ADVERTISEMENT

ദക്ഷിണ കൊറിയൻ നിർമാതാക്കളായ കിയ മോട്ടോർ ഇന്ത്യയുടെ ആദ്യ അവതരണമായ സെൽറ്റോസ് വാരിക്കൂട്ടിയത് അര ലക്ഷത്തോളം ബുക്കിങ്. കഴിഞ്ഞ ഓഗസ്റ്റ് 22ന് അരങ്ങേറിയ ഇടത്തരം എസ് യു വിയായ ‘സെൽറ്റോസി’ന് 9.69 ലക്ഷം രൂപ മുതലാണു ഷോറൂം വില.ജൂലൈ മുതൽ തന്നെ കിയ മോട്ടോർ സെൽറ്റോസിനുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിരുന്നു. ഒപ്പം വിപണിയുടെ പ്രതികരണം വിലയിരുത്തി കഴിഞ്ഞ മാസം ‘സെൽറ്റോസി’ന്റെ രണ്ടു പുത്തൻ വകഭേദങ്ങളും കമ്പനി പുറത്തിറക്കി. 1.4 ലീറ്റർ ടർബോ പെട്രോൾ എൻജിനൊപ്പം ഡി സി ടി ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സഹിതവും 1.5 ലീറ്റർ ഡീസൽ എൻജിനൊപ്പം ടോർക്ക് കൺവർട്ടർ ഓട്ടമാറ്റിക് ട്രാൻസ്മിഷനോടെയും സെൽറ്റോസിന്റെ ജി ടി എക്സ് പ്ലസ് വകഭേദം വിൽപ്പനയ്ക്കുണ്ട്. 

കഴിഞ്ഞ രണ്ടു മാസത്തിനിടെ 13,750 ‘സെൽറ്റോസാ’ണു കിയ മോട്ടോർ ഉടമസ്ഥർക്കു കൈമാറിയത്; ബുക്കിങ് നടത്തിയവർക്കു ‘സെൽറ്റോസി’ന്റെ ചില വകഭേദം ലഭിക്കാൻ മൂന്നു മാസത്തോളം വരെ കാത്തിരിക്കേണ്ട സാഹചര്യമാണ്. ലഭിച്ച ബുക്കിങ്ങിൽ പകുതിയോളം 1.5 ലീറ്റർ ഡീസൽ എൻജിനുള്ള സെൽറ്റോസിന്റെ വിഹിതമാണെന്നു കിയ മോട്ടോർ വെളിപ്പെടുത്തുന്നു; 1.4 ലീറ്റർ ടർബോ പെട്രോൾ എൻജിനുള്ള മോഡലുകൾക്കാണു മൊത്തം ബുക്കിങ്ങിൽ 30 ശതമാനത്തോളം. അവശേഷിക്കുന്നതാണ് 1.5 ലീറ്റർ പെട്രോൾ എൻജിനുള്ള വകഭേദങ്ങളുടെ വിഹിതം. 1.5 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുള്ള സെൽറ്റോസ് വാങ്ങാൻ എത്തിയവരിൽ പകുതി വീതം മാനുവൽ, ഓട്ടമാറ്റിക് ട്രാൻസ്മിഷനുകളാണു തിരഞ്ഞെടുത്തത്. അതേസമയം 1.4 ലീറ്റർ ടർബോ പെട്രോൾ എൻജിനൊപ്പം ഭൂരിപക്ഷവും ഇരട്ട ക്ലച് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ്  ആവശ്യപ്പെട്ടിരിക്കുന്നത്. പൊതുവേ ‘സെൽറ്റോസി’ന്റെ  മുന്തിയ വകഭേദങ്ങൾക്കാണ് ആവശ്യക്കാരേറെയെന്നും നിർമാതാക്കൾ വ്യക്തമാക്കുന്നു. 

രണ്ടു ട്രിം ലൈനുകളിലാണു സെൽറ്റോസ് എത്തുന്നത്: പരമ്പരാഗത ശൈലിയിലുള്ള ടെക് ലൈൻ(എച്ച് ടി ശ്രേണി), സ്പോർട്ടി രീതിയിലുള്ള ജി ടി ലൈൻ(ജി ടി ശ്രേണി). സ്പോർട്ടി പതിപ്പായ ജി ടി യിൽ പുറംഭാഗത്ത് റെഡ് അക്സന്റ്, സവിശേഷ രൂപകൽപ്പനയുള്ള അലോയ് വീൽ, കറുപ്പ് അകത്തളം, കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചിങ് തുടങ്ങിയവയൊക്കെയുണ്ട്. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം പാലിക്കുന്ന മൂന്ന് എൻജിൻ സാധ്യതകളാണു സെൽറ്റോസിലുള്ളത്: രണ്ടു പെട്രോളും ഡീസലും. 1.5 ലീറ്റർ പെട്രോൾ  എൻജിന് 115 ബി എച്ച് പിയോളം കരുത്തും 144 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. 

ആറു സ്പീഡ് മാനുവൽ, സി വി ടി ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യത. 1.4 ലീറ്റർ, ഡയറക്ട് ഇഞ്ചക്ഷൻ ടർബോ പെട്രോൾ എൻജിന് 140 ബി എച്ച് പി വരെ കരുത്തും 242 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവൽ, ഏഴു സ്പീഡ് ഇരട്ട ക്ലച് ഓട്ടമാറ്റിക് ഗീയർബോക്സുകാണു ട്രാൻസ്മിഷൻ.  1.5 ലീറ്റർ ഡീസൽ എൻജിനാവട്ടെ 115 ബി എച്ച് പി കരുത്തും 250 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക; ആറു സ്പീഡ് മാനുവൽ, ടോർക്ക് കൺവർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ.ഇന്ത്യയിൽ റെനോ ‘കാപ്ചർ’, നിസ്സാൻ ‘കിക്സ്’, മഹീന്ദ്ര ‘എക്സ് യു വി 500’, ടാറ്റ ‘ഹാരിയർ’, എം ജി ‘ഹെക്ടർ’, ഹ്യുണ്ടേയ് ‘ക്രേറ്റ’ തുടങ്ങിയവയോടാണ് ‘സെൽറ്റോസി’ന്റെ പോരാട്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com