ADVERTISEMENT

ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള കാറുകളുടെ വില ഉടൻ വർധിപ്പിക്കില്ലെന്നു സ്വീഡിഷ് ആഡംബര കാർ ബ്രാൻഡായ വോൾവോ. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ് നിലവാരം കൈവരിച്ചതിന്റെ പേരിൽ എതിരാളികൾ വാഹന വിലയിൽ മൂന്നു മുതൽ നാലു ശതമാനം വരെ വർധന പ്രഖ്യാപിച്ചതിനിടെയാണു ചൈനീസ് ഗീലിയുടെ ഉടമസ്ഥതയിലുള്ള വോൾവോ കാഴ്സ് ഇന്ത്യ വേറിട്ട നിലപാട് സ്വീകരിച്ചിരിക്കുന്നത്.

എന്നാൽ ബി എസ് ആറ് നിലവാരം കൈവരിക്കുന്നതു മൂലമുള്ള അധിക ബാധ്യത കമ്പനി ഏറ്റെടുക്കുന്നതു പ്രാരംഭ ആനുകൂല്യമെന്ന നിലയിലാണെന്നും വോൾവോ വ്യക്തമാക്കി. പരിസ്ഥിതി സൗഹൃദമായ ബി എസ് ആറ് കാറുകൾ സ്വന്തമാക്കാൻ ഉപയോക്താക്കൾക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണു നടപ്പു സാമ്പത്തിക വർഷം വില വർധന ഒഴിവാക്കി ഇത്തരം കാറുകൾ വിൽക്കുന്നതെന്ന് വോൾവോ കാഴ്സ് ഇന്ത്യ മാനേജിങ് ഡയറക്ടർ ചാൾസ് ഫ്രംപ് വിശദീകരിച്ചു. 

ഏപ്രിൽ ഒന്നു മുതലാണു രാജ്യത്ത് ഭാരത് സ്റ്റേജ് ആറ് നിലവാരം പ്രാബല്യത്തിലെത്തുന്നത്.  ആ ഘട്ടം മുതൽ കാർ വില ഉയർത്താനാണു വോൾവോ കാഴ്സിന്റെ തീരുമാനം. ‘എക്സ് സി 40’, ‘എക്സ് സി 60’, ‘എക്സ് സി 90’, ‘എസ് 60’, ‘എസ് 60 ക്രോസ് കൺട്രി’, ‘എസ് 90’, ‘വി 90 ക്രോസ് കൺട്രി’ തുടങ്ങിയ മോഡലുകളാണു നിലവിൽ വോൾവോ ഇന്ത്യയിൽ വിൽക്കുന്നത്. ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു തുടങ്ങിയ വൻനഗരങ്ങൾക്കൊപ്പം  കൊച്ചിയിലും കോഴിക്കോട്ടുമടക്കം ആകെ 24 ഡീലർഷിപ്പുകളും വോൾവോ കാഴ്സിന് ഇന്ത്യയിലുണ്ട്. 

ബി എസ് ആറ് നിലവാരം നടപ്പാവുന്നതിന്റെ പേരിൽ ജർമൻ ആഡംബര കാർ നിർമാതാക്കൾ നേരത്തെ വില വർധന പ്രഖ്യാപിച്ചിരുന്നു. മെഴ്സീഡിസ് ബെൻസ് ഇന്ത്യ പുതുവർഷം മുതൽ തന്നെ വാഹന വില മൂന്നു ശതമാനത്തോളം ഉയർത്തി. രണ്ടു മാസം മുമ്പ് ബി എം ഡബ്ല്യു ഇന്ത്യയും വാഹനവിലയിൽ ആറു ശതമാനത്തോളം വർധന നടപ്പാക്കിയിരുന്നു.

English Summary: Volco Cars BS 6 Cars to be Sold in BS 4 Price Range Until March

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com