ADVERTISEMENT

ഇലക്ട്രിക് വാഹനങ്ങളോട് ആളുകൾക്ക് താൽപര്യം കൂടി വരികയാണ്. വില കുറഞ്ഞ, കൂടുതൽ റേഞ്ച് നൽകുന്ന ഒരു ഇലക്ട്രിക് കാർ ഇന്ത്യൻ വിപണിയിലെത്തിയാൽ കാര്യങ്ങൾ പിന്നെ ഇലക്ട്രിക് വഴിയായിരിക്കും. നിലവിൽ ഇന്ത്യൻ വാഹന വിപണിയിൽ ഇലക്ട്രിക്കിന്റെ സാന്നിധ്യം കുറവാണെങ്കിലും വരാനിരിക്കുന്നത് നിരവധി വാഹനങ്ങളാണ്. ഒറ്റ ചാർജിന് 200 മുതൽ 400 കിലോമീറ്റർ വരെ ഓടുന്ന വാഹനങ്ങൾ ഉടൻ തന്നെ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് നിർമാതാക്കളുടെ അവകാശവാദം. ഉടൻ വിപണിയിലേക്ക് എത്താൻ സാധ്യതയുള്ള അഞ്ച് ഇലക്ട്രിക് വാഹനങ്ങൾ.

ടാറ്റ നെക്സോൺ ഇവി

Nexon

കോംപാക്ട് എസ്‌യുവിയായ നെക്സന്റെ വൈദ്യുത പതിപ്പിന്റെ ആദ്യ പ്രദർശനം ഡിസംബർ 16ന് നടക്കും. വൈദ്യുത വാഹന സാങ്കേതിക വിദ്യയ്ക്കായി കമ്പനി ആവിഷ്കരിച്ച സിപ്ട്രോണിന്റെ പിൻബലത്തോടെയെത്തുന്ന വാഹനം അടുത്ത വർഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. നെക്സൻ ഇ വിക്ക് 15 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയായിരിക്കും വില. ഓരോ തവണ ചാർജ് ചെയ്യുമ്പോഴും 300 കിലോമീറ്റർ പിന്നിടാൻ പ്രാപ്തിയുള്ള രീതിയിൽ വൈദ്യുത നെക്സനെ നിരത്തിലെത്തിക്കാനാണു ടാറ്റ മോട്ടോഴ്സിന്റെ ശ്രമം.

സിപ്ട്രോൺ സാങ്കേതികവിദ്യയുടെ പിൻബലത്തോടെയെത്തുന്ന നെക്സൻ ഇ വിയിൽ കാര്യക്ഷമതയേറിയ ഹൈ വോൾട്ടേജ് സംവിധാനം, അതിവേഗ ചാർജിങ് സൗകര്യം, എട്ടു വർഷ വാറന്റിയുള്ള ബാറ്ററിയും മോട്ടോറുമൊക്കെ ലഭ്യമാക്കുമെന്നാണു ടാറ്റ മോട്ടോഴ്സിന്റെ വാഗ്ദാനം. കൂടാതെ പൊടി നിയന്ത്രണത്തിലും ജലപ്രതിരോധത്തിലും ഐ പി 67 നിലവാരവും നെക്സൻ ഇ വിയിൽ കമ്പനി ഉറപ്പാക്കും. കാര്യക്ഷമതയേറിയ ഹൈ വോൾട്ടേജ് സിസ്റ്റം, മികച്ച പ്രകടനക്ഷമത, ദീർഘദൂര റേഞ്ച്, അതിവേഗ ബാറ്ററി ചാർജിങ് എന്നിവയൊക്കെയാണു സിപ്ട്രോണിന്റെ മികവായി ടാറ്റ മോട്ടോഴ്സ് അവകാശപ്പെടുന്നത്. ഒപ്പം ബാറ്ററിക്ക് എട്ടു വർഷ വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

എംജി ഇ ഇസഡ്എസ്

MG ZS EV
MG ZS EV

ഡിസംബർ ആദ്യം പ്രദർശിപ്പിക്കുന്ന കാർ അടുത്ത വർഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം അവസാനം ചൈനീസ് മോട്ടോർഷോയിലാണ് ഇ ഇസഡ്എസിനെ ആദ്യം പ്രദർശിപ്പിച്ചത്. ചൈനീസ് വിപണിയിലുള്ള ഇസഡ്എസിന്റെ ഇലക്ട്രിക് പതിപ്പാണ് ഇ ഇസഡ്എസ്.

