ADVERTISEMENT

ഇരുചക്ര വാഹനങ്ങൾ കൈയിൽ കിട്ടിയാൽ ചിലർക്കു പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ സാധിക്കില്ല. ഷോഓഫിനു വേണ്ടി മാത്രം നടുറോഡിൽ അഭ്യാസങ്ങൾ കാണിക്കും. അത് ബൈക്ക് ഓടിക്കുന്നവരുടെ ജീവന് മാത്രമല്ല മറ്റു റോഡ് യാത്രക്കാരുടേയും ജീവൻ അപായത്തിലാക്കുമെന്ന് ഇവർ മനസ്സിലാക്കുന്നില്ല. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ വിഡിയോ.

നടുറോഡിൽ അഭ്യാസം കാണിക്കാൻ ശ്രമിച്ച യുവാവ് റോഡിൽ വീഴുന്നതാണ് വിഡിയോയിൽ. ഒരു വാഹനത്തെ മറികടന്നപ്പോൾ അഭ്യാസം കാണിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് വീണത്. പിന്നാലെയുണ്ടായിരുന്ന വാഹനത്തിന്റെ ഡാഷ്ബോർഡ് ക്യാമറയിലാണ് അപകട ദൃശ്യം പതിഞ്ഞത്. യുവാവിന് ഗുരുതര പരുക്കുകൾ ഏറ്റിട്ടില്ലെന്നാണ് കരുതുന്നത്. അപകടം നടന്ന സ്ഥലം വ്യക്തമല്ല.

റോഡ് റേസ് ട്രാക്കല്ല

റേസ് ട്രാക്കിലെ വളവുകളിൽ വിദഗ്ധരായ ഡ്രൈവർമാർ ബൈക്ക് കിടത്തിയെടുക്കുന്നതു കണ്ട് രോമാഞ്ചമണിഞ്ഞ്, അതുപോലെ എനിക്കും കഴിയും എന്നു പറഞ്ഞാണ് മിക്കവരും റോഡിലിറങ്ങുന്നത്. ഒന്നോർക്കുക: റോ‍ഡ് വേറെ ട്രാക്ക് വേറെ. ട്രാക്കിന്റെ നിർമാണരീതിയല്ല റോഡിന്റേത്. ട്രാക്കിൽ എതിരെ വാഹനങ്ങളില്ല, പൊടിയില്ല, മറ്റു തടസങ്ങൾ ഒന്നുമില്ല. റോഡിൽ അങ്ങോട്ടു പോയപ്പോൾ ഉള്ള അവസ്‌ഥയായിരിക്കില്ല തിരിച്ചു വരുമ്പോൾ. ടിപ്പറിൽ നിന്നുള്ള മണൽ വളവിൽ വീണു കിടപ്പുണ്ടെങ്കിലോ? അതറിയാതെ വീശിയെടുത്താൽ കഴിഞ്ഞില്ലേ കാര്യം. 

ടയർ സുപ്രധാന ഘടകം

വാഹനത്തെ റോഡുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു ഘടകം ടയറാണ്. അമിത വേഗത്തിൽ പായുന്ന ചെറുപ്പക്കാരിൽ എത്രപേർ വണ്ടി എടുക്കുന്നതിനു മുൻപ് ടയറിന്റെ അവസ്ഥ നോക്കാറുണ്ട്. റേസ് ബൈക്കുകളിൽ ഉപയോഗിക്കുന്ന ടയറുകൾ സോഫ്റ്റ് കോംപൗണ്ട് റബറിനാൽ നിർമ്മിച്ചവയാണ്. അതു ട്രാക്കിൽ കൂടുതൽ പിടിത്തം നൽകും. പക്ഷേ ഈടു കുറവാണ്. നിരത്തിൽ ഉപയോഗിക്കാനുള്ള ടയറുകൾ എല്ലാ കാലാവസ്‌ഥയിലും സാഹചര്യത്തിലും ഒാടാൻ കഴിയുന്ന ഈടുള്ള കട്ടി കൂടിയ റബറിനാൽ നിർമിച്ചവയാണ്. പക്ഷേ ഈ ടയറുകൊണ്ട് പരിധിയിൽ കൂടുതൽ വളവു വീശിയാൽ തെന്നിപ്പോകുമെന്നു പ്രത്യേകിച്ചു പറയേണ്ടതില്ല. 

വേഗമെടുക്കാം, സുരക്ഷിതമായി‌

വളവുകളിൽ എതിരെ വരുന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് മിക്ക അപകടവും സംഭവിക്കുന്നത്. വളവുകൾ എങ്ങനെ എടുക്കണമെന്ന് ഏതെങ്കിലും ഡ്രൈവിങ് സ്കൂളുകാർ പഠിപ്പിക്കാറുണ്ടോ? ഇല്ല. അൽപം ശ്രദ്ധിച്ചാൽ വളവുകളിലെ അപകടം ഒഴിവാക്കാം. വളവിലെത്തുന്നതിനു മുൻപ് റോഡിന്റെ മധ്യഭാഗത്തേക്ക് വാഹനം പോയിന്റ് ചെയ്യുക. എതിരെ വാഹനം വരുന്നുണ്ടോ എന്നും വളവിൽ തടസ്സങ്ങൾ ഉണ്ടോ എന്നും വളരെ കൃത്യമായി മനസ്സിലാക്കാൻ ഇതുകൊണ്ടു കഴിയും. 

സുരക്ഷ അവനവന്റെ കാര്യം

പൊലീസിനെ പേടിച്ച് ഹെൽമറ്റ് വയ്ക്കുന്നവരാണ് കൂടുതലും. ബൈക്കിലെ യാത്ര ഒരു ഞാണിൻമേൽ കളിയാണ്. എതിരേ വരുന്നവരുടെയും പിന്നിൽ വരുന്നവരുടെയും അശ്രദ്ധകൊണ്ട് അപകടം സംഭവിക്കാം. കഴിഞ്ഞ വർഷം നടന്ന ബൈക്ക് അപകടങ്ങളിൽ ഭൂരിപക്ഷംപേരും മരിച്ചത് തലയ്ക്കേറ്റ പരുക്കുകൊണ്ടാണ്. അതുകൊണ്ട് ബൈക്ക് ഒാടിക്കുന്നുണ്ടെങ്കിൽ ഹെൽമറ്റ് ധരിച്ചാവണം. 

English Summary: Bike Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com