sections
MORE

വാഹനം സർവീസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ വീട്ടിലിരുന്നു കാണാം, ഡിജിറ്റലാക്കി മഹീന്ദ്ര

mahindra1
Mahindra
SHARE

വർക്ക്ഷോപ്പിൽ വാഹനം സർവീസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ വീട്ടിലോ ഓഫിസിലോ ഇരുന്ന കാണാൻ അവസരമൊരുക്കി മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം). കമ്പനിയുടെ സർവീസ് സംവിധാനം പൂർണമായും ഡിജിറ്റൽവൽക്കരിച്ചതോടെയാണ് ഇതാദ്യമായി ഉപയോക്താക്കൾക്ക് ഈ സൗകര്യം ലഭ്യമാവുന്നത്. എം ആൻഡ് എം അവതരിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ മുഖേനയാണ് സർവീസും അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ വാഹന ഉടമകൾക്ക് കാണാൻ സാധിക്കുക. 

ത്രിമാന ചിത്രങ്ങൾ ഉപയോഗിച്ചാവും സർവീസ് അഡ്വൈസർമാർ വാഹനത്തിന്റെ പ്രശ്നങ്ങൾ ഉടമകൾക്കു വിശദീകരിച്ചു നൽകുക. അറ്റകുറ്റപ്പണികളും വാഹനത്തിൽ വരുത്തുന്ന മാറ്റങ്ങളും തത്സമയം നിരീക്ഷിക്കുന്നതിനും അഭിപ്രായം രേഖപ്പെടുത്തുന്നതിനും പുറമെ പണമിടപാടുകൾ ഓൺലൈൻ വ്യവസ്ഥയിൽ നടത്താനും ഈ ആപ്പിൽ അവസരമുണ്ട്. പോരെങ്കിൽ വാഹന സർവീസിങ്ങുമായി ബന്ധപ്പെട്ട എല്ലാ രേഖകളും എം ആൻഡ് എം വാട്സാപ് മുഖേന അയച്ചു കൊടുക്കുകയും ചെയ്യും. വാഹന സർവീസിങ്ങിനുള്ള ബുക്കിങ്ങിനും സമയം തിരഞ്ഞെടുക്കാനുമൊക്കെ ഈ മൊബൈൽ ആപ് അവസരമൊരുക്കും. കൂടാതെ സർവീസ് ചെയ്യേണ്ട വാഹനം വീട്ടിൽ വന്ന് എടുക്കാനും മടക്കി നൽകാനുമുള്ള അഭ്യർഥനയും ആപ് മുഖേന നടത്താം. 

കൊറോണ വൈറസ് വ്യാപനം ചെറുക്കാൻ ലക്ഷ്യമിട്ടുള്ള രാജ്യവ്യാപക ലോക്ക്ഡൗൺ മുൻനിർത്തി മഹീന്ദ്ര നേരത്തെ ഓൺലൈൻ വാഹന വിൽപ്പന പ്ലാറ്റ്ഫോമായ ‘ഓൺ ഓൺലൈൻ’ അവതരിപ്പിച്ചിരുന്നു. ‘കോവിഡ് 19’ പ്രതിരോധം ലക്ഷ്യമിട്ടു ഡീലർഷിപ്പുകളുടെയും സർവീസ് സെന്ററുകളുടെയും പ്രവർത്തനത്തിനു മഹീന്ദ്ര വിശദമായ മാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ടെസ്റ്റ് ഡ്രൈവിനുള്ള വാഹനങ്ങൾ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കും. ജീവനക്കാരുടെയും ഇടപാടുകാരുടെയും താപനില പരിശോധിക്കും; കൂടാതെ ജീവനക്കാർ മുഖാവരണവും ഗ്ലൗസും ധരിക്കണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്. 

ടച് പോയിന്റുകളിൽ നടപ്പാക്കുന്ന സുരക്ഷാ ക്രമീകരണങ്ങളുടെയും മാർഗനിർദേശങ്ങളുടെയും തുടർച്ചയെന്ന നിലയിലാണ് ഡിജിറ്റൽ രീതിയിലുള്ള കോണ്ടാക്ട്ലെസ് സർവീസ് അനുഭവം അവതരിപ്പിച്ചിരിക്കുന്നതെന്ന് എം ആൻഡ് എം ഓട്ടമോട്ടീവ് വിഭാഗം ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ വീജേ നക്ര അഭിപ്രായപ്പെട്ടു. മഹീന്ദ്രയുമായി സംവദിക്കാനുള്ള ഈ  പുത്തൻ അവസരം ഉപയോക്താക്കൾ പ്രയോജനപ്പെടുത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. ലോക്ക്ഡൗൺ വ്യവസ്ഥകളിൽ ലഭിച്ച ഇളവുകൾ പ്രയോജനപ്പെടുത്തി മഹീന്ദ്ര രാജ്യത്തെ  മുന്നൂറോളം ടച് പോയിന്റുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ മൊത്തം ടച് പോയിന്റുകളുടെ 30 ശതമാനത്തോളം വരുമിത്. 

English Summary: Mahindra Digitized Service Experience

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA