ADVERTISEMENT

യമഹയുടെയും ടി വി എസ് മോട്ടോർ കമ്പനിയുടെയും പാത പിന്തുടർന്ന് ഇരുചക്രവാഹന നിർമാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡും പുതിയ വാഹനങ്ങളുടെ സൗജന്യ സർവീസ്, വാറന്റി കാലാവധി നീട്ടി. കഴിഞ്ഞ മാർച്ച് 20നും ഏപ്രിൽ 30നുമിടയ്ക്ക് പൂർത്തിയാവുന്ന സൗജന്യ സർവീസ്/വാറന്റി കാലാവധിയാണു കമ്പനി മേയ് 31 വരെ ദീർഘിപ്പിച്ചത്. 

കൊറോണ വൈറസ് വ്യാപനം തടയാനായി രാജ്യത്ത് 21 ദിവസത്തെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുൻനിർത്തിയാണു ബജാജ് ഓട്ടോയുടെ ഈ നടപടി. വീടിനു പുറത്തിറങ്ങാൻ വിലക്കും നിയന്ത്രണങ്ങളും പ്രാബല്യത്തിലുള്ള സാഹചര്യത്തിൽ വാഹനങ്ങൾ സമയബന്ധിതമായി സർവീസ് ചെയ്യുക സാധ്യമാവില്ലെന്ന പ്രശ്നമുണ്ട്. അതുപോലെ ലോക്ക്ഡൗൺ കാലയളവിനിടെ വാറന്റി കാലാവധി അവസാനിക്കുന്നവർക്കും ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ തടസ്സമുണ്ടാവും.

ഇതെല്ലാം കണക്കിലെടുത്താണു മാർച്ച് 20 മുതൽ ഏപ്രിൽ 30 വരെയുള്ള കാലത്തിനിടെ പൂർത്തിയാക്കേണ്ട സൗജന്യ സർവീസുകളുടെയും വാറന്റികളുടെയും സമയപരിധി ബജാജ് ഓട്ടോ മേയ് അവസാനത്തോളം ദീർഘിപ്പിച്ചത്. ഇരുചക്രവാഹനങ്ങൾക്കു പുറമെ വാണിജ്യ വാഹന ശ്രേണിക്കും ബജാജ് ഓട്ടോ സമാന ഇളവ് അനുവദിച്ചിട്ടുണ്ട്. അത്തരം വാഹനങ്ങളുടെ വാറന്റികളും രണ്ടു മാസത്തേക്കു കൂടിയാണു കമ്പനി ദീർഘിപ്പിച്ചു നൽകിയത്.

കോവിഡ് 19’ വ്യാപനം ചെറുക്കാനുള്ള നിർബന്ധിത ലോക്ക്ഡൗൺ മുൻനിർത്തിയാണു കമ്പനി ഇരുചക്ര, വാണിജ്യ വാഹനങ്ങളുടെ വാറന്റി കാലാവധി ദീർഘിപ്പിച്ചു നൽകുന്നതെന്നു ബജാജ് ഓട്ടോ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ശർമ വിശദീകരിച്ചു. സാമൂഹിക അകലം പാലിക്കണമെന്ന കർശന നിർദേശം നിലവിലുള്ളപ്പോൾ വാഹന സർവീസിങ് പോലുള്ള കാര്യങ്ങൾ നടത്തുക എളുപ്പമല്ലെന്നതു പരിഗണിച്ചാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com