ഓട്ടോ എക്സ്പോ: മഹീന്ദ്രയിൽ നിന്ന് 18 പുതുമോഡൽ

mahindra-xuv300-10
Representative Image
SHARE

അടുത്ത മാസത്തെ ഓട്ടോ എക്സ്പോയിൽ യാത്രാവാഹന, വാണിജ്യ വാഹന വിഭാഗങ്ങളിലായി 18 പുതുമോഡലുകൾ പ്രദർശിപ്പിക്കുമെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). ഉൽപ്പാദനസജ്ജമായ മൂന്നു വൈദ്യുത വാഹനങ്ങൾക്കു പുറമെ ഭാവിയിലേക്കുള്ള കൺസപ്റ്റ് വാഹനവും പവിലിയനിൽ ഇടംപിടിക്കുമെന്നു കമ്പനി വ്യക്തമാക്കി.

വാഹനങ്ങൾക്കു പുറമെ വൈദ്യുത ബാറ്ററികളും ചാർജിങ് സ്റ്റേഷനുകളും മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ് നിലവാരമുള്ള പെട്രോൾ എൻജിനുമൊക്കെ മഹീന്ദ്ര ഓട്ടോ എക്സ്പോയിൽ അണി നിരത്തും. പൂർണമായും മാലിന്യ വിമുക്തമായ ഓട്ടമൊബീൽ റീസൈക്ലിങ് എന്ന ആശയവും മഹീന്ദ്ര അനാവരണം ചെയ്യും. കൂടാതെ ഭാവി മോഡലുകൾക്കുള്ള വൈദ്യുത ആർക്കിടെക്ചർ, ഇ മൊബിലിറ്റി പ്ലാറ്റ്ഫോം എന്നിവയും മഹീന്ദ്രയിൽ നിന്നു പ്രതീക്ഷിക്കാം.

‘ഡ്രിവൺ ബൈ പർപസ്’ എന്ന ആശയത്തിലധിഷ്ഠിതമായാവും മഹീന്ദ്ര ഓട്ടോ എക്സ്പോ പവിലിയൻ സജ്ജീകരിക്കുക. ഈ ഓട്ടോ എക്സ്പോയിൽ ഇന്ത്യൻ നിർമാതാക്കളിൽ നിന്നുള്ള ഏറ്റവും വിപുലമായ വൈദ്യുത വാഹന ശ്രേണി അണിനിരത്താനാണു കമ്പനി ലക്ഷ്യമിടുന്നതെന്നും മഹീന്ദ്ര വ്യക്തമാക്കുന്നു.മഹീന്ദ്രയുടെ വാഹന ഡിവിഷന്റെ വിൽപ്പന, വിപണന വിഭാഗം മേധാവി വീജേ രാം നക്രയാണ് ഓട്ടോ എക്സ്പോയിലെ പ്രമേയമായ ‘ഡ്രിവൺ ബൈ പർപസ്’ അനാവരണം ചെയ്തത്. മലിനീകരണ വിമുക്തവും ഹരിത സമൃദ്ധവും സാങ്കേതികവിദ്യയാൽ ബന്ധിതവുമായ നാളെയാണു മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ സ്വപ്നമെന്ന് അദ്ദേഹം വിശദീകരിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA