ADVERTISEMENT

ഇതിഹാസ മാനങ്ങളുള്ള ഹമ്മർ ബ്രാൻഡ് തിരിച്ചു കൊണ്ടുവരാൻ യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സ് (ജി എം) ആലോചിക്കുന്നു. എന്നാൽ പഴയ കാലത്തെ അപേക്ഷിച്ചു തികച്ചും വേറിട്ട വ്യക്തിത്വത്തോടെയാവും ‘ഹമ്മറി’ന്റെ രണ്ടാം വരവെന്നാണു സൂചന.സൈനിക ഉപയോഗത്തിനുള്ള എസ് യു വിയിൽ നിന്നു പിറവിയെടുത്ത കരുത്തൻ ഓഫ് റോഡർ വാഹനമായിരുന്നു മുമ്പത്തെ ‘ഹമ്മർ’. എന്നാൽ ഭാവിയിൽ ബാറ്ററിയിൽ ഓടുന്ന എസ് യു വികളുടെയും പിക് അപ് ട്രക്കുകളുടെയും ശ്രേണിയാവും ‘ഹമ്മർ’ എന്ന വ്യാപാരനാമത്തിൽ വിപണിയിലെത്തുക.

ബി ടി വൺ എന്ന കോഡ് നാമത്തിലാണു ജി എമ്മിന്റെ വൈദ്യുത ട്രക്ക്/എസ് യു വി വികസന പദ്ധതി പുരോഗമിക്കുന്നത്. ഈ ശ്രേണിയിൽ പിറവിയെടുക്കുന്ന പുതുതലമുറ വാഹനങ്ങളിലൂടെ ‘ഹമ്മർ’ എന്ന പേരു മടക്കിക്കൊണ്ടുവരാനാണു കമ്പനിയുടെ ആലോചന. കാഡിലാക്, ജി എം സി ശ്രേണിയിലെ എസ് യു വികളുടെയും പിക് അപ് ട്രക്കുകളുടെയും വൈദ്യുത പതിപ്പുകൾ നിരത്തിലെത്തിക്കാൻ ജി എമ്മിനു പദ്ധതിയുണ്ട്. ഇതിന പുറമെ ഇത്തരത്തിലുള്ള വൈദ്യുത വാഹനങ്ങളുടെ പുതിയൊരു ശ്രേണി കൂടി ജി എമ്മിന്റെ പരിഗണനയിലുണ്ട്; ആ ശ്രേണിക്കാവും മിക്കവാറും ‘ഹമ്മർ’ എന്ന വ്യാപാരനാമം കമ്പനി ഉപയോഗിക്കുക. പുതിയ ബ്രാൻഡിലെ ആദ്യ പിക് അപ് ട്രക്ക് 2021 അവസാനത്തോടെ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. അടുത്ത വർഷം ഇതേ മോഡലിന്റെ പ്രകടനക്ഷമതയേറിയ വകഭേദവും നിരത്തിലെത്തും. തുടർന്ന് 2023ൽ വൈദ്യുത എസ് യു വിയും വിപണിയിലിറക്കാനാണു ജി എമ്മിന്റെ പദ്ധതി.

പുതിയ ശ്രേണിക്കായി പുത്തൻ മൊഡുലർ വൈദ്യുത കാർ പ്ലാറ്റ്ഫോമും ജി എം വികസിപ്പിക്കുന്നുണ്ട്. ഷാസിയിൽ വൈദ്യുത മോട്ടോറും ബാറ്ററികളും ഘടിപ്പിച്ച ഈ പ്ലാറ്റ്ഫോമിൽ ഫ്രണ്ട് വീൽ, റിയർ വീൽ, ഓൾ വീൽ ഡ്രൈവ് ലേ ഔട്ടുകൾ സാധ്യമാക്കാനാണു ശ്രമം. ഇതോടെ വിവിധ ബോഡി ശൈലികളിലും വലിപ്പത്തിലുമുള്ള വാഹനങ്ങൾ ഈ പ്ലാറ്റ്ഫോമിൽ സാക്ഷാത്കരിക്കാനാവും. സൈനിക, വാണിജ്യ വാഹനങ്ങളുടെ ഉൽപ്പാദകരായിരുന്ന എ എം ജനറൽ ആണ് ‘ഹമ്മറി’ന്റെ പിറവിക്കു വഴി തെളിച്ചത്. സൈനിക ഉപയോഗത്തിനുള്ള ഹൈ മൊബിലിറ്റി മൾട്ടി പർപ്പസ് വീൽഡ് വെഹിക്കിളി(എച്ച് എം എം ഡബ്ല്യു വി അഥവാ ഹംവീ എന്നു ചുരുക്കെഴുത്ത്)ന്റെ സിവിലിയൻ വകഭേദത്തിനാണ് ഈ പേരു പതിഞ്ഞത്. തുടർന്ന് 1998ൽ ഈ ബ്രാൻഡ് സ്വന്തമാക്കിയ ജി എം, ‘ഹമ്മർ’ അടിത്തറയാക്കി മൂന്ന് എസ് യു വികൾ പുറത്തിറക്കി. യഥാർഥ ‘ഹംവീ’ ആധാരമാക്കിയായിരുന്നു ‘ഹമ്മർ എച്ച് വണ്ണി’ന്റെ വരവ്; ഒപ്പം താരതമ്യേന വലിപ്പം കുറഞ്ഞ ‘എച്ച് ടു’വും ‘എച്ച് ത്രീ’യുമെത്തി. എന്നാൽ 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാൻ ‘ഹമ്മറി’നായില്ല; തോടെ 2010ൽ ജി എം ഈ ബ്രാൻഡ് പിൻവലിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com