ADVERTISEMENT

കുറഞ്ഞ വിലയിൽ ലഭ്യമാവുന്ന വൈദ്യുത വാഹനം അവതരിപ്പിക്കാൻ മഹീന്ദ്ര ഇലക്ട്രിക്. ഒൻപതു ലക്ഷം രൂപയ്ക്കു താഴെ വിലയിൽ ചെറു എസ് യു വിയായ കെയുവി 100 വൈദ്യുത പതിപ്പ് വിൽപനയ്ക്കെത്തിക്കാനാണു രാജ്യത്തെ ഏറ്റവും വലിയ വൈദ്യുത വാഹന നിർമാതാക്കളായ മഹീന്ദ്രയുടെ നീക്കം. അടുത്ത മാസം നടക്കുന്ന ഓട്ടോ എക്സ്പോയിൽ ‘ഇ കെ യു വി’ അനാവരണം ചെയ്യുമെന്നാണു പ്രതീക്ഷ. 12 ലക്ഷം രൂപയ്ക്കാണ് മഹീന്ദ്രയുടെ ഇ വെരിറ്റൊ വൈദ്യുത സെഡാൻ നിലവിൽ വിൽപ്പനയ്ക്കെത്തുന്നത്.

വൈദ്യുത വാഹനങ്ങളാണു ഗതാഗതത്തിന്റെ ഭാവിയെന്നു മഹീന്ദ്ര ഗ്രൂപ് മാനേജിങ് ഡയറക്ടർ പവൻ ഗോയങ്ക അഭിപ്രായപ്പെട്ടു. വ്യക്തിഗത ഉപയോഗത്തിലുപരി പങ്കിടാവുന്ന ഗതാഗത സാധ്യതകളാണു കമ്പനി പരിഗണിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഈ സാഹചര്യത്തിലാണ് വാഹന വില അതീവ നിർണായകമാവുന്നത്; അതുകൊണ്ടുതന്നെ ഒൻപതു ലക്ഷം രൂപയിൽ താഴെ വിലയ്ക്കു വിൽക്കാനാവുന്ന വൈദ്യുത എസ് യു വി യാഥാർഥ്യമാക്കാനാണു കമ്പനിയുടെ ശ്രമമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതിലൂടെ വാണിജ്യ വിഭാഗത്തിനപ്പുറത്തേക്കു വൈദ്യുത വാഹന വിൽപ്പന വ്യാപിപ്പിക്കാനാവുമെന്നും ഗോയങ്ക കണക്കുകൂട്ടുന്നു.

ത്രി ചക്ര, നാലു ചക്രവാഹന വിഭാഗങ്ങളിലായി 27,600 വൈദ്യുത വാഹനങ്ങളാണു മഹീന്ദ്ര ഇലക്ട്രിക് ഇതിനോടകം വിറ്റഴിച്ചത്. പോരെങ്കിൽ രാജ്യത്തെ ആദ്യ വൈദ്യുത ക്വാഡ്രിസൈക്കിളായ ‘ആറ്റം’ വരുന്ന ഓട്ടോ എക്സ്പോയിൽ അനാവരണം ചെയ്യാനും കമ്പനി തയാറെടുക്കുന്നുണ്ട്. ‘ആൽഫ മിനി’യും ‘ട്രിയൊ’യും പോലെ അവസാന മൈൽ കണക്ടിവിറ്റിയാണ് ‘ആറ്റ’ത്തിലൂടെയും മഹീന്ദ്ര ഇലക്ട്രിക് ലക്ഷ്യമിടുന്നത്.

വൈദ്യുത വാഹന ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത വർഷത്തോടെ എക്സ്‌യുവി 300 വൈദ്യുത വാഹന രൂപത്തിലെത്തുമെന്നു ഗോയങ്ക സൂചിപ്പിച്ചു. വ്യക്തിഗത ഉപയോക്താക്കളെ ലക്ഷ്യമിട്ടാവും എസ് യുവിയായ ‘എക്സ് യു വി 300’ വൈദ്യുതീകരിച്ച രൂപത്തിലെത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ വിപണിയിലുള്ള വൈദ്യുത വാഹനങ്ങളോടു കിട പിടിക്കുന്ന സഞ്ചാര പരിധി(റേഞ്ച്) സഹിതമാവും ബാറ്ററിയിൽ ഓടുന്ന ‘എക്സ് യു വി 300’ എത്തുകയെന്നും ഗോയങ്ക വിശദീകരിച്ചു. ഒറ്റ ചാർജിൽ 300 – 400 കിലോമീറ്റർ റേഞ്ചാണു മഹീന്ദ്ര ആഗ്രഹിക്കുന്നതെന്നാണു സൂചന.

വൈദ്യുത വാഹന വിഭാഗത്തിലെ ഗവേഷണ, വികസന പ്രവർത്തനങ്ങൾക്കായി 1,000 കോടിയോളം രൂപയാണു മഹീന്ദ്ര നിക്ഷേപിക്കുക. ഇതിൽ പാതി ബെംഗളൂരുവിലെ മഹീന്ദ്ര ഇലക്ട്രിക് ശാലയിലും ബാക്കി പുണെയ്ക്കടുത്തു ചക്കനിൽ ശേഷിയേറിയ ബാറ്ററി ചാർജർ, സെൽ തുടങ്ങിയ തന്ത്രപ്രധാന ഘടകങ്ങളുടെ വികസനത്തിനുമാണു ചെലവഴിക്കുക.

English Summary: Mahindra KUV Electric

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com