ഹെക്ടറിലുടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്ന ഐസ്മാർട്ട് ടെക്നോളജി ഇലക്ട്രിക് എസ്‌യുവിയിലുമുണ്ടാകും. 150 എച്ച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടറാണ് വാഹനത്തിന് കരുത്തു പകരുക. പൂജ്യത്തിൽ നിന്നു 50 കിലോമീറ്റർ വേഗം 3.1 സെക്കന്റിൽ ആർജിക്കാനുള്ള കഴിവുണ്ടാകും. ഒറ്റ ചാർജിൽ 335 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും എന്നതും ഈ എസ്‌യുവിയുടെ മേന്മയാണ്. കൂടാതെ 60 കിലോമീറ്റർ വേഗ പരിധിയിൽ സഞ്ചരിച്ചാൽ 428 കിലോമീറ്റർ വരെ ചാർജ് നിൽക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അരമണിക്കൂർ ചാർജ് ചെയ്താൽ 80 ശതമാനം വരെ ചാർജാകുന്ന ഫാസ്റ്റ് ചാർജിങ് ടെക്നോളജിയും വാഹനത്തിലുണ്ടാകും. വിലകുറയ്ക്കാനായി ഘടകങ്ങളായി ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ അസംബിളിൾ ചെയ്ത് വിൽക്കാനാണ് കമ്പനി പദ്ധതി. ജനറല്‍ മോട്ടോഴ്‌സില്‍ നിന്നു സ്വന്തമാക്കിയ ഗുജറാത്തിലെ ഹലോല്‍ ശാലയില്‍ നിന്നാണ് എംജി വാഹനങ്ങള്‍ പുറത്തിറക്കുക.

ആൽ‌ട്രോസ് ഇവി

Tata Altroz EV
Tata Altroz EV

ജനീവ ഓട്ടോഷോയിലും ടാറ്റയുടെ പവലിയനിലെ പ്രധാന താരമായിരുന്നു പ്രീമിയം ഇലക്ട്രിക് കാര്‍.‌ ഈ വര്‍ഷം പുറത്തിറങ്ങുന്ന ആല്‍ട്രോസ് ഹാച്ചിനെ അടിസ്ഥാനപ്പെടുത്തിയ ഇവിയെയാണ് കമ്പനി പ്രദര്‍ശിപ്പിച്ചത്. 45 എക്‌സ് എന്ന കോഡുനാമത്തില്‍ ടാറ്റ വികസിപ്പിച്ച ഹാച്ച്ബാക്ക് കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ മോഡലാണ് ആല്‍ട്രോസ്. ഒറ്റചാര്‍ജില്‍ 250 മുതല്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ പറ്റുന്ന തരത്തിലായിരിക്കും കാറിന്റെ ഡിസൈന്‍. കൂടാതെ ഒരു മണിക്കൂര്‍ കൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാവുന്ന ടെക്‌നോളജിയും പുതിയ കാറിലുണ്ടാകുമെന്നാണ് ടാറ്റ പറയുന്നത്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ ഇലക്ട്രിക് കാര്‍ പുറത്തിറക്കി വിപണി പിടിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

ക്വിഡ്

ഷാങ്‌ഹായ് ഓട്ടോഷോയില്‍ പ്രദർശിപ്പിച്ച റെനോ സിറ്റി കെ – ഇസെഡ്ഇ കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോ‍ഡൽ റെനൊ ഇന്ത്യൻ വിപണിയിലെത്തിക്കും. ക്വിഡിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇലക്ട്രിക് കാർ വികസിപ്പിക്കുന്നത്. ഈ വർഷം അവസാനം ചൈനീസ് വിപണിയിലും തുടർന്ന് യൂറോപ്യൻ, ഇന്ത്യൻ വിപണിയിലും ഇലക്ട്രിക് കാർ പുറത്തിറങ്ങും. ചൈനീസ് കമ്പനിയായ ഡങ്ഫെങ് മോട്ടോഴ്സുമായി സഹകരിച്ചാണ് ഇലക്ട്രിക് കാറിന്റെ നിർമാണം.

