ADVERTISEMENT

രാജ്യത്തു കൊറോണ വൈറസ് പടരുന്നതിനിടെ 100 കോടി രൂപയുടെ ആശ്വാസ നിധിയുമായി ഇരുചക്രവാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോ. കൊവിഡ് 19 വ്യാപനത്തിനെതിരായ പോരാട്ടത്തിനുള്ള അടിസ്ഥാന സൗകര്യമൊരുക്കാന്‍ ലക്ഷ്യമിട്ടാണു ബജാജ് ഓട്ടോയുടെ ഈ ദുരിതാശ്വാസ നിധി. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ തിരഞ്ഞെടുത്ത ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗ(ഐ സി യു)ങ്ങളുടെ പരിഷ്‌കാരത്തിനും കൂടുതല്‍ വെന്റിലേറ്റര്‍(ശ്വസന സഹായി) വാങ്ങാനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങള്‍ക്കായും രോഗ പരിശോധന ഊര്‍ജിതമാക്കാനും  ഐസൊലേഷന്‍ യൂണിറ്റ് ഒരുക്കാനുമൊക്കെയാണ് നിധി വിനിയോഗിക്കുകയെന്നു ബജാജ് ഓട്ടോ വിശദീകരിച്ചു. സര്‍ക്കാരിനു പുറമെ ഇരുനൂറോളം സര്‍ക്കാര്‍ ഇതര സംഘടന(എന്‍ ജി ഒ) പ്രതിനിധികളുടെയും കൂടി സഹകരണക്കോടെയാവും ഈ ഫണ്ട് ചെലവിടുകയെന്നും കമ്പനി വ്യക്തമാക്കി.

ഇതിനു പുറമെ മൂന്ന് ആഴ്ച നീളുന്ന ലോക്ക് ഡൗണ്‍ മൂലം ദുരിതത്തിലായവരെ സഹായിക്കാനും ബജാജ് ഓട്ടോ നടപടി തുടങ്ങിയിട്ടുണ്ട്. ദിവസന വേതനക്കാര്‍ക്കും ഭവനരഹിതര്‍ക്കും തെരുവില്‍ കഴിയുന്ന കുട്ടികള്‍ക്കുമൊക്കെ ഭക്ഷണവിതരണത്തിനും താമസസൗകര്യമൊരുക്കാനും ചികിത്സയ്ക്കുമൊക്കെയാണു കമ്പനി നടപടിയെടുക്കുക. കഴിഞ്ഞ ആഴ്ചകള്‍ക്കിടയില്‍ ഗ്രാമങ്ങളിലേക്കു മടങ്ങുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നു കമ്പനി വിലയിരുത്തുന്നു. ഇത്തരത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടു ഗ്രാമങ്ങളില്‍ തിരിച്ചെത്തിയവര്‍ക്ക് ആശ്വാസമെത്തിക്കാനാവും സഹായ നിധിയില്‍ ഗണ്യമായ വിഹിതം നീക്കിവയ്ക്കുകയെന്നും ബജാജ് ഓട്ടോ വ്യക്തമാക്കുന്നു.

ഇത്തരക്കാര്‍ക്കു നേരിട്ടു സഹായം നല്‍കുന്നതിനൊപ്പം ജീവിതമാര്‍ഗം കണ്ടെത്താനായി റിവോള്‍വിങ് ഫണ്ട് മാതൃകയില്‍ വായ്പ അനുവദിക്കാനും ആലോചനയുണ്ട്. അനുവദിക്കുന്ന വായ്പയുടെ 80 ശതമാനത്തോളം തിരിച്ചടപ്പിച്ച് അതേ മേഖലയിലെ മറ്റുള്ളവര്‍ക്ക് ധനസഹായം ലഭ്യമാക്കുകയാണു പദ്ധതി.അധികൃതരുമായി സഹകരിച്ച് ഗ്രാമീണ മേഖലയില്‍ 'കൊവിഡ് 19' രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഇത്തരം പ്രദേശങ്ങളില്‍ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനുമാണു ബജാജ് ഓട്ടോയുടെ പദ്ധതി. രോഗ പരിശോധനാ കേന്ദ്രങ്ങള്‍ക്കും ഐസൊലേഷന്‍ സൗകര്യങ്ങള്‍ക്കും സഹായം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.

English Summary: Bajaj Group pledges Rs 100 crore to tackle Covid-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com