ADVERTISEMENT

കൊറോണ വൈറസിനെതിരായ പോരാട്ട രംഗത്തുള്ള ആരോഗ്യ പ്രവർത്തകർക്കായി പുതിയ മുഖാവരണ(ഫേസ് ഷീൽഡ്)വുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). പുത്തൻ ഫേസ് ഷീൽഡിന്റെ ചിത്രം കമ്പനി മാനേജിങ്  ഡയറക്ടർ പവൻ ഗോയങ്കയാണു ട്വിറ്ററിൽ പങ്കുവച്ചത്.  യു എസ് വാഹന നിർമാതാക്കളായ ഫോഡ് മോട്ടോർ കമ്പനിയിൽ നിന്നാണു മഹീന്ദ്ര ഈ മുഖാവരണത്തിന്റെ രൂപകൽപ്പന സ്വന്തമാക്കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. തിങ്കളാഴ്ച തന്നെ ഇത്തരത്തിലുള്ള 500 ഫേസ് ഷീൽഡ് നിർമിക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. ഘട്ടം ഘട്ടമായി ഇവയുടെ ഉൽപ്പാദനം ഗണ്യമായി ഉയർത്താനാവുമെന്നും മഹീന്ദ്ര കണക്കുകൂട്ടുന്നു. മുംബൈയ്ക്കടുത്ത് കാൻഡിവ്ലിയിൽ മഹീന്ദ്രയ്ക്കായി യന്ത്രഘടകങ്ങൾസപ്ലൈ ചെയ്യുന്ന കമ്പനിയാവും ഈ മുഖാവരണം നിർമിക്കുക.

കൊറോണ വൈറസിനെതിരെ പേരാടാൻ കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന വെന്റിലേറ്റർ(ശ്വസന സഹായി) വികസിപ്പിക്കാനുള്ള നടപടികളും മഹീന്ദ്ര ഊർജിതമാക്കിയിട്ടുണ്ട്.  നിലവിൽ വെന്റിലേറ്റർ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിക്കൊപ്പം രണ്ടു പൊതു മേഖല സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെയാവും അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള ഈ ശ്വസന സഹായി മഹീന്ദ്ര യാഥാർഥ്യമാക്കുക. അത്യാധുനിക സൗകര്യങ്ങളുള്ള വെന്റിലേറ്ററിന് അഞ്ചു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണു വിലയെന്നിരിക്കെ അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള ശ്വസന സഹായി 7,500 രൂപയ്ക്കു ലഭ്യമാക്കാനാണു മഹീന്ദ്രയുടെ ശ്രമം. കുറഞ്ഞ വിലയിൽ ലഭ്യമാവുന്ന ഇത്തരം ശ്വസന സഹായികളുടെ വ്യാപക നിർമാണവും മഹീന്ദ്ര ലക്ഷ്യമിടുന്നുണ്ട്. ശ്വസന സഹായിയുടെ രൂപകൽപ്പന തന്നെ ലളിതമാക്കി ഉൽപ്പാദനം ഗണ്യമായി ഉയർത്താനുള്ള ശ്രമമാണു മഹീന്ദ്രയിലെ എൻജിനീയറിങ് സംഘം നടത്തുന്നത്. 

ഇതോടൊപ്പം ‘ആംബു ബാഗ്’ എന്നു വിളിക്കപ്പെടുന്ന ബാഗ് വാൽവ് മാസ്ക് വെന്റിലേറ്ററിന്റെ ഓട്ടമേറ്റഡ് പതിപ്പ് യാഥാർഥ്യമാക്കാനും മഹീന്ദ്ര ഒരുങ്ങുന്നുണ്ട്. ഏതാനും ദിവസത്തിനകം പുതിയ മാതൃക അവതരിപ്പിച്ച് ആവശ്യമായ അംഗീകാരം നേടിയെടുക്കാനാണു കമ്പനിയുടെ നീക്കം. മികവു തെളിയിക്കുന്നതോടെ ഇവയുടെ നിർമാണത്തിനുള്ള സാങ്കേതികവിദ്യ എല്ലാവർക്കും കൈമാറുമെന്നാണു മഹീന്ദ്രയുടെ വാഗ്ദാനം. ഈ പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തിങ്കളാഴ്ച പ്രതീക്ഷിക്കാമെന്നും ഗോയങ്ക സൂചിപ്പിച്ചു. 

മഹീന്ദ്രയ്ക്കു പുറമെ പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും ടാറ്റ മോട്ടോഴ്സും ടി വി എസ് മോട്ടോർ കമ്പനിയുമൊക്കെ കൊറോണ വൈറസ് ബാധയ്ക്കെതിരായ പോരാട്ടത്തിൽ സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com