ADVERTISEMENT

ഇലക്ട്രോണിക് ടോൾ പിരിവ് ഊർജിതമാക്കാൻ ലക്ഷ്യമിട്ടു ദേശീയ പാത അതോറിട്ടി(എൻ എച്ച് എ ഐ) സൗജന്യമായി ഫാസ്റ്റാഗ് അനുവദിക്കുന്നു. ഈ മാസം 29 വരെയാണ് വില നൽകാതെ ഫാസ്റ്റാഗ് സ്വന്തമാക്കാൻ അവസരമുള്ളത്. രാജ്യത്തെ ദേശീയപാതകളിലെ 527 ടോൾ ബൂത്തുകളിലും ഫാസ്റ്റാഗ് മുഖേനയുള്ള ചുങ്കപിരിവിനു കേന്ദ്ര സർക്കാർ തുടക്കമിട്ടിട്ടുണ്ട്.

നിലവിൽ 100 രൂപയാണു ഫാസ്റ്റാഗിനുള്ള ഫീസായി എൻ എച്ച് എ ഐ ഈടാക്കുന്നത്. എന്നാൽ ഡിജിറ്റൽ രീതിയിലുള്ള ടോൾ പിരിവ് പ്രോത്സാഹിപ്പിക്കാനായി ഈ 15 മുതൽ 29 വരെ ഫാസ്റ്റാഗ് സൗജന്യമായി അനുവദിക്കാൻ തീരുമാനിച്ചതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അറിയിച്ചു. അതേസമയം, ഫാസ്റ്റാഗിന്റെ സെക്യൂരിറ്റി ഡിപ്പോസിറ്റിലും മിനിമം ബാലൻസ് തുകയിലും ഇളവൊന്നും അനുവദിച്ചിട്ടില്ല.

വാഹനത്തിന്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം അംഗീകൃത വിൽപ്പനശാലകൾ സന്ദർശിച്ച് സൗജന്യമായി ഫാസ്റ്റാഗ് സ്വന്തമാക്കാൻ അവസരമുണ്ടെന്ന് എൻ എച്ച് എ ഐ വ്യക്തമാക്കി. നേരത്തെ 2019 നവംബർ 22 മുതൽ ഡിസംബർ 15 വരെയും എൻ എച്ച് എ ഐ സൗജന്യമായി ഫാസ്റ്റാഗ് ലഭ്യമാക്കിയിരുന്നു. 

ദേശീയപാതകളിലെ ടോൾ പ്ലാസകൾക്കു പുറമെ റീജണൽ ട്രാൻസ്പോർട്ട് ഓഫിസ്, പൊതു സേവന കേന്ദ്രങ്ങൾ, ട്രാൻസ്പോർട്ട് ഹബ്, പെട്രോൾ പമ്പ് തുടങ്ങിയ കേന്ദ്രങ്ങളിലും ഫാസ്റ്റാഗ് ലഭ്യമാണ്. മൊബൈൽ ആപ്ലിക്കേഷനായ ‘മൈഫാസ്റ്റാഗ്’ മുഖേനയും www.ihmcl.com   എന്ന വെബ്സൈറ്റ് വഴിയും വാഹന ഉടമസ്ഥർക്ക് സമീപത്തെ ഫാസ്റ്റാഗ് വിൽപ്പന കേന്ദ്രം കണ്ടെത്താം. കൂടാതെ 1033 എന്ന എൻ എച്ച് ഹെൽപ് ലൈനിൽ നിന്നും ഫാസ്റ്റാഗ് കേന്ദ്രം സംബന്ധിച്ച വിവരം ലഭിക്കും.

ഫാസ്റ്റാഗ് സംവിധാനം നടപ്പാക്കിയതോടെ ദേശീയപാതകളിലെ ടോൾ ബൂത്തുകളിൽ നിന്നുള്ള വരുമാനത്തിൽ ഗണ്യമായ വർധന രേഖപ്പെടുത്തിയതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഢ്കരി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. നേരത്തെ പ്രതിദിനം 68 കോടി രൂപയായിരുന്ന ടോൾ പിരിവ് 87 കോടി രൂപയായി ഉയർന്നെന്നായിരുന്നു മന്ത്രിയുടെ കണക്ക്. പോരെങ്കിൽ ഫാസ്റ്റാഗ് സംവിധാനം പൂർണ തോതിൽ നിലവിൽവരുന്നതോടെ ടോൾ പിരിവ് പ്രതിദിനം 100 കോടി രൂപയായി ഉയരുമെന്നും എൻ എച്ച്  എ ഐ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. 

English Summary: Free Fastag

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com