ADVERTISEMENT

കിയ മോട്ടോഴ്സ് ഇന്ത്യയുടെ എസ്‌യുവിമായ സെൽറ്റോസിനു പുതുവർഷത്തോടെ വിലയേറുന്നു. വർധന എത്രയാവുമെന്നു കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഗണ്യമായ വർധന പ്രതീക്ഷിക്കാമെന്നാണു കിയ ഡീലർമാർ നൽകുന്ന സൂചന. ഒപ്പം സെൽറ്റോസിന്റെ എല്ലാ വകഭേദങ്ങളുടെയും വിലയിൽ വർധനയുണ്ടാവുമെന്നും അവർ വ്യക്തമാക്കുന്നു. ‌

കഴിഞ്ഞ ഓഗസ്റ്റിൽ പെട്രോൾ എൻജിനുള്ള അടിസ്ഥാന വകഭേദത്തിന് 9.69 ലക്ഷം രൂപ ഷോറൂം വില നിശ്ചയിച്ചാണു കിയ മോട്ടോഴ്സ് സെൽറ്റോസ് അവതരിപ്പിച്ചത്. ആദ്യ മോഡലെന്ന നിലയിൽ സെൽറ്റോസിനു പ്രഖ്യാപിച്ച ഈ വില പ്രാരംഭ ആനുകൂല്യമാണെന്ന് കിയ മോട്ടോഴ്സ് വ്യക്തമാക്കിയിരുന്നു. അധികം വൈകാതെ എസ് യു വിക്കു വില വർധിപ്പിക്കുമെന്നും ഹ്യുണ്ടേയ് മോട്ടോർ കമ്പനിയുടെ ഉപസ്ഥാപനമായ കിയ മോട്ടോഴ്സ് സൂചിപ്പിച്ചിരുന്നു.

എന്തായാലും മുമ്പു പ്രഖ്യാപിച്ച വിലയ്ക്കു തന്നെ ഡിസംബർ 31 വരെ സെൽറ്റോസ് വിൽപ്പന തുടരുമെന്നാണു കിയ മോട്ടോഴ്സ് ഇന്ത്യയുടെ പുതിയ അറിയിപ്പ്. ഇക്കൊല്ലം തന്നെ സെൽറ്റോസ് ലഭിക്കുന്ന ഉപയോക്താക്കൾക്കു മാത്രമാവും ഈ പ്രാരംഭകാല വിലയുടെ ആനുകൂല്യം കിട്ടുകയെന്നാണു സൂചന. ജനുവരി ഒന്നിനു വില വർധന പ്രാബല്യത്തിലെത്തുന്നതിനാൽ അതിനു ശേഷം ഡെലിവറി നടക്കുന്ന ‘സെൽറ്റോസി’നു പുതിയ വിലയാവും കിയ മോട്ടോഴ്സ് ഈടാക്കുക. 

രണ്ടു ട്രിമ്മുകളിലായി 16 വകഭേദങ്ങളോടെയായിരുന്നു സെൽറ്റോസിന്റെ അരങ്ങേറ്റം. പരമ്പരാഗത ശ്രേണിയായ എച്ച്ടി ലൈനും സ്പോർട്ടി പതിപ്പായി ജി ടി ലൈനുമാണു കിയ മോട്ടോഴ്സ് അവതരിപ്പിച്ചത്. തുടർന്നു സെപ്റ്റംബറിൽ ഉപയോക്താക്കളുടെ അഭിപ്രായം മാനിച്ചു സെൽറ്റോസിനു രണ്ടു മുന്തിയ വകഭേദങ്ങൾ കൂടി കിയ പുറത്തിറക്കി: പെട്രോൾ, ഡീസൽ എൻജിനുകളോടെ ജി ടി എക്സ് പ്ലസ്. 

നിലവിൽ സെൽറ്റോസിന്റെ ചില വകഭേദങ്ങൾ സ്വന്തമാക്കാൻ രണ്ടു മാസം വരെ കാത്തിരിക്കേണ്ട സാഹചര്യമാണ്. ഇന്ത്യൻ വിപണിയിൽ ടാറ്റ ഹാരിയർ, നിസ്സാൻ കിക്സ്, റെനോ ക്യാപ്ചർ, എം ജി ഹെക്ടർ എന്നിവയോടാണു സെൽറ്റോസിന്റെ മത്സരം. അടുത്ത വർഷത്തോടെ മാതൃസ്ഥാപനമായ ഹ്യുണ്ടേയിയുടെ തന്നെ എസ് യു വിയായ ക്രേറ്റയുടെ പുതിയ പതിപ്പും സെൽറ്റോസിനെ നേരിടാൻ എത്തും. 

English Summary:  Kia Seltos Price to Get Hike From Jan 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com