ADVERTISEMENT

ഇലോൺ മസ്കിന്റെ ടെസ്‌ല എന്തു ചെയ്താലും ലോകം ഞെട്ടും. കഴിഞ്ഞയാഴ്ച, ബാറ്ററിയിലോടുന്ന പിക്കപ് ട്രക്ക് അവതരിപ്പിച്ച ടെസ്‌ല ദിവസങ്ങൾക്കകം നേടിയത് 2 ലക്ഷത്തിലേറെ ബുക്കിങ്. യുഎസിൽ അവതരിപ്പിച്ച സൈബർ ട്രക്ക് കണ്ടാൽ ഏതോ വിഡിയോ ഗെയിമിൽനിന്നോ സയൻസ് ഫിക്‌ഷൻ സിനിമയിൽനിന്നോ ഇറങ്ങിവന്നതാണെന്നേ തോന്നൂ. റോക്കറ്റിനുപയോഗിക്കുന്ന തരം സ്റ്റീൽ കൊണ്ടുള്ള ബുള്ളറ്റ് പ്രൂഫ് ബോഡി. 

tesla-cybertruck-2

അവതരണച്ചടങ്ങിൽ, ട്രക്കിന്റെ ശക്തി തെളിയിക്കാൻ ചുറ്റികകൊണ്ട് അടിച്ചോൾ അനങ്ങാതെനിന്ന് ബോഡി കരുത്തുതെളിയിച്ചെങ്കിലും സ്റ്റീൽ പന്തുകൊണ്ടെറിഞ്ഞപ്പോൾ വശത്തെ രണ്ടു ജനാല ഗ്ലാസുകളും പൊട്ടിയത് നാണക്കേടായി. ആദ്യം ബോഡിയുടെ കരുത്തുനോക്കാൻ അടിച്ചപ്പോൾ ഗ്ലാസിനു ബലക്ഷയം വന്നതുകൊണ്ടാണ് അപകടമെന്നു പറഞ്ഞ് മസ്ക് തടിതപ്പുകയായിരുന്നു.

tesla-cybertruck-1

വിവാദം പിന്നെയും വന്നു. യുഎസിലെ ഏറ്റവും ജനപ്രിയ പിക്കപ് ആയ ഫോഡ് എഫ്–150നെ ഒരു കയറിൽകെട്ടി വലിച്ചു. ഭീകരൻ ട്രക്ക് ഉപയോഗിച്ച് ഫോഡിന്റെ ചെറുട്രക്കിനെ വലിച്ചിഴച്ചത് വലിയ വിജയമായി ഘോഷിക്കേണ്ടെന്നും, ഇത്തരം സാഹചര്യത്തിൽ ഭാരം കൂടിയ വസ്തു ജയിക്കുമെന്നത് വെറും ഫിസിക്സ് ആണെന്നും എൻജിന്റെ കഴിവല്ലെന്നും ശാസ്ത്രജ്ഞ സമൂഹം പറഞ്ഞു. ഘർഷണം (friction) അല്ല വാഹന എൻജിനീയറിങ് എന്നു ട്വിറ്ററിലും മസ്ക് അപമാനിക്കപ്പെട്ടു. ഒരു സൈബർട്രക്ക് അയച്ചുതരൂ, യഥാർഥ ബലപരീക്ഷണം നടത്തിക്കാണിക്കാം എന്നായിരുന്നു ഫോഡിന്റെ പ്രതികരണം.

ഇനി, ഈ വിവാദമൊക്കെ മസ്ക് പ്ലാൻ ചെയ്തതല്ലേ എന്നു സംശയിച്ചാൽ കുറ്റം പറയാനാകില്ല. 2021ൽ വിപണിയിലെത്തുമെന്നു പറഞ്ഞ ട്രക്കാണ് 100 ഡോളർ നൽകി ഇപ്പോഴേ ബുക്ക് ചെയ്യാൻ ജനം തിരക്കുകൂട്ടുന്നത്. 2 ലക്ഷം കടന്ന് ബുക്കിങ് കുതിക്കുകയാണ്. 

ഷാസിയിൽ ബോഡി പിടിപ്പിക്കുന്ന ട്രക്ക് രീതിയല്ല ഒറ്റ യൂണിറ്റായി ബോഡി നിർമിക്കുന്ന രീതിയാണ് ടെസ്‌ല സ്വീകരിച്ചിരിക്കുന്നത്. 400 കിലോമീറ്റർ ദൂരം ഒറ്റ ചാർജിൽ ഓടുന്ന സിംഗിൾ മോട്ടർ റിയർ വീൽ ഡ്രൈവ് മോഡൽ, 480 കിലോമീറ്റർ റേഞ്ച് ഉള്ള ഇരട്ട മോട്ടർ ഓൾ വീൽ ഡ്രൈവ് മോഡൽ, 800 കിലോമീറ്റർ റേഞ്ചുള്ള 3–മോട്ടർ ഓൾ വീൽ ഡ്രൈവ് മോഡൽ എന്നിങ്ങനെ മൂന്നു മോഡലുകൾ. വില 40000 ഡോളർ (28 ലക്ഷം രൂപ) മുതൽ 70000 ഡോളർ ( 49 ലക്ഷം രൂപ) വരെ. പരമാവധി വേഗം മണിക്കൂറിൽ 175 കിലോമീറ്റർ, 195 കിമീ, 210 കിമീ എന്നിങ്ങനെ. പൂജ്യത്തിൽനിന്നു 97 കിലോമീറ്റർ വേഗമാർജിക്കാൻ വേണ്ടത് യഥാക്രമം 6.5 സെക്കൻഡ്, 4.5 സെക്കൻഡ്, 2.9സെക്കൻഡ്. 1500 കിലോഗ്രാം ഭാരം വഹിക്കാനാകും.

English Summary: Tesla Cyber Truck

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com