കോമൺ മൊഡ്യൂൾ ഫാമിലി– എ അഥവാ സി എം എഫ് എ പ്ലാറ്റ്ഫോം അടിത്തറയാക്കിയാണ് ഈ ചെറുകാറിന്റെ രൂപകൽപ്പന; സി എം എഫ് –എ പ്ലാറ്റ്ഫോമിന്റെ ആസ്ഥാനം ഇന്ത്യയാണ്. ചെന്നൈയിൽ രൂപകൽപ്പന പൂർത്തിയാവുന്ന കാറിന്റെ പവർ ട്രെയ്ൻ സംയോജനം ചൈനീസ് വിദഗ്ധരാവും നിർവഹിക്കുക. ഒറ്റത്തവണ ചാർജ് ചെയ്താൽ ക്വിഡ് ഇ വി 250 കിലോമീറ്റർ ഓടുമെന്നാണു റെനോയുടെ നൽകുന്ന വാഗ്ദാനം. അമ്പത് മിനിറ്റിനുള്ളിൽ വാഹനത്തിന്റെ 80 ശതമാനം ചാർജ് ചെയ്യാമെന്നും കമ്പനി അവകാശപ്പെടുന്നു. ക്വിഡിന്റെ ക്യാബിൻ തന്നെയാണ് ഇലക്ട്രിക് കാറിനും. ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ടിവിറ്റിയും പുതിയ കാറിലുണ്ട്.

വാഗൻ ആർ ഇലക്ട്രിക്

Wagon R EV
Wagon R EV

വൈദ്യുത വാഹന വിപണിയിൽ വിപ്ലവകരമായ മാറ്റത്തിനു തുടക്കമിടാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ വാഗൻ ആർ ഇ വി അടുത്ത വർഷമെത്തിയേക്കും. 2020ൽ അരങ്ങേറ്റം കുറിക്കുന്ന വാഗൻ ആർ ഇ വി’യുടെ വില ഏഴു ലക്ഷം രൂപയിൽ താഴെയാവുമെന്നാണു സൂചന. ഒറ്റത്തവണ ചാർജ് ചെയ്താൽ 200 കിലോമീറ്റർ വരെ കാറിന് ഓടാനാകും എന്നാണ് പ്രതീക്ഷ. അതേസമയം, ‘വാഗൻ ആർ ഇ വി’യിൽ അതിവേഗ ചാർജിങ്  സൗകര്യമുണ്ടാവുമോ എന്നു മാരുതി സുസുക്കി വ്യക്തമാക്കിയിട്ടില്ല.

വാഗൻ ആർ ഇ വി’എത്തുമ്പോൾ ബാറ്ററിയിൽ ഓടുന്ന എൻട്രി ലവൽ ഹാച്ച്ബാക്ക് വിഭാഗത്തിൽ കാര്യമായ മത്സരവുമുണ്ടാവില്ലെന്നാണു സൂചന. നിലവിൽ വിൽപ്പനയ്ക്കുള്ള ‘വാഗൻ ആറി’ൽ നിന്നു വേറിട്ട രൂപകൽപ്പനയോടെയാവും വാഗൻ ആർ ഇ വിയുടെ വരവെന്നാണു കരുതുന്നത്. കൂടുതൽ സ്ഥലസൗകര്യം വാഗ്ദാനം ചെയ്യുന്ന ഈ മോഡൽ മാരുതി സുസുക്കി നിലവിൽ വിപുലമായ പരീക്ഷണ ഓട്ടത്തിനു വിധേയമാക്കുന്നുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com