ADVERTISEMENT

ടൊയോട്ടയുടെ അത്യാഡംബര എംപിവി വെൽഫയർ ഈ മാസം വിപണിയിലെത്തും. ടൊയോട്ട ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ മാസം 26 ന് വെൽഫയറിന്റെ വില പ്രഖ്യാപിക്കും എന്നാണ് സൂചന. ഏകദേശം 85 ലക്ഷം മുതൽ 90 ലക്ഷം രൂപ വരെയായിരിക്കും വെൽഫയറിന്റെ എക്സ്ഷോറൂം വില. ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ പ്രാദേശിക സർട്ടിഫിക്കേഷൻ വ്യവസ്ഥകളിൽ നടപ്പാക്കിയ മാറ്റം പ്രയോജനപ്പെടുത്തിയാവും എംപിവി ഇന്ത്യയിലെത്തുക. 

ഉൽപ്പാദന രാജ്യത്ത് സർട്ടിഫിക്കേഷൻ ലഭിച്ച വാഹനങ്ങളുടെ 2,500 യൂണിറ്റ് വരെ ഇന്ത്യയിൽ വിൽക്കാൻ പ്രത്യേക ഹോമൊലോഗേഷൻ ആവശ്യമില്ലെന്നു കഴിഞ്ഞ സെപ്റ്റംബറിലാണു കേന്ദ്ര സർക്കാർ തീരുമാനിച്ചത്. നേരത്തെ 40,000 ഡോളറിൽ(ഏകദേശം 28.52 ലക്ഷം രൂപ) ഏറെ വിലയും മൂന്നു ലീറ്ററിലേറെ ശേഷിയുള്ള പെട്രോൾ എൻജിനോ രണ്ടര ലീറ്ററിലേറെ ശേഷിയുള്ള ഡീസൽ എൻജിനോ ഘടിപ്പിച്ച വാഹനങ്ങൾക്കു മാത്രമായിരുന്നു ഹോമൊലോഗേഷൻ വ്യവസ്ഥയിൽ ഇളവ്.

ഹോമൊലോഗേഷൻ വ്യവസ്ഥകളിലെ പരിഷ്കാരം പ്രയോജനപ്പെടുത്തി അത്യാധുനിക സാങ്കേതിക വിദ്യയുടെ പിൻബലമുള്ള മുൻനിര മോഡലുകൾ ഇന്ത്യയിലെത്തിക്കാനാണ് ടൊയോട്ട കിർലോസ്കർ ശ്രമിക്കുന്നത്. കഴിഞ്ഞ വർഷം തന്നെ എം പി വിയായ ഹയാസ് ഇന്ത്യയിലെത്തിക്കാൻ ടൊയോട്ട ആലോചിച്ചിരുന്നു; എന്നാൽ വിദേശനാണയ വിനിമയ നിരക്കിലെ ചാഞ്ചാട്ടവും സ്പീഡ് ഗവർണർ ഘടിപ്പിക്കുന്നതു സംബന്ധിച്ച വ്യവസ്ഥകളും ഈ നീക്കത്തിനു തിരിച്ചടിയായി.

രാജ്യാന്തര വിപണിയിലുള്ള വെൽഫയറും അൽഫാഡുമായി ചെറിയ മാറ്റങ്ങൾ മാത്രമേയുള്ളു. യാത്രാസുഖത്തിനും സൗകര്യങ്ങൾക്കും മുൻതൂക്കം നൽകി നിർമിച്ചിരിക്കുന്ന വെൽഫയർ വിവിധ സീറ്റ് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. ഇലക്ട്രിക്കലി അഡ്ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, മൂന്ന് സോൺ എസി, 10.2 ഇഞ്ച് ഇൻഫോടൈൻമെന്റ് സിസ്റ്റം, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ സൗകര്യങ്ങളുണ്ട്. 2.5 ലീറ്റർ ഡ്യുവൽ വിവിടി ഐ എൻജിനാണ് രാജ്യാന്തര വിപണിയിലുള്ള വെൽഫയറിൽ ഉപയോഗിക്കുന്നത്. പൂർണമായും ഇറക്കുമതി ചെയ്യുന്ന വാഹനം ഇന്ത്യയിലെത്തുമ്പോൾ ഏതു എൻജിനായിരിക്കും ഉപയോഗിക്കുക എന്ന് വ്യക്തമല്ല.

English Summary: Toyota Vellfire In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com