ADVERTISEMENT

രാജ്യത്ത് വർഷം തോറും സംഭവിക്കുന്ന അഞ്ചു ലക്ഷത്തിലേറെ റോഡ് അപകടങ്ങളിലായി ജീവൻ നഷ്ടമാവുന്നത് ഒന്നര ലക്ഷത്തോളം പേർക്ക്. ഇത്രയധികം ജീവഹാനി സംഭവിച്ചിട്ടും പ്രശ്നപരിഹാരത്തിന് ഒട്ടേറെ മാർഗങ്ങൾ സ്വീകരിച്ചിട്ടും മരണസംഖ്യം കുറയ്ക്കാൻ സാധിക്കാത്തതിൽ പശ്ചാത്താപമുണ്ടെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഢ്കരി. ഈ 17 വരെ തുടരുന്ന റോഡ് സുരക്ഷാ വാരാചരണ പരിപാടിയുടെ ഭാഗമായി നാഗ്പൂരിൽ നടന്ന ചടങ്ങിലാണ് അപകടമരണങ്ങൾ സംബന്ധിച്ചു മന്ത്രി മനസ്സു തുറന്നത്.

അഞ്ചു ലക്ഷത്തോളം അപകടങ്ങളിലായി ഒന്നര ലക്ഷം പേർ കൊല്ലപ്പെടുന്നതിനു പുറമെ വർഷം തോറും രണ്ടര - മൂന്നു ലക്ഷം പേർക്ക് പരുക്കും സംഭവിക്കുന്നുണ്ടെന്നു മന്ത്രി വെളിപ്പെടുത്തി. ഇതു വഴി രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദന(ജി ഡി പി)ത്തിൽ രണ്ടു ശതമാനത്തോളം നഷ്ടമാണു കണക്കാക്കുന്നത്. പോരെങ്കിൽ റോഡ് അപകടങ്ങളിൽ ജീവൻ നഷ്ടമാവുന്നവരിൽ 62 ശതമാനത്തോളം 18നും 35നും മധ്യേ പ്രായമുള്ളവരാണെന്നും മന്ത്രി വിശദീകരിച്ചു.

റോഡ് അപകടങ്ങൾ ഒഴിവാക്കാനും മരണനിരക്ക് കുറയ്ക്കാനുമൊക്കെ ധാരാളം നടപടികൾ തന്റെ മന്ത്രാലയം സ്വീകരിച്ചുവരുന്നുണ്ട്. പക്ഷേ ഇത്രയൊക്കെ നടപടി സ്വീകരിച്ചിട്ടും മരണനിരക്കിൽ കാര്യമായ ഇടിവു കൈവരിക്കാനാവാത്തതിൽ അദ്ദേഹം നിരാശ രേഖപ്പെടുത്തി.അതേസമയം ഈ രംഗത്തു തമിഴ്നാട് കൈവരിച്ച നേട്ടത്തെ ഗഢ്കരി അഭിനന്ദിച്ചു; റോഡ് അപകടങ്ങൾ 29% കുറയ്ക്കാൻ സംസ്ഥാനത്തിനു സാധിച്ചതിനൊപ്പം മരണനിരക്ക് 30 ശതമാനത്തോളം കുറയ്ക്കാനും തമിഴ്നാടിനു സാധിച്ചെന്നു മന്ത്രി ചൂണ്ടിക്കാട്ടി. 

ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അവബോധത്തിനൊപ്പം എല്ലാവരും നിയമങ്ങൾ പാലിക്കുന്നെന്ന് ഉറപ്പുവരുത്താനും കൂട്ടായ പ്രയത്നം വേണമെന്നു ഗഢ്കരി നിർദേശിച്ചു. പൊലീസിനു പുറമെ ആർ ടി ഒകളും സർക്കാർ ഇതര സംഘടനകളുമൊക്കെ കൂട്ടായി യത്നിച്ചാൽ റോഡ് അപകടങ്ങളും അതുവഴിയുള്ള മരണങ്ങളും കുറയ്ക്കാനാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

English Summary: 1.5 Lakh People Die In Five Lakh Accidents Every Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com