ADVERTISEMENT

ചെറുകാറുകളിലെ ജനപ്രിയ ബ്രാൻഡായ ഓൾട്ടോയുടെ ഇതുവരെയുള്ള വിൽപ്പന 38 ലക്ഷം യൂണിറ്റ് പിന്നിട്ടതായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. സമാനതകളില്ലാത്ത ഈ പ്രകടനത്തിന്റെ പിൻബലത്തിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി രാജ്യത്ത് ഏറ്റവുമധികം വിൽപനയുള്ള കാറുമാണു മാരുതി സുസുക്കിയുടെ ചെറു ഹാച്ച്ബാക്കായ ഓൾട്ടോ.

ആദ്യമായി കാർ വാങ്ങാനെത്തുന്നവരാണ് ഓൾട്ടോ ഉടമസ്ഥരിൽ 54 ശതമാനത്തോളമെന്ന് മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ(മാർക്കറ്റിങ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ വിശദീകരിച്ചു. ഒതുക്കമുള്ള രൂപകൽപ്പനയും അനായാസം കൈകാര്യം ചെയ്യാമെന്നതും ഉയർന്ന ഇന്ധനക്ഷമതയും പരിഷ്കരിച്ച സുരക്ഷാ നിലവാരവുമൊക്കെയാണ് ആദ്യമായി കാർ വാങ്ങാനെത്തുന്നവരെ ‘ഓൾട്ടോ’യിലേക്ക് ആകർഷിക്കുന്നത്. പോരെങ്കിൽ കുറഞ്ഞ പരിപാലന/പ്രവർത്തന ചെലവും ‘ഓൾട്ടോ’യുടെ നേട്ടമാണെന്ന് ശ്രീവാസ്തവ വിശദീകരിച്ചു. 

മികച്ച ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ അവതരിപ്പിക്കുന്നതിൽ മാരുതി സുസുക്കിക്കുള്ള പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ് ‘ഓൾട്ടോ’ ശ്രേണിയിലെ 38 ലക്ഷം കാറുകളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പോരെങ്കിൽ  മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള എൻജിൻ സഹിതം എൻട്രി ലവൽ വിഭാഗത്തിൽ വിൽപ്പനയ്ക്കെത്തിയ ആദ്യ കാറുമാണ് ‘ഓൾട്ടോ’യെന്നു മാരുതി സുസുക്കി അവകാശപ്പെടുന്നു. ഒപ്പം ലീറ്ററിന് 22.05 കിലോമീറ്റർ ഇന്ധനക്ഷമതയും ‘ഓൾട്ടോ’യ്ക്കു മാരുതി അവകാശപ്പെടുന്നുണ്ട്. ഡ്രൈവറുടെ ഭാഗത്തെ എയർബാഗ് സ്റ്റാൻഡേഡ് വ്യവസ്ഥയിൽ ലഭിക്കുമ്പോൾ ഈ വിഭാഗത്തിൽ അടിസ്ഥാന പതിപ്പു മുതൽ ഓപ്ഷനൽ വ്യവസ്ഥയിൽ മുൻസീറ്റ് യാത്രികർക്കും എയർബാഗ് ലഭിക്കുന്ന ഏക മോഡലും ഓൾട്ടോയാണത്രെ.

ഇതിനു പുറമെ മെച്ചപ്പെട്ട സുരക്ഷയ്ക്ക് ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം(എ ബി എസ്) , ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം(ഇ ബി ഡി), റിവേഴ്സ് പാർക്കിങ് സെൻസർ, സ്പീഡ് അലെർട്ട് സംവിധാനം, മുൻ സീറ്റ് യാത്രികർക്കു സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയവയൊക്കെ പുത്തൻ ഓൾട്ടോയിലുണ്ട്. ക്രാഷ് ടെസ്റ്റിലെയും കാൽനടയാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും പുത്തൻ മാനദണ്ഡങ്ങളും ഓൾട്ടോ പാലിക്കുന്നുണ്ട്. 

English Summary: Alto Cross 38 Lakh Sales Mark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com