ADVERTISEMENT

കൊറോണ വൈറസ് വ്യാപിച്ച സാഹചര്യത്തില്‍ നിര്‍മാണശാലകള്‍ 27 വരെ അടച്ചിടുകയാണെന്ന് ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ഫെറാരി. കൊറോണ വൈറസ് ബാധ പടര്‍ന്നതോടെ  ഇറ്റാലിയന്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച ആരോഗ്യ സുരക്ഷാ നടപടികള്‍ സ്വീകരിച്ചാണ് ഫെറാരിയുടെ മാരനെല്ലോയിലെയും വടക്കന്‍ എമിലിയ മൊമാന മേഖലയിലെ മൊഡേനയിലെയും ശാലകള്‍ ഇതുവരെ പ്രവര്‍ത്തനം തുടര്‍ന്നത്. എന്നാല്‍ സ്‌പെയര്‍പാര്‍ട്‌സ് ലഭ്യത കുത്തനെ ഇടിഞ്ഞതോടെ ഇരു ശാലകളുടെയും പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ബന്ധിതരാവുകയാണെന്നാണു കമ്പനിയുടെ വിശദീകരണം. വാഹന നിര്‍മാണമൊഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ സ്മാര്‍ട് സംവിധാനങ്ങളിലൂടെ തുടരുമെന്നും ഫെറാരി വ്യക്തമാക്കി. 

ശാലകള്‍ പ്രവര്‍ത്തനം നിര്‍ത്തുന്ന ഇടവേളയില്‍ വൈറസ് പ്രതിരോധത്തിനുള്ള ഊര്‍ജിത നടപടികള്‍ സ്വീകരിക്കാനും ഫെറാരി തയാറെടുക്കുന്നുണ്ട്. കമ്പനി ജീവനക്കാര്‍ക്ക് ആര്‍ക്കും തന്നെ ഇതുവരെ കൊറോണ വൈറസ് ബാധ കണ്ടെത്തിയിട്ടില്ലെന്നും ഫെറാരി അറിയിച്ചു. ശാലയുടെ പ്രവര്‍ത്തനം മുടങ്ങുന്ന ദിനങ്ങളിലും ജീവനക്കാര്‍ക്കു പൂര്‍ണ വേതനം നല്‍കുമെന്നു ഫെറാരി പ്രഖ്യാപിച്ചിട്ടുണ്ട്. ശാല മുടക്ക തീയതികളില്‍ ഡേ ഓഫ് അലവന്‍സ് വിനിയോഗിക്കാനും നിര്‍ബന്ധിക്കില്ലെന്നു കമ്പനി അറിയിച്ചിട്ടുണ്ട്. ജീവനക്കാരോടുള്ള പരിഗണനയും ബഹുമാനവും മുന്‍നിര്‍ത്തിയാണു നിര്‍മാണശാല അടച്ചിടാന്‍ തീരുമാനിച്ചതെന്ന് ഫെറാരി ചീഫ് എക്‌സിക്യൂട്ടീവ് ലൂയിസ് കാമില്ലേരി വിശദീകരിച്ചു. പ്രതികൂല സാഹചര്യങ്ങള്‍ക്കിടെ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ശാന്തിയും സമാധാനവും പരിഗണിച്ചാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെറാരിയുടെ ഫോര്‍മുല വണ്‍ ടീമായ സ്‌കുദേരിയ ഫെറാരിയും പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. 

ഫെറാരിയടക്കമുള്ള പ്രീമിയം ബ്രാന്‍ഡുകളുടെ  ബ്രേക്ക് നിര്‍മാതാക്കളായ ബ്രെംബൊയാവട്ടെ ഇറ്റലിയിലെ ശാലകള്‍ നാല് ആഴ്ചത്തേക്ക് അടച്ചിടുകയാണെന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ നടപടികള്‍ മുന്‍നിര്‍ത്തി ഇറ്റലിയിലെ ചില ശാലകള്‍ അടയ്ക്കാനും ഉല്‍പ്പാദനം കുറയ്ക്കാനും ഫിയറ്റ് ക്രൈസ്‌ലറും വ്യവസായ വാഹന നിര്‍മാതാക്കളായ സി എന്‍ എച്ച് ഇന്‍ഡസ്ട്രിയലും നേരത്തെ തീരുമാനിച്ചിരുന്നു. ടൂറിനു സമീപത്തെ സെറ്റിമൊ ടൂറിനീസ് ശാലയിലെ ഉല്‍പ്പാദനം കുറയ്ക്കുമെന്നു ടയര്‍ നിര്‍മാതാക്കളായ പിരേലിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇറ്റലി കൊറോണ വൈറസിനു കീഴടങ്ങിയതോടെ രാജ്യത്തെ മിക്ക വാഹന നിര്‍മാതാക്കളും ഉല്‍പ്പാദനം നിര്‍ത്തിയിരിക്കുകയാണ്. പ്രതിസന്ധിയിലായ യൂറോപ്യന്‍ വാഹന വ്യവസായത്തിനു കൂടുതല്‍ തിരിച്ചടി സൃഷ്ടിക്കുന്നതാണ് ഇറ്റലിയെ കീഴടക്കിയ കൊറോണ വൈറസ് ബാധ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com