ADVERTISEMENT

രാജ്യവ്യാപക ലോക്ക്ഡൗണിൽ ലഭിച്ച ഇളവുകൾ പ്രയോജനപ്പെടുത്തി ഡീലർഷിപ്പുകൾ പ്രവർത്തനം പുനഃരാരംഭിച്ചതോടെ 21,000 ഇരുചക്രവാഹനങ്ങൾ വിറ്റതായി ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ). സർവീസ് സെന്ററുകളും പ്രവർത്തനം പുനഃരാരംഭിച്ചതോടെ ഇതുവരെ രണ്ടര ലക്ഷത്തോളം ഇരുചക്രവാഹനങ്ങളുടെ സർവീസിങ്ങും പൂർത്തിയാക്കിയതായി കമ്പനി അറിയിച്ചു. കൊറോണ വൈറസ് വ്യാപനം ചെറുക്കാനായി മാർച്ച് 25 മുതൽ തുടരുന്ന ലോക്ക്ഡൗണിൽ ഇളവ് ലഭിച്ചതോടെ രാജ്യത്തെ 45% ഡീലർഷിപ്പുകൾ പ്രവർത്തനം പുനഃരാരംഭിച്ചെന്നാണ് എച്ച് എം എസ് ഐയുടെ കണക്ക്. മൊത്തം ടച് പോയിന്റുകളിൽ 30 ശതമാനത്തോളം വീണ്ടും പ്രവർത്തനം തുടങ്ങിയെന്നും കമ്പനി അറിയിച്ചു.

കൊറോണ വൈറസ് സൃഷ്ടിച്ച വെല്ലുവിളി മുൻനിർത്തി, പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് മുന്നോട്ടു പോകാനുള്ള ശ്രമമാണു കമ്പനി നടത്തുന്നതെന്ന് എച്ച് എം എസ് ഐ ഡയറക്ടർ(സെയിൽസ് ആൻഡ് മാർക്കറ്റിങ്) യാദ്വിന്ദർ സിങ് ഗുലേരിയ വെളിപ്പെടുത്തി. ഇടപാടുകാരുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള നടപടികൾ സഹിതമാണ് ഡീലർഷിപ്പുകളും ടച് പോയിന്റുകളും പ്രവർത്തനം പുനഃരാരംഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള ആറ് മോഡലുകളാണു നിലവിൽ എച്ച് എം എസ് ഐ വിൽപ്പനയ്ക്കെത്തിക്കുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ച സാഹചര്യത്തിൽ വാഹന വിൽപ്പനയിൽ ഗണ്യമായ വർധന നേടാൻ സാധിക്കുന്നുണ്ടെന്നും ഗുലേരിയ അവകാശപ്പെട്ടു. സർവീസ് സെന്ററുകളിൽ എത്തുന്ന വാഹനങ്ങളുടെ എണ്ണവും കുത്തനെ ഉയർന്നിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. 

English Summary: Honda Two Wheelers Sales After LockDown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com