ADVERTISEMENT

കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ പങ്കാളിയാവാന്‍ കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന വെന്റിലേറ്റര്‍(ശ്വസന സഹായി) വികസിപ്പിക്കാന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര(എം ആന്‍ഡ് എം) ഒരുങ്ങുന്നു. നിലവിലെ വെന്റിലേറ്റര്‍ നിര്‍മാതാവിനൊപ്പം രണ്ടു പൊതു മേഖല സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെയാണ് മഹീന്ദ്ര അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുള്ള വെന്റിലേറ്റര്‍ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നത്. കുറഞ്ഞ വിലയില്‍ ഇത്തരം ശ്വസന സഹായികളുടെ വ്യാപക നിര്‍മാണമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും എം ആന്‍ഡ് എം മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയങ്ക വെളിപ്പെടുത്തി.

അത്യാധുനിക സൗകര്യങ്ങളുള്ള വെന്റിലേറ്ററിന് അഞ്ചു ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയാണു വിലയെന്നിരിക്കെ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുള്ള ശ്വസന സഹായി 7,500 രൂപയ്ക്കു ലഭ്യമാക്കാനാണു മഹീന്ദ്രയുടെ ശ്രമം. മനുഷ്യരാശിക്കു ഭീഷണിയായ 'കൊവിഡ് 19'നെതിരെ സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നു മഹീന്ദ്ര ഗ്രൂപ് ചെയര്‍മാന്‍ ആനന്ദ മഹീന്ദ്ര നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ന്യായ വിലയ്ക്ക് വെന്റിലേറ്റര്‍ ലഭ്യമാക്കാനുള്ള ശ്രമത്തിന് നാനാ ഭാഗത്തു നിന്നും പിന്തുണയും പ്രോത്സാഹനവും ഒഴുകുകയാണെന്നാണ് ഗോയങ്ക ട്വിറ്ററില്‍ കുറിച്ചത്. ലക്ഷ്യം കൈവരിക്കാന്‍ ദ്വിമുഖ തന്ത്രമാണു കമ്പനി പയറ്റുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഒരു ഭാഗത്ത് രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നിലവിലുള്ള വെന്റിലേറ്റര്‍ നിര്‍മാതാക്കളുടെ ശേഷി ഉയര്‍ത്താന്‍ മഹീന്ദ്ര ശ്രമിക്കുകയാണ്. രൂപകല്‍പ്പന ലളിതമാക്കി ഉല്‍പ്പാദനം ഗണ്യമായി ഉയര്‍ത്താനുള്ള ശ്രമമാണു മഹീന്ദ്രയിലെ എന്‍ജിനീയറിങ് സംഘം ശ്രമിക്കുന്നത്. ഇതോടെ നിലവില്‍ അഞ്ചു മുതല്‍ 10 ലക്ഷം രൂപ വരെ വില നിലവാരമുള്ള വെന്റിലേറ്ററുകളുടെ അടിസ്ഥാന വകഭേദം 7,500 രൂപയ്ക്കു ലഭ്യമാക്കാനാവുമെന്ന് ആനന്ദ് മഹീന്ദ്ര പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

ഇതിനു പുറമെ 'ആംബു ബാഗ്' എന്നു വിളിക്കപ്പെടുന്ന ബാഗ് വാല്‍വ് മാസ്‌ക് വെന്റിലേറ്ററിന്റെ ഓട്ടമേറ്റഡ് പതിപ്പ് യാഥാര്‍ഥ്യമാക്കാനും മഹീന്ദ്ര ശ്രമിക്കുന്നുണ്ട്. മൂന്നു ദിവസത്തിനകം പുതിയ മാതൃക അവതരിപ്പിച്ച് ആവശ്യമായ അംഗീകാരം നേടിയെടുക്കാനാണു കമ്പനിയുടെ നീക്കം. മികവു തെളിയിക്കുന്നതോടെ ഇവയുടെ നിര്‍മാണത്തിനുള്ള സാങ്കേതികവിദ്യ എല്ലാവര്‍ക്കും കൈമാറുമെന്നും മഹീന്ദ്ര വാഗ്ദാനം ചെയ്തിട്ടുണ്ട്.

കൊറോണ വൈറസിനെതിരായ പോരാട്ടത്തിനായി തന്റെ ശമ്പളം മുഴുവന്‍ നീക്കിവയ്ക്കുമെന്നു ഞായറാഴ്ച തന്നെ ആനന്ദ് മഹീന്ദ്ര വ്യക്തമാക്കിയിരുന്നു. രോഗവ്യാപനം മൂന്നാം ഘട്ടത്തിലേക്കു കടക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി കമ്പനിയുടെ നിര്‍മാണശാലകളില്‍ വെന്റിലേറ്റര്‍ ഉല്‍പ്പാദിപ്പിക്കാനുള്ള സാധ്യതകള്‍ പരിഗണിക്കുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിനു പുറമെ ഗ്രൂപ്പിലെ മഹീന്ദ്ര ഹോളിഡെയ്‌സിന്റെ റിസോര്‍ട്ടുകള്‍ താല്‍ക്കാരിക കെയര്‍ കേന്ദ്രങ്ങളായി മാറ്റുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതിനു പുറമെ ഇത്തരം താല്‍ക്കാലിക സൗകര്യം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനെയും പ്രതിരോധ സേനകളെയും സഹായിക്കാനുള്ള സന്നദ്ധതയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. കൂടാതെ ചെറുകിട വ്യവസായികളെയും സ്വയം തൊഴില്‍ സംരംഭകരെയുമൊക്കെ സഹായിക്കന്‍ പ്രത്യേക ഫണ്ട് രൂപീകരിക്കാന്‍ മഹീന്ദ്ര ഫൗണ്ടേഷനും തയാറെടുക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com