കോട്ടയം ∙ തിരുവനന്തപുരം–കാസർകോട് വേഗ റെയിൽപാത (സിൽവർ ലൈൻ) ജില്ലയിൽ കടന്നുപോകുന്നത് ഇപ്പോഴുള്ള റെയിൽപാതയിൽ നിന്ന് അകന്ന്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ കടന്നെത്തുന്ന വേഗപ്പാത കുന്നന്താനം, മാടപ്പള്ളി, വാകത്താനം, പനച്ചിക്കാട് തുടങ്ങിയ പ്രദേശങ്ങൾ വഴിയാണു നിർദിഷ്ട കോട്ടയം സ്റ്റേഷനിൽ എത്തുന്നത്. വേഗ റെയിൽപാതയുടെ കോട്ടയം സ്റ്റേഷനു സമീപമാണു നിലവിലെ റെയിൽപാതയോട് അടുത്ത് വേഗപ്പാത വരുന്നത്.
വേഗപ്പാതയിലെ നിർദിഷ്ട റെയിൽവേ സ്റ്റേഷൻ കൊടൂരാറിനു സമീപം പാടത്തായിരിക്കും. മുട്ടമ്പലം റെയിൽവേ ഗേറ്റിനു സമീപം ഇരുപാതകളും സമാന്തരമായി എത്തും. ഇപ്പോഴുള്ള റെയിൽവേ തുരങ്കം വഴിയാണു നിർദിഷ്ട പാതയുടെ രൂപരേഖ. റെയിൽവേ ഇരട്ടപ്പാത വരുന്നതോടെ തുരങ്കം ഒഴിവാക്കിയാണു കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നു കൊടൂരാർ ഭാഗത്തേക്ക് ഇപ്പോഴത്തെ റെയിൽപാത കടന്നുപോകുന്നത്.
ഇപ്പോഴത്തെ കോട്ടയം റെയിൽവേ സ്റ്റേഷനു സമീപം വഴി പിരിയുന്ന വേഗപ്പാത പേരൂർ ഭാഗത്തു കൂടിയാണ് ഏറ്റുമാനൂരിൽ എത്തുന്നത്. ഏറ്റുമാനൂർ– പാലാ റോഡിനു കുറുകെ കടന്നുപോകുന്ന പാത വെമ്പള്ളി ഭാഗത്ത് എംസി റോഡിനും കുറുകെ കടക്കുന്നു. പെരുവ–മുളക്കുളം ഭാഗം വഴി എറണാകുളം ജില്ലയിലെ തിരുവാങ്കുളത്തേക്കാണു പാത കടക്കുന്നത്. മുളക്കുളം പ്രദേശത്തു കൂടുതൽ ഭാഗവും വയലുകളിലൂടെയാണു കടന്നുപോകുന്നത്. കോട്ടയം ജില്ലയിൽ ഒരു സ്റ്റേഷൻ മാത്രമാണു വേഗപ്പാതയിലുള്ളത്.
ഓരോ പ്രദേശവും കണ്ടറിയാം
∙ നിർദിഷ്ടപാതയുടെ ഓരോ പ്രദേശവും കണ്ടറിയാൻ സാധിക്കും. keralarail.com എന്ന വെബ്സൈറ്റിലെത്തി രൂപരേഖയുടെ മാപ്പ് പരിശോധിക്കാം. കൂടാതെ ഇവിടെ ക്ലിക് ചെയ്താൽ ഗൂഗിൾ സ്മാർട്ഫോണിലേക്കു മാപ്പ് എത്തിക്കാം. ഓരോ പ്രദേശവും ഗൂഗിൾ മാപ്പിൽ സെർച് ബട്ടണിൽ ടൈപ്പ് ചെയ്തു നൽകി പരിശോധിക്കാനും സാധിക്കും.