ADVERTISEMENT

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഇനി കാർ പൊളിക്കൽ മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. ജപ്പാനിലെ ജനറൽ ട്രേഡിങ്, പ്രോജക്ട് മാനേജ്മെന്റ് കമ്പനിയായ ടൊയോട്ട സുഷൊ ഗ്രൂപ്പുമായി സഹകരിച്ചാണു മാരുതി സുസുക്കി പഴയ വാഹനം പൊളിക്കാനും റീസൈക്കിൾ ചെയ്യാനുമുള്ള ശാല സ്ഥാപിക്കുന്നത്. ഇരു പങ്കാളികൾക്കും 50% വീതം ഓഹരി പങ്കാളിത്തമുള്ള പുതിയ സംരംഭത്തിനു മാരുതി സുസുക്കി ടൊയോറ്റ്സു ഇന്ത്യ(എം എസ് ടി ഐ) എന്നാണു പേരിട്ടിരിക്കുന്നത്.

ന്യൂഡൽഹി ആസ്ഥാനമായ രൂപീകരിച്ച കമ്പനിയുടെ വാഹനം പൊളിക്കാനും യന്ത്രഭാഗങ്ങൾ പുനഃരുപയോഗിക്കാനുമുള്ള ശാല ഉത്തർപ്രദേശിലെ നോയ്ഡയിലാവും പ്രവർത്തിക്കുക. അടുത്ത സാമ്പത്തിക വർഷത്തോടെ ഈ ശാല പ്രവർത്തനക്ഷമമാവുമെന്നാണു പ്രതീക്ഷ. എൻഡ് ഓഫ് ലൈഫ് വിഭാഗത്തിൽപെട്ട, ആയുസ് കഴിഞ്ഞ വാഹനങ്ങൾ(ഇ എൽ വി) വാങ്ങി ശാസ്ത്രീയമായി പൊളിച്ചെടുക്കാനാണ് എം എസ് ടി ഐയുടെ പദ്ധതി. രാജ്യത്തു പ്രാബല്യത്തിലുള്ള ഖര, ദ്രാവക മാലിന്യ സംസ്കരണ നിയമങ്ങൾക്കു പുറമെ രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട പ്രവർത്തനക്രമവും കമ്പനി പിന്തുടരും.  

നോയ്ഡയിലെ ശാല തുടക്കം മാത്രമാവുമെന്നും എം എസ് ടി ഐ വ്യക്തമാക്കുന്നു; ഭാവിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം ശാലകൾ സ്ഥാപിക്കാൻ കമ്പനിക്കു പദ്ധതിയുണ്ട്. പ്രതിമാസം രണ്ടായിരത്തോളം പഴയ കാറുകൾ പൊളിച്ചടുക്കാൻ നോയ്ഡ ശാലയ്ക്കു ശേഷിയുണ്ടാവും. വാഹന ഡീലർമാരിൽ നിന്നും ഉടമസ്ഥരിൽ നേരിട്ടുമൊക്കെ പഴയ കാറുകൾ വിലയ്ക്കെടുക്കാനാണു കമ്പനിയുടെ നീക്കം.

ഇതോടെ പഴയ വാഹനങ്ങൾ പൊളിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുന്ന രണ്ടാമത്തെ ഇന്ത്യൻ കമ്പനിയുമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. കഴിഞ്ഞ ഡിസംബറിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ നേതൃത്വത്തിൽ ഇതേ ഉദ്ദേശ്യത്തോടെ മഹീന്ദ്ര സിറൊ എന്ന പേരിൽ പുതിയ സംയുക്ത സംരംഭം സ്ഥാപിച്ചിരുന്നു; മഹീന്ദ്ര ഗ്രൂപ്പിൽപെട്ട മഹീന്ദ്ര ആക്സിലൊയും കേന്ദ്ര ഉരുക്ക് മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ എം എസ് ടി സിയും ചേർന്നാണ് ഈ സംയുക്ത സംരംഭം തുടങ്ങിയത്. രാജ്യത്തു മോട്ടോർ വാഹന മേഖലയിൽ ആരംഭിച്ച ആദ്യ റീസൈക്ലിങ് ശാലയായ മഹീന്ദ്ര സിറൊയുടെ പ്ലാന്റും നോയ്ഡയിലാണ്. പ്രതിവർഷം 25,000 — 30,000 വാഹനങ്ങൾ പൊളിക്കാൻ ഈ ശാലയ്ക്കു ശേഷിയുണ്ട്. അടുത്ത ഏപ്രിലോടെ ആയുസ്സെത്തിയ 2.80 കോടിയോളം വാഹനങ്ങൾ പൊളിച്ചു നീക്കേണ്ടി വരുമെന്നാണു കേന്ദ്ര സർക്കാരിന്റെ കണക്ക്. 

English Summary: Maruti Suzuki and Toyota Tsusho to set up Vehicle Dismantling and Recycling unit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com