ADVERTISEMENT

സ്പോർട്ട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ഹെക്ടറിനായി എണ്ണായിരത്തോളം പുതിയ ബുക്കിങ് ലഭിച്ചതായി നിർമാതാക്കളായ എം ജി മോട്ടോർ ഇന്ത്യ. ഇടക്കാലത്ത് നിർത്തി വച്ച ബുക്കിങ് ഏതാനും ദിവസം മുമ്പ് പുനരാരംഭിച്ചതോടെയാണു ഹെക്ടറിനായി കൂടുതൽ ആവശ്യക്കാർ രംഗത്തെത്തിയത്.

ചൈനീസ് നിർമാതാക്കളായ സായ്ക് മോട്ടോർ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള എം ജി മോട്ടോറിന്റെ ആദ്യ മോഡലായ ഹെക്ടറിന്റെ അരങ്ങേറ്റം ജൂലൈ 27നായിരുന്നു. തകർപ്പൻ പ്രതികരണം ലഭിച്ചതോടെ ജൂലൈ 18 മുതൽ കമ്പനി പുതിയ ബുക്കിങ് സ്വീകരിക്കുന്നതു നിർത്തുകയായിരുന്നു. ഉൽപ്പാദന ശേഷിയിലെ പരിമിതി മൂലം പുതിയ വാഹനത്തിനുള്ള കാത്തിരിപ്പ് അനന്തമായി നീളുന്നത് ഒഴിവാക്കാനായിരുന്നു എം ജി മോട്ടോറിന്റെ ഈ നടപടി. ആദ്യ ഘട്ടത്തിൽ 28,000 ബുക്കിങ്ങാണു ‘ഹെക്ടർ’ വാരിക്കൂട്ടിയതെന്നാണ് എം ജി മോട്ടോർ നൽകിയ സൂചന.

പിന്നീട് ബുക്കിങ് പുനഃരാരംഭിച്ച ആദ്യ എട്ടോ ഒൻപതോ ദിവസത്തിനകം തന്നെ എണ്ണായിരത്തോളം പേർ ഹെക്ടർ സ്വന്തമാക്കാനെത്തിയതെന്നു കമ്പനിയുടെ ചീഫ് കൊമേഴ്സ്യൽ ഓഫിസർ ഗൗരവ് ഗുപ്ത അറിയിച്ചു. ഗുജറാത്തിലെ ഹാലോളിലുള്ള നിർമാണശാലയിൽ രണ്ടാം ഷിഫ്റ്റ് പ്രവർത്തനം ആരംഭിക്കുന്ന സാഹചര്യത്തിലാണ് എം ജി മോട്ടോർ ‘ഹെക്ടറി’നുള്ള ബുക്കിങ് പുനഃരാരംഭിച്ചതെന്നും ഗുപ്ത വിശദീകരിച്ചു. അധിക ജീവനക്കാരുടെ നിയമനങ്ങൾ പൂർത്തിയായതോടെ നവംബർ മുതൽ ശാലയിൽ രണ്ടു ഷിഫ്റ്റ് പ്രവർത്തനം ആരംഭിക്കും. ഇതോടെ ‘ഹെക്ടറി’ന്റെ പ്രതിമാസ ഉൽപ്പാദനം നിലവിലുള്ള 2,000 യൂണിറ്റിൽ നിന്ന് 3,000 യൂണിറ്റായി ഉയരുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

പുതിയ വാഹനത്തിനുള്ള കാത്തിരിപ്പ് ആറു മാസത്തിലേറെ നീളാതിരിക്കാനാണ് എം ജി മോട്ടോർ ശ്രമിക്കുന്നതെന്നും ഗുപ്ത വ്യക്തമാക്കി. അതിനാലാണ് ഉൽപ്പാദനശേഷിക്കനുസൃതമായി കമ്പനി ‘ഹെക്ടറി’ന്റെ ബുക്കിങ് ക്രമീകരിക്കുന്നത്.സെപ്റ്റംബർ വരെ 6,000 കാറുകളാണു കമ്പനി വിറ്റത്; ജൂലൈയിൽ 1,508 കാറുകൾ കൈമാറിയത് ഓഗസ്റ്റിൽ രണ്ടായിരത്തിനു മുകളിലെത്തി. സെപ്റ്റംബറിലെ വിൽപ്പനയാവട്ടെ 2,608 യൂണിറ്റാണ്. മാസം തോറും ക്രമാനുഗത വർധന രേഖപ്പെടുത്താൻ കമ്പനിക്കു സാധിച്ചിട്ടുണ്ടെന്നും ഗുപ്ത അവകാശപ്പെട്ടു.

നിലവിൽ രാജ്യത്തെ 120 കേന്ദ്രങ്ങളിലാണ് എം ജി മോട്ടോറിനു സാന്നിധ്യമുള്ളത്; വർഷാവസാനത്തോടെ ഇത് 250 ആയി ഉയർത്താനാണു പദ്ധതി. മുംബൈയിൽ ഏഴു വിൽപ്പന കേന്ദ്രങ്ങളുള്ളത് അടുത്ത മാർച്ചോടെ 11 ആക്കി ഉയർത്തും. രാജ്യത്തെ വാഹന വ്യാപാര മേഖലയിലെ മാന്ദ്യമകലുന്നതിന്റെ സൂചനകൾ ദൃശ്യമാണെന്നും ഗുപ്ത അഭിപ്രായപ്പെട്ടു. അടുത്ത ആറു മാസത്തിനകം കാര്യങ്ങൾ സാധാരണ നിലയിലാവുമെന്നാണു പ്രതീക്ഷ.

അതുകൊണ്ടുതന്നെ ഇന്ത്യയ്ക്കായി നിശ്ചയിച്ച മോഡൽ അവതരണങ്ങളിൽ എം ജി മോട്ടോർ മാറ്റം വരുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്ന 24 മാസത്തിനകം നാലു പുതിയ മോഡലുകൾ അവതരിപ്പിക്കുകയാണു ലക്ഷ്യം; സാഹചര്യം അനുകൂലമാവുന്ന പക്ഷം 18 മാസത്തിനകം തന്നെ ഇവ നിരത്തിലെത്തുമെന്നും ഗുപ്ത സൂചിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com