ADVERTISEