ADVERTISEMENT

ഹീറോ മോട്ടോ കോർപ് സംഘടിപ്പിച്ച ഹീറോ കോ ലാബ്സ് ദ് ഡിസൈൻ ചലഞ്ചിലെ വിജയികളെ പ്രഖ്യാപിച്ചു. ഹീറോ സ്പ്ലെൻഡർ പ്ലസിനു സ്വന്തം ഭാവന പ്രകാരമുള്ള ഗ്രാഫിക്സ് രൂപകൽപന ചെയ്യാനുള്ള ആദ്യ മത്സരത്തിൽ ബെംഗളൂരുവിൽ നിന്നുള്ള കെ ഡി രേശ്മ ജേതാവായി. ഹീറോ എക്സ് പൾസ് 200 ബൈക്കിൽ നിന്നു പ്രചോദിതമായി സവിശേഷ റൈഡിങ് ജാക്കറ്റ്/ടീ ഷർട്ട് ഗ്രാഫിക്സ് രൂപകൽപ്പന ചെയ്യാനുള്ള മത്സരത്തിലെ ജേതാവ് നാഗർകോവിൽ സ്വദേശി ആർ വെങ്കടേഷാണ്. ഇരുവർക്കും ഹീറോ എക്സ് പൾസ് 200 ബൈക്കാണു സമ്മാനമായി ലഭിക്കുക. 

ഹീറോ സ്പ്ലെൻഡർ പ്ലസിനു പുത്തൻ ഗ്രാഫിക്സ് രൂപകൽപ്പന ചെയ്യാനുള്ള മത്സരത്തിൽ മുംബൈയിൽ നിന്നുള്ള പങ്കജ് ഝാദവിനാണു രണ്ടാം സ്ഥാനം. കോഴിക്കോട് സ്വദേശി അജയ് വിഷ്ണു മൂന്നാം സമ്മാനം നേടി.റൈഡിങ് ജാക്കറ്റ്/ടീ ഷർട്ട് ഗ്രാഫിക്സ് രൂപകൽപ്പന വിഭാഗത്തിൽ പുണെയിൽ നിന്നുള്ള പല്ലബ് രാജ് ചൗധരിക്കാണു രണ്ടാം സമ്മാനം. നവി മുംബൈ സ്വദേശി സ്പന്ദന് ഭട്ടചാർജി മൂന്നാം സമ്മാനം സ്വന്തമാക്കി. ഇരു വിഭാഗത്തിലും രണ്ടാം സ്ഥാനക്കാർക്ക് 10,000 രൂപയുടെ ഹീറോ അക്സസറീസ് വൗച്ചറും മൂന്നാം സ്ഥാനക്കാർക്ക് ഹീറോ സ്മാർട് സൺഗ്ലാസുമാണു സമ്മാനം. 

ഇതിനു പുറമെ ഇരു വിഭാഗത്തിലും 15 വീതം എൻട്രികൾക്കു പ്രത്യേക പരാമർശവും ലഭിക്കുമെന്ന് ഹീറോ അറിയിച്ചു. ഇവർക്ക് 500 രൂപ മൂല്യമുള്ള ഗിഫ്റ്റ് വൗച്ചറാണു സമ്മാനം. കൊറോണ വൈറസ് ബാധയെ തുടർന്നുള്ള ലോക്ക്ഡൗൺ കാലത്ത് വാഹന പ്രേമികൾക്കും വിദ്യാർഥികൾക്കും പ്രഫഷനലുകൾക്കും ഡിസൈൻ വൈഭവം പ്രകടിപ്പിക്കാൻ അവസരമൊരുക്കാൻ ലക്ഷ്യമിട്ടായിരുന്നു ഹീറോ മോട്ടോ കോർപ്, ഹീറോ കോ ലാബ്സ് ദ് ഡിസൈൻ ചലഞ്ച് സംഘടിപ്പിച്ചത്.  ഏപ്രിൽ ഏഴിന് ആരംഭിച്ച് 21 വരെ തുടർന്ന മത്സരത്തിലേക്ക് പതിനായിരത്തിലേറെ എൻട്രികൾ ലഭിച്ചതായി കമ്പനി അവകാശപ്പെട്ടു. 

തകർപ്പൻ പ്രതികരണമാണു ഹീറോ കോ ലാബ്സ് മത്സരത്തിനു ലഭിച്ചതെന്നു  ഹീറോ കോ ലാബ്സെന്നുമാലൊ ലെ മാസൻ അഭിപ്രായപ്പെട്ടു. അവസരം ലഭിച്ചാൽ മികവും കഴിവും തെളിയിക്കാൻ ധാരാളം പ്രതിഭാധനർ കാത്തിരിക്കുന്നുണ്ട്. സഹകരിക്കാനും യോജിച്ചു പ്രവർത്തിക്കാനും അവസരമൊരുക്കുന്ന ഈ പുതിയ പ്ലാറ്റ്ഫോമിന്റെ സാധ്യത ഏറെ ആവേശം പകരുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

English Summary: Hero CoLabs Design Challenge Winners Announced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com