ADVERTISEMENT

യുഎസ് പ്രസിഡന്റ് ട്രംപിനേയും ഭാര്യ മെലാന ട്രംപിനേയും സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. അമേരിക്കയിൽ നിന്ന് പ്രസിഡന്റിനേയും കുടുംബത്തേയും ഉദ്യോഗസ്ഥരേയും ഇന്ത്യയിലെത്തിക്കുന്നത് അമേരിക്കൻ സർക്കാറിന്റെ വിശ്വസ്ത എയർഫോഴ്സ് വൺ. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനം എന്നു പറയാവുന്ന എയർഫോഴ്സ് വൺ ബോയിങ് 747–200ബിയുടെ കസ്റ്റമൈസിഡ് പതിപ്പാണ്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും വാർത്താവിനിമയ സംവിധാനങ്ങളുമുള്ള എയർഫോഴ്സ് വണിന് മിസൈൽ ആക്രമണം വരെ ചെറുക്കാനുള്ള ശക്തിയുണ്ട്.

boeing-314-clipper
Boeing 314 Clipper

ചരിത്രം

1943 മുതലാണ് അമേരിക്കൻ പ്രസിഡന്റിന് സഞ്ചരിക്കാൻ പ്രത്യേക വിമാനം എന്ന ആശയം വന്നത്. ഫ്രാങ്കിലിൻ റൂസ്‌വെൽറ്റാണ് കടലിന് മീതെ വിമാനത്തിൽ പറന്ന ആദ്യ പ്രസിഡന്റ്. ബോയിങ്ങിന്റെ ബി– 314 ക്ലിപ്പർ വിമാനമായിരുന്നു അന്ന് ഉപയോഗിച്ചത്. തുടർന്ന് മെഗ്‍ഡോണാൾഡ് ഡഗ്ലസിന്റെ വിമാനങ്ങൾ യുഎസ് പ്രസിഡന്റുമാർ ഉപയോഗിച്ചിട്ടുണ്ട്. യുഎസ് വ്യോമസേനയുടെ വിമാനങ്ങളായിരുന്നു അവ. സേക്രഡ് കൗ, ഇന്റിപെൻഡന്റ് എന്നീ പേരുകളിലാണ് അവ അറിയപ്പെട്ടിരുന്നത്.  

അമ്പതുകളിൽ ബോയിങ് വിമാനം പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായി മാറി. 1953 ലാണ് എയർഫോഴ്സ് വൺ എന്ന പേര് ആദ്യമായി വരുന്നത്. പ്രസി‍ഡന്റിന്റെ വിമാനം പെെട്ടന്ന് തിരിച്ചറിയുന്നതിനുവേണ്ടിയാണ് ആ പേര് കൊടുത്തത്. 1962ല്‍ അന്നത്തെ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയാണ് പ്രസിഡന്റിന് വേണ്ടി മാത്രമായി നിർമിച്ച ആദ്യ വിമാനത്തിന്റെ അവകാശി. ബോയിങ് 707 ന്റെ മോഡിഫൈഡ് പതിപ്പായിരുന്നു അത്. തുടർന്ന് ബോയിങ് 747 വിമനത്തിലേക്ക് മാറി.

boeing-707
Boeing 707

പറക്കും വൈറ്റ് ഹൗസ്

നിലവിൽ അമേരിക്കൻ പ്രസിഡന്റിന് സഞ്ചരിക്കാൻ രണ്ട് ബോയിങ് 747-200ബി വിമാനങ്ങളുണ്ട്. പറക്കും വൈറ്റ്ഹൗസ് എന്ന് വിളിപ്പേരുള്ള ഈ വിമാനത്തിനുള്ളിൽ വെറ്റ് ഹൗസിലെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഭൂമിയിലും ആകാശത്തുമുള്ള അക്രമണങ്ങളെ ഒരുപോലെ നേരിടാനും പ്രത്യാക്രമണം നടത്താനും ശേഷിയുള്ള ആയുധങ്ങളും തോക്കുകളുമൊക്കെ ഈ പറക്കുന്ന വൈറ്റ് ഹൈസിലുണ്ട്. ഇലക്ട്രോ മാഗ്നറ്റിക്ക് തരംഗങ്ങളെ ചെറുക്കാൻ പാകത്തിലാണ് വിമാനത്തിന്റെ നിർമിതി. കിടപ്പറ, ഡ്രസ്സിങ് റൂം, കുളിമുറി, ജിം പരിശീലന സ്ഥലം തുടങ്ങിയവ ഉൾപ്പെട്ട പ്രസിഡന്റിനു വേണ്ടിയുള്ള പ്രത്യേക സ്യൂട്ട് മുറി, അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രി, അത്യാധുനിക ആശയവിനിമയ സംവിധാനങ്ങൾ, 87 ടെലിഫോൺ എന്നിവ എയർഫോഴ്സ് വണ്ണിലുണ്ട്. 102 പേര്‍ക്കാണ് ഈ വിമാനത്തിൽ സഞ്ചരിക്കാൻ കഴിയുക. മൂന്നു നിലയുള്ള ഈ വിമാനത്തിന് നാലായിരത്തോളം ചതുരശ്ര അടി വിസ്തീർണ്ണവും 70.4 മീറ്റർ നീളവും 59.6 മീറ്റർ വീതിയുമുണ്ട്.

വിമാനത്തിൽ സുരക്ഷയ്ക്കാണ് കൂടുതൽ പ്രധാന്യം നൽകിയിരിക്കുന്നത്. ആവശ്യമെങ്കിൽ യാത്രക്കിടയിൽ തന്നെ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യമുള്ള വിമാനം ഏത് ഭീകരാക്രമണത്തെയും എന്തിന് ആണവായുധ ആക്രമണത്തെപ്പോലും ഫലപ്രദമായി പ്രതിരോധിക്കും. ശത്രുക്കളുടെ റഡാറിൽ പെടാതിരിക്കാനുള്ള സംവിധാനവും എയർഫോഴ്സ് വണ്ണിലുണ്ട്. മണിക്കൂറിൽ ഏകദേശം 1128 കിലോമീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കുന്ന ഈ വിമനത്തിന് 12550 കിലോമീറ്റർ വരെ ഒറ്റയടിക്ക് പറക്കാനാകും. 325 ദശലക്ഷം ഡോളർ (ഏകദേശം 2200 കോടി) ആണ് വില. 26 ക്രൂ അടക്കം 102 പേർക്ക് സഞ്ചരിക്കാം. 56700 പൗണ്ട് ത്രസ്റ്റുള്ള എൻജിനുകളാണ് ഉപയോഗിക്കുന്നത്.  377842 കിലോഗ്രാം ഭാരം വഹിച്ച് പറന്നുയരാനാവും 

English Summary: Air Force One

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com