ADVERTISEMENT

എതിരെ വാഹനങ്ങൾ വരുന്നുണ്ടോ എന്നു നോക്കണം, മുന്നിൽ വളവാണോ അതോ നീണ്ട റോഡാണോ എന്നു നോക്കണം എന്നിങ്ങനെ, മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിന് മുമ്പു ചെയ്യേണ്ട നിരവധി കാര്യങ്ങളുണ്ട്. പക്ഷേ റോഡിൽ ഇത് പലരും പാലിക്കാറില്ല. അശ്രദ്ധമായി മറികടക്കാൻ ശ്രമിക്കുമ്പോൾ അപകടത്തിലാക്കുന്നത് എതിരെ വരുന്ന വാഹനങ്ങളിലെ ആളുകളുടെ ജീവനായിരിക്കും. അതിനുദാഹരണമാണ് ഈ മാസം ആദ്യ ഏറ്റുമാനൂരിൽ നടന്ന അപകടം.

ഒരു വളവിൽ ടിപ്പർ ലോറിയെ ഓവർടേക്ക് ചെയ്ത കാർ കണ്ട്, എതിരെ വന്ന ബൈക്ക് പെട്ടെന്നു വെട്ടിച്ചതാണ് അപകട കാരണം. നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിൽ ഇടിച്ചുകയറി. ഏറ്റുമാനൂർ ഭാഗത്തുനിന്ന് നൂറ്റിയൊന്ന് കവലയിലേക്കു പോകുകയായിരുന്നു ബൈക്ക്. കോട്ടയം ഭാഗത്തു നിന്ന് ഏറ്റുമാനൂർ ഭാഗത്തേക്കു വന്ന ലോറിയ മറികടന്നെത്തിയ കാറില്‍ ബൈക്ക് ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിനും ലോറിക്കുമിടയിലേക്കു വീണ ബൈക്ക് യാത്രികന് ഗുരുതരമായി പരുക്കേറ്റു എന്നാണ് റിപ്പോർട്ട്. 

ഓവർടേക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ

അൽപമൊന്ന് ശ്രദ്ധിച്ചാൽ ആർക്കും സുരക്ഷിതമായി ഓവടേക്ക് ചെയ്യാം. ധൃതി കാണിക്കാതെ, മുന്നിലും പിന്നിലും ശ്രദ്ധ കൊടുത്ത് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി ഓവർടേക്ക് ചെയ്യണം. റോഡ് വ്യക്തമായി കാണാന്‍ കഴിയുന്ന സാഹചര്യങ്ങളിൽ മാത്രമേ ഓവർടേക്ക് ചെയ്യാവൂ.

ഒരു വാഹനം മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴോ പിന്നില്‍നിന്നു വരുന്ന വാഹനം നമ്മുടെ വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴോ വാഹനത്തിന്റെ വേഗം കുറച്ച് അവർക്ക് ഓവർടേക്ക് ചെയ്യാൻ ഉള്ള അവസരം നൽകണം. വലതുവശത്തുകൂടി മാത്രമേ ഓവര്‍ടേക്ക് ചെയ്യാവൂ എന്നാണ് നിയമം. എങ്കിലും ചില ആളുകൾ ഇടതുവശത്തു കൂടിയും ഓവർടേക്ക് ചെയ്യുന്നത് കാണാം. മുന്നിൽ പോകുന്ന വാഹനം റോഡിന്റെ മധ്യഭാഗത്ത് എത്തി വലത്തേക്കു സിഗ്നൽ നൽകിയെങ്കിൽ മാത്രം ഇടതു വശം വഴി ഓവർ ടേക്ക് ചെയ്യാം. എന്നാൽ ഇതു വളരെ ശ്രദ്ധയോടെ വേണം. 

നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ ഓവർടേക്ക് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ആ വാഹനത്തിൽനിന്ന് ഇറങ്ങുന്ന ആളുകൾ മിക്കപ്പോഴും ആ വാഹനത്തിന്റെ മുന്നിലൂടെയും പിന്നിലൂടെയും റോഡ് മുറിച്ച് കടക്കാൻ സാധ്യയുണ്ട്. അതു മനസ്സിൽവച്ചു വേണം വാഹനം ഓടിക്കാൻ. ചില ആളുകൾ കയറ്റത്തിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കാറുണ്ട്. കയറ്റം കയറുമ്പോൾ വാഹനത്തിന്റെ വേഗം തീർത്തു കുറവായിരിക്കും ഈ സമയത്ത് എതിർ വശത്തു നിന്ന് അമിത വേഗത്തിൽ ആകാം വാഹനങ്ങൾ മിക്കവാറും കടന്നു വരിക. ഒരു വളവും കൂടിയാണ് എങ്കിൽ അപകടം സംഭവിക്കാതെ രക്ഷപെട്ടാൽ ഭാഗ്യം എന്ന് പറയാം. നാലും കൂടുന്ന കവലകൾ, ഇടുങ്ങിയ പാലം, സീബ്രാലൈൻ എന്നിവിടങ്ങളിൽ ഓവർടേക്കിങ്ങ് പാടില്ല.

അൽപം ഒന്നു ശ്രദ്ധിച്ചാൽ ഓവർ ടേക്കിങ് മൂലമുള്ള അപകടങ്ങൾ ഇല്ലാതാക്കാം. ജീവിതത്തിൽ നിങ്ങൾ ആരുമായിക്കോട്ടെ, റോഡിൽ നിങ്ങൾ വെറും ഡ്രൈവർ മാത്രമാണെന്ന് ഓർക്കുക.

English Summary: Accident Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com