ADVERTISEMENT

കൊറോണ വൈറസ് ബാധിതരുടെ ചികിത്സയില്‍ നിര്‍ണായകമായ ശ്വസനസഹായി(വെന്റിലേറ്റര്‍)കള്‍ നിര്‍മിക്കാന്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും ഒരുങ്ങഉന്നു. എജിവിഎ ഹെല്‍ത്ത്‌കെയറുമായി  സഹകരിച്ച് വെന്റിലേറ്ററിനു പുറമെ മുഖാവരണ(മാസ്‌ക്)വും വ്യക്തിഗത സുരക്ഷാ ഉപകരണ(പി പി ഇ) കറ്റുമൊക്കെ നിര്‍മിക്കാനാണു മാരുതി സുസുക്കിയുടെ നീക്കം. കഴിവതും വേഗത്തില്‍ വന്‍തോതിലുള്ള വെന്റിലേറ്റര്‍ ഉല്‍പ്പാദനമാണു മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. രാജ്യത്തെ കോവിഡ് 19 ചികിത്സ കാര്യക്ഷമമാക്കാന്‍ പ്രതിമാസം 10,000 വെന്റിലേറ്റര്‍ ഉല്‍പ്പാദിപ്പിക്കാനാണു കമ്പനിയുടെ പദ്ധതി. 

ശ്വസന സഹായിക്കുള്ള സാങ്കേതികവിദ്യ എജിവിഎ ഹെല്‍ത്ത്‌കെയറാണു ലഭ്യമാക്കുക; ഉപകരണത്തിന്റെ പ്രകടനക്ഷമത ഉറപ്പാക്കേണ്ടതും ആ കമ്പനി തന്നെ. ഒപ്പം മാരുതി സുസുക്കിയുമായുള്ള പങ്കാളിത്തത്തില്‍ നിര്‍മിക്കുന്ന വെന്റിലേറ്ററുകളുടെ വിപണനവും വില്‍പ്പനയുമൊക്കെ എജിവിഎ ഹെല്‍ത്ത്‌കെയറിന്റെ ചുമതലയാവും. നിലവിലുള്ള സപ്ലയര്‍മാരില്‍ നിന്നു വെന്റിലേറ്റര്‍ നിര്‍മാണത്തിനുള്ള സാധനസാമഗ്രികള്‍ സമാഹരിച്ച്  മികച്ച ഗുണമേന്മയും നിലവാരവും ഉറപ്പാക്കി ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയാവും മാരുതി സുസുക്കിയുടെ ദൗത്യം. കൂടാതെ എജിവിഎ ഹെല്‍ത്ത് കെയറിനു വെന്റിലേറ്റര്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ആവശ്യമായ അനുമതികളും അംഗീകാരങ്ങളും മാരുതി സുസുക്കി നേടിയെടുക്കും; വികസനത്തിനുള്ള സാമ്പത്തിക സഹായവും മാരുതി സുസുക്കി തന്നെ ഉറപ്പാക്കും. 

ഇതിനു പുറമെ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെയും അശോക് കപൂറിന്റെയും സംയുക്ത സംരംഭമായ കൃഷ്ണ മാരുതി ലിമിറ്റഡ് വഴി ത്രീ പ്ലൈ മാസ്‌കുകള്‍ നിര്‍മിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെയും ഹരിയാന സര്‍ക്കാരിന്റെയും ആവശ്യം നിറവേറ്റാന്‍ ഇത്തരത്തിലുള്ള 20 ലക്ഷം മുഖാവരണങ്ങള്‍ സൗജന്യമായി നിര്‍മിച്ചു നല്‍കാനാണു കൃഷ്ണ മാരുതി ലക്ഷ്യമിടുന്നത്. ആവശ്യമായ അനുമതികളും അംഗീകാരവു ലഭിച്ചാലുടന്‍ മാസ്‌ക് നിര്‍മാണം ആരംഭിക്കനാവുമെന്നു മാരുതി സുസുക്കി വ്യക്തമാക്കുന്നു.

ഇതിനു പുറമെ മാരുതി സുസുക്കിയും റെലാന്‍ കുടുംബവും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ ഭാരത് സീറ്റ്‌സ് ലിമിറ്റഡ് മുഖേന ആരോഗ്യ പ്രവര്‍ത്തകര്‍ക്കു സുരക്ഷ ഉറപ്പാക്കുന്ന വസ്ത്രം നിര്‍മിക്കാനും മാരുതി സുസുക്കിക്കു പദ്ധതിയുണ്ട്. അംഗീകാരവും അനുമതിയും ലഭിച്ചാലുടന്‍ പി പി ഇ സാമഗ്രികളുടെ നിര്‍മാണം ആരംഭിക്കുമെന്നാണു കമ്പനിയുടെ വാഗ്ദാനം. ശ്വസനസഹായി നിര്‍മാണത്തില്‍ പങ്കാളിയാവുമെന്നു  മഹീന്ദ്ര ഗ്രൂപ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദയും നേരത്ത പ്രഖ്യാപിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങളുള്ള ശ്വസനസഹായി 7,500 രൂപയ്ക്കു നിര്‍മിക്കാനാണു മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ശ്രമിക്കുന്നത്. 

ആഗോളതലത്തിലാവട്ടെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടെസ്‌ല, ഫോഡ്, ജനറല്‍ മോട്ടോഴ്‌സ്, റോള്‍സ് റോയ്‌സ്, ജഗ്വാര്‍ ലാന്‍ഡ് റോവര്‍ തുടങ്ങിയ കമ്പനികളെയൊക്കെ ശ്വസനസഹായി പോലുള്ള തന്ത്രപ്രധാന ജീവന്‍രക്ഷാ ഉപകരണങ്ങളുടെ നിര്‍മാണത്തിനായി അതതു രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ സമീപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com