ADVERTISEMENT

ദക്ഷിണ കൊറിയൻ നിർമാതാക്കളായ കിയ മോട്ടോഴ്സ് ഇന്ത്യൻ നിർമിത വാഹനങ്ങളുടെ കയറ്റുമതി ആരംഭിച്ചു. കിയ ഇന്ത്യയിൽ നിർമിച്ച സെൽറ്റോസ് സ്പോർട്ട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങൾ ദക്ഷിണ അമേരിക്കൻ വിപണികളിലാവും വിൽപ്പനയ്ക്കെത്തുക. ആദ്യ ബാച്ചിൽ 471 സെൽറ്റോസ് ആണു ചെന്നൈ പോർട്ട് ട്രസ്റ്റ് വഴി വിദേശ വിപണികളിലേക്കു കപ്പൽ കയറിയത്. ആന്ധ്ര പ്രദേശിലെ അനന്തപൂരിൽ സ്ഥാപിച്ച പുതിയ ശാലയിൽ നിന്നുള്ള കാർ കയറ്റുമതി വർധിപ്പിക്കാനും ഹ്യുണ്ടേയ് മേട്ടോർ കമ്പനിയുടെ ഉപസ്ഥാപനമായ കിയ മോട്ടോറിനു പദ്ധതിയുണ്ട്. മധ്യ പൂർവ രാജ്യങ്ങളിലേക്കും ദക്ഷിണ ഏഷ്യൻ വിപണികളിലേക്കും ഇന്ത്യയിൽ നിന്നു കാർ കയറ്റുമതി ചെയ്യാനുള്ള സാധ്യതയാണു കിയ മോട്ടോർ പരിശോധിക്കുന്നത്. 

അനന്തപൂർ ശാലയിലെ ഉൽപ്പാദനത്തിൽ 30% കിയ മോട്ടോർ കയറ്റുമതിക്കായി നീക്കിവയ്ക്കുമെന്നാണു സൂചന. 536 ഏക്കർ വിസ്തൃതിയിൽ പ്രവർത്തിക്കുന്ന അനന്തപൂർ ശാലയുടെ വാർഷിക ഉൽപ്പാദന ശേഷി മൂന്നു ലക്ഷം യൂണിറ്റാണ്; പരമ്പരാഗത എൻജിനുള്ള മോഡലുകൾക്കൊപ്പം സങ്കര ഇന്ധന, വൈദ്യുത വാഹനങ്ങളും ഉൽപ്പാദിപ്പിക്കാൻ കഴിയും വിധമാണ് ഈ പുതിയ പ്ലാന്റിന്റെ രൂപകൽപ്പന. ശാലയ്ക്കായി 110 കോടി ഡോളർ(7,755 കോടിയോളം രൂപ) ആണു കിയ മോട്ടോർ ഇതു വരെ നിക്ഷേപിച്ചത്. രണ്ടു വർഷത്തിനകം പുതിയ മോഡലുകൾക്കും ഗവേഷണ, വികസനത്തിനും വിപണി വിപുലീകരണത്തിനും മറ്റു പ്രവർത്തനങ്ങൾക്കുമായി 90 കോടി ഡോളർ(ഏകദേശം 6394.50 കോടി രൂപ) കൂടി ഇന്ത്യയിൽ നിക്ഷേപിക്കാനും കിയയ്ക്കു പദ്ധതിയുണ്ട്. 

തുറമുഖം വഴി കാർ കയറ്റുമതി നടത്തുന്നതു സംബന്ധിച്ചു കിയ മോട്ടോർ ഇന്ത്യയും ചെന്നൈ പോർട്ട് ട്രസ്റ്റുമായി കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനാണു കരാർ ഒപ്പുവച്ചത്. കിയയുടെ ലോജിസ്റ്റിക്സ് വിഭാഗം പങ്കാളിയായ ഗ്ലോവിസ് ഇന്ത്യ അനന്തപൂർ പ്രൈവറ്റ് ലിമിറ്റഡും കരാറിൽ കക്ഷിയാണ്. തുറമുഖ ട്രസ്റ്റ് ട്രാഫിക് മാനേജർ മുകേഷ് ബലാനിയും കിയ മോട്ടോഴ്സ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ജോങ് സൂ കിമ്മും ഒപ്പിട്ട കരാറിന് 2029 വരെ പ്രാബല്യമുണ്ട്. 

അതേസമയം ആഭ്യന്തര വിപണിയിലും തകർപ്പൻ തുടക്കമാണു ‘സെൽറ്റോസ്’ നേടിയതെന്നു വിൽപ്പന കണക്കുകൾ വ്യക്തമാക്കുന്നു. നിരത്തിലെത്തി ആദ്യ മാസം തന്നെ മികച്ച വിൽപ്പനയുള്ള ആദ്യ 10 മോഡലുകൾക്കൊപ്പം സ്ഥാനം നേടാൻ ‘സെൽറ്റോസി’നു സാധിച്ചിരുന്നു. 

കഴിഞ്ഞ ഏപ്രിൽ — സെപ്റ്റംബർ അർധവർഷത്തിൽ 18,350 ‘സെൽറ്റോസ്’ ആണു കിയ മോട്ടോർ ഇന്ത്യ നിർമിച്ചത്; ഇതിൽ 9,801 എണ്ണവും സെപ്റ്റംബറിലാണ് ഉൽപ്പാദിപ്പിച്ചത്. ഓഗസ്റ്റിൽ 6,236 ‘സെൽറ്റോസ്’ വിറ്റത് സെപ്റ്റംബറിൽ 7,554 ആയി ഉയർത്താനും കിയയ്ക്കായി.  ആഗോളതലത്തിൽ ജൂൺ ആറിന് അനാവരണം ചെയ്ത ‘സെൽറ്റോസി’ന്റെ ഔദ്യോഗിക അരങ്ങേറ്റം ഓഗസ്റ്റ് 22നായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com