ADVERTISEMENT

ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങുന്നതിനിടെ മാർപാപ്പയ്ക്കു സമ്മാനമായി പുത്തൻ ഡാഷ്യ ഡസ്റ്റർ. മാർപാപ്പയുടെ പോപ് മൊബൈലിലെ പരിഷ്കാരങ്ങൾ സഹിതമാണു ഫ്രഞ്ച് നിർമാതാക്കളായ റെനോ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനു പുത്തൻ ഡസ്റ്റർ സമ്മാനിച്ചിരിക്കുന്നത്. സാധാരണ ‘ഡസ്റ്ററി’ലെ പോലെ അഞ്ചു സീറ്റുകൾ തന്നെയാണു മാർപാപ്പയ്ക്കു സമ്മാനിച്ച വാഹനത്തിലുമുള്ളത് . എന്നാൽ വിശ്വാസികൾക്കു ദർശനമേകാൻ മാർപാപ്പയ്ക്കു  വാഹനത്തിൽ ദീർഘസമയം സഞ്ചരിക്കേണ്ടി വരുന്ന സാഹചര്യം മുൻനിർത്തി ‘ഡസ്റ്ററി’ന്റെ പിൻസീറ്റ് കൂടുതൽ സുഖകരമാക്കിയിട്ടുണ്ട്. 

ഇതോടൊപ്പം ‘പോപ് മൊബൈലു’കളിലെ സ്ഥിരം സംവിധാനങ്ങളും ഈ ‘ഡസ്റ്ററി’ലുണ്ട്; വലിപ്പമേറിയ സൺറൂഫ്, മേൽക്കൂരയിൽ ഘടിപ്പിച്ച ഗ്രാബ് ഹാൻഡ്ൽ, മാർപാപ്പയെ വ്യക്തമായി കാണാൻ അവസരമൊരുക്കുന്ന സ്ഫടിക കാബിനറ്റ് തുടങ്ങിയവയൊക്കെ വാഹനത്തിൽ സജ്ജമാക്കിയിട്ടുണ്ട്. ലതർ ഇന്റീരിയർ സഹിതമെത്തുന്ന ‘ഡസ്റ്ററി’നു വെള്ള നിറമാണു പൂശിയിരിക്കുന്നത്; ഒപ്പം മാർപാപ്പയ്ക്ക് അനായാസം കയറാനും ഇറങ്ങാനും സഹായകമാവുംവിധത്തിൽ വാഹനത്തിന്റെ സസ്പെൻഷൻ 30 എം എം താഴ്ത്തിയിട്ടുമുണ്ട്.

ഡാഷ്യയുടെ പ്രോട്ടോടൈപ്, സ്പെഷൽ നീഡ്സ് വിഭാഗങ്ങളും റൊമാനിയൻ കോച്ച് നിർമാതാക്കളായ റോംടുറിൻഗ്യയും ചേർന്നാണു ബജറ്റ് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വിമായ ‘ഡസ്റ്ററി’ൽ ഈ പരിഷ്കാരങ്ങൾ നടപ്പാക്കിയത്. ഗ്രൂപ് റെനോ റൊമാനിയ മാനേജിങ് ഡയറക്ടർ ക്രിസ്റ്റോഫ് റിഡിയും ഗ്രൂപ് റെനോ ഇറ്റലി ജനറൽ മാനേജർ സേവിയർ മാർട്ടിനെറ്റും ചേർന്നാണു ‘ഡസ്റ്റർ’ വത്തിക്കാനിലെത്തിച്ചു പോപ്  ഫ്രാൻസിസിന്റെ ഉപയോഗത്തിനായി കൈമാറിയത്.

പോപ് ഫ്രാൻസിസിനെ സംബന്ധിച്ചിടത്തോളം ഡാഷ്യ വാഹനത്തിലെ യാത്ര ഇതാദദ്യമല്ല;  2016ലെ അർമേനിയ സന്ദർശന വേളയിൽ മാർപാപ്പയുടെ ഔദ്യോഗിക വാഹനം ‘ലോഗൻ’ സെഡാനായിരുന്നു. പോരാത്തതിന്  ആ കാറിൽ  പ്രത്യേക പരിഷ്കാരമൊന്നും വരുത്തിയിരുന്നുമില്ല. മുൻഗാമികൾ പലരും മെഴ്സീഡിസ് ബെൻസും റേഞ്ച് റോവറും പോലുള്ള വിലയേറിയ കാറുകളിലും യാത്ര ചെയ്തിരുന്നെങ്കിലും സ്ഥാനാരോഹണം മുതൽ ലാളിത്യവും മിതവ്യയവുമാണു  പോപ് ഫ്രാൻസിസ് മുറുകെ പിടിക്കുന്നത്. 

അതുകൊണ്ടുതന്നെ 2017ൽ ഇറ്റാലിയൻ സൂപ്പർ സ്പോർട്സ് കാർ നിർമാതാക്കളായ ലംബോർഗ്നി സമ്മാനിച്ച ‘ഹുറാകാൻ’ ലേലം ചെയ്തു വിൽക്കാനായിരുന്നു മാർപാപ്പയുടെ തീരുമാനം. വത്തിക്കാന്റെ ഔദ്യോഗിക നിറങ്ങൾ ചാർത്തിയെത്തിയ‘ഹുറാകാൻ’ അനുഗ്രഹിച്ച പോപ് ഫ്രാൻസിസ് കാറിൽ കയ്യൊപ്പും ചാർത്തിയ ശേഷമായിരുന്നു ലേലം. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു പണം കണ്ടെത്താനായി നടത്തിയ ലേലത്തിൽ 6.30 ലക്ഷം പൗണ്ട്(ഏകദേശം 5.84 കോടി രൂപ) വിലയ്ക്കാണ് ഈ കാർ വിറ്റു പോയത്.

English Summary: Vatican receives Dacia Duster as new Popemobile

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com