ADVERTISEMENT

ലോകത്തെ ഗ്രസിച്ച മഹാമാരിയായ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 30 കോടി രൂപയുടെ സഹായ പദ്ധതിയുമായി ഇരുചക്രവാഹന നിര്‍മാതാക്കളായ ടി വി എസ് മോട്ടോര്‍ കമ്പനി. ടി വി എസ് മോട്ടോര്‍ കമ്പനിയുടെയും സുന്ദരം ക്ലേടന്‍ ലിമിറ്റഡിന്റെയും സാമൂഹിക സേവന വിഭാഗമായ ശ്രീനിവാസന്‍ സര്‍വീസസ് ട്രസ്റ്റ്(എസ് എസ് ടി) ആണു ധനസഹായം ലഭ്യമാക്കുന്നത്. കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ടി വി എസ് മോട്ടോര്‍ കമ്പനി അറിയിച്ചു. അണുനാശിനികള്‍ തളിക്കാന്‍ പ്രാപ്തിയുള്ള 10 ട്രാക്ടറുകള്‍ കമ്പനി മൈസൂരിലേക്കും കൃഷ്ണഗിരിയിലേക്കും തമിഴ്‌നാടിന്റെ മറ്റു ഭാഗങ്ങളിലേക്കും അയച്ചിട്ടുണ്ട്.

വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍(പി പി ഇ)ക്കുള്ള ദൗര്‍ലഭ്യം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ട്രസ്റ്റ് വ്യക്തമാക്കി. രാജ്യം ലോക്ക് ഡൗണില്‍ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും ഭക്ഷണം അടക്കമുള്ള അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ 10 ലക്ഷം മുഖാവരണങ്ങള്‍(മാസ്‌ക്) വിതരണം ചെയ്യാനാണു തീരുമാനം.കമ്പനിയുടെ നിര്‍മാണശാലകളിലെ അടുക്കളകളില്‍ ഭക്ഷണം പാകം ചെയ്തു പൊലീസുകാര്‍ക്കും ആരോഗ്യ മേഖലയിലെയും നഗരസഭയിലെയും ജീവനക്കാര്‍ക്കും വിതരണം ചെയ്യുമെന്നും ടി വി എസ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഹിമാചല്‍ പ്രദേശിലെ ബഡ്ഡിയിലുള്ള ദിവസ വേതനക്കാര്‍ക്കു ടി വി എസ് റേഷനും അനുവദിച്ചിട്ടുണ്ട്.

കൊറോണ വൈറസ് ബാധിതരുടെ ചികിത്സയ്ക്ക് അനിവാര്യമായ ശ്വസനസഹായി(വെന്റിലേറ്റര്‍)കള്‍ ലഭ്യമാക്കാനുള്ള മാര്‍ഗങ്ങളും ടി വി എസ് തേടുന്നുണ്ട്. ത്രിമാന പ്രിന്റിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുമായി സഹകരിച്ച് ആശുപത്രികളിലെ ഉപയോഗത്തിനുള്ള വെന്റിലേറ്റര്‍ നിര്‍മിച്ചു നല്‍കാനുള്ള സാധ്യതയാണു ടി  വി എസ് പരിശോധിക്കുന്നത്. ഇതിനു പുറമെ പ്രതികൂല പരിസ്ഥിതി മുന്‍നിര്‍ത്തി ഇരുചക്രവാഹന ഉടമകള്‍ക്ക് ദീര്‍ഘിപ്പിച്ച സര്‍വീസ് സൗകര്യവും ടി വി എസ് മോട്ടോര്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. മാര്‍ച്ചിനും ഏപ്രിലിനുമിടയില്‍ സൗജന്യ സര്‍വീസോ വാര്‍ഷിക പരിപാലന കരാര്‍(എ എം സി) പ്രകാരമുള്ള സര്‍വീസോ നടത്തേണ്ട വാഹന ഉടമസ്ഥര്‍ക്ക് ഇത് ജൂണ്‍ വരെ നടത്താന്‍ അവസരം നല്‍കുമെന്ന് കമ്പനി അറിയിച്ചു. ഇക്കാലയളവിനിടെ അവസാനിക്കുന്ന വാറന്റികളുടെ കാലാവധിയും ജൂണ്‍ വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. വാഹന ഉടമകളുടെ സൗകര്യാര്‍ഥം ടോള്‍ ഫ്രീ ഹെല്‍പ് ലൈനും റോഡ് സൈഡ് അസിസ്റ്റന്‍സും(ആര്‍ എസ് എ) പ്രവര്‍ത്തിക്കുമെന്നും കമ്പനി ഉറപ്പു നല്‍കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com