി എഡീഷന്റെ 90 യൂണിറ്റ് മാത്രമാവും വിൽപനയ്ക്കുണ്ടാവുക. ബൈക്കിന്റെ ഡൽഹി ഷോറൂമിലെ വിലയാവട്ടെ സാധാരണ ജാവയുടെ നിരക്കായ 1.92 ലക്ഷം രൂപയും.
ജാവയുടെ പ്രത്യേക പതിപ്പ് അടുത്ത ആഴ്ച ഡീലർഷിപ്പുകളിലെത്തും. നിലവിൽ ബുക്കിങ് നടത്തി കാത്തിരിക്കുന്നവർക്കും 22നകം പുതുതായി ബുക്കിങ് നടത്തുന്നവർക്ക് ഈ പരിമിതകാല ജാവ സ്വന്തമാക്കാൻ അവസരമുണ്ട്.
ആവശ്യക്കാർ ധാരാളമുള്ളതിനാൽ നറുക്കെടുപ്പിലൂടെയാവും ജാവയുടെ ഈ പ്രത്യേക പതിപ്പിന്റെ ഉടമസ്ഥരെ തിരഞ്ഞെടുക്കുക. നറുക്കെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന പിന്നാലെ വിജയികൾക്ക് ജാവ നയന്റിയത്ത് ആനിവേഴ്സറി എഡീഷൻ കൈമാറും. ബ്രാൻഡിന്റെ ആദ്യ മോട്ടോർ സൈക്കിളായി 1929ൽ രൂപകൽപ്പന ചെയ്ത ജാവ 500 ഒ എച്ച് വിയിൽ നിന്നു പ്രചോദിതമായ ചുവപ്പ്, ഐവറി നിറക്കൂട്ടോടെയാണു പ്രത്യേക പതിപ്പിന്റെ വരവ്. 90–ാം വാർഷികാഘോഷ സ്മരണികയായുള്ള പ്രത്യേക ചിഹ്നം ബൈക്കുകളുടെ ഇന്ധന ടാങ്കിൽ പതിക്കും; ഒപ്പം, പ്രത്യേക ക്രമനമ്പറും.
സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണു ജാവയുടെ പരിമിതകാല പതിപ്പിന്റെയും വരവ്; ബൈക്കിനു കരുത്തേകുക 293 സി സി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ്, ഡി ഒ എച്ച് സി എൻജിനാവും. 27 ബി എച്ച് പിയോളം കരുത്തും 28 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.