ADVERTISEMENT

രാജ്യത്തെ ആദ്യ ഫോർമുല വൺ കാറോട്ട മത്സരത്തിന് വേദിയൊരുക്കിയ ബുദ്ധ് ഇന്റർനാഷനൽ സർക്യൂട്ട്(ബി ഐ സി) യമുന എക്സ്പ്രസ്‌വേ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് അതോറിട്ടി(വൈഇഐഡിഎ) പൂട്ടി മുദ്രവച്ചു. ട്രാക്ക് നിർമിച്ച ജെപി ഇൻഫ്രാടെക് ലിമിറ്റഡ് വരുത്തിയ കുടിശികയുടെ പേരിലാണ് അതോറിട്ടിയുടെ നടപടി. ജെപി നിന്നു ലഭിക്കാനുള്ള കുടിശിക ഈടാക്കാനായി ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയ്ഡയിലുള്ള ബുദ്ധ് ഇന്റർനാഷനൽ 5.1 കിലോമീറ്റർ നീളമുള്ള സർക്യൂട്ട് ലേലം ചെയ്യാനുള്ള രാജ്യാന്തര ടെൻഡർ നടപടികൾക്കും വൈ ഇ ഐ ഡി എ തുടക്കമിട്ടിട്ടുണ്ടെന്നാണു സൂചന. 

അതോറിട്ടിക്കു ലഭിക്കേണ്ട പണം അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയതോടെയാണ് മോട്ടോർ റേസിങ്ങിനായി രൂപകൽപ്പന ചെയ്ത സർക്യൂട്ടിലേക്കുള്ള പ്രവേശന കവാടങ്ങൾ വൈ ഇ ഐ ഡി എ പൂട്ടി മുദ്രവച്ചത്.  ഏകദേശം 600 കോടി രൂപയാണ് ജെപി വൈഇഡിഎയ്ക്ക് നൽകാനുള്ളത്. എന്നാൽ സർക്യൂട്ടിന്റെ വിഐപി ഗെയിറ്റുകൾ മാത്രമേ പുട്ടിയിട്ടുള്ളന്നും നേരത്തെ നിശ്ചയിച്ച പരിപാടികൾ നടക്കുമെന്നുമാണ് ജെപി ഇന്റർനാഷനൽ അറിയിക്കുന്നത്. ജെപി ഇൻഫ്രാടെക്കിന്റെ സഹോദരസ്ഥാപനമായ ജെപി ഇന്റർനാഷനൽ സ്പോർട്സ് കമ്പനിക്ക് 1,000 ഹെക്ടർ ഭൂമി പാട്ടത്തിനു നൽകുന്ന കരാർ വൈ ഇ ഐ ഡി എ നേരത്തെ റദ്ദാക്കിയിരുന്നു. കരാർ റദ്ദാക്കി ഒന്നര മാസത്തോളം പിന്നിടുന്ന വേളയിലാണ് അതോറിട്ടി സർക്യൂട്ടിലേക്കുള്ള പ്രവേശന കവാടങ്ങൾ മുദ്രവച്ചിരിക്കുന്നത്. 

അതേസമയം, റേസിങ് ട്രാക്ക് മുദ്രവച്ച യമുന എക്സ്പ്രസ്‌വേ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് അതോറിട്ടിയുടെ നടപടിയെ നിയമപരമായി നേരിടുമെന്നു ജെപി ഇൻഫ്രാടെക് അറിയിച്ചു. അതോറിട്ടിയുമായുള്ള കരാറിലെ 90% വ്യവസ്ഥകളും പാലിച്ചിട്ടുണ്ടെന്നാണു കമ്പനിയുടെ നിലപാട്. ജെപി ഗ്രൂപ്പിൽപെട്ട ജെപി ഇൻഫ്രാടെക് ലിമിറ്റഡ് 2011 ഒക്ടോബറിലാണ് ബുദ്ധ് ഇന്റർനാഷനൽ സർക്യൂട്ട് നിർമാണം  പൂർത്തിയാക്കിയത്. 

പ്രധാനമായും ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ പ്രശസ്ത ഡിസൈനർ ഹെർമാൻ ടില്കെ രൂപകൽപ്പന നിർവഹിച്ച ഈ സർക്യൂട്ട് 2011 മുതൽ 2013 വരെ ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിലെ ഇന്ത്യൻ ഗ്രാൻപ്രിക്ക് ആതിഥ്യമരുളുകയും ചെയ്തു. എന്നാൽ പ്രായോജകരായ ജേയ്പീ ഗ്രൂപ്  സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങിയതോടെ 2014 മുതൽ ഇന്ത്യൻ ഗ്രാൻപ്രിയെ ഫോർമുല വൺ കലണ്ടറിൽ നിന്നു പുറത്താക്കുകയും ചെയ്തു. തുടർന്നു പ്രാദേശിക ചാംപ്യൻഷിപ്പുകൾക്കൊപ്പം വാഹന നിർമാതാക്കളുടെ പരസ്യ ചിത്രീകരണങ്ങൾ മാത്രമാണ് ബി ഐ സിയിൽ അരങ്ങേറിയിരുന്നത്. 

English Summary: Authorities Seal Buddh International Circuit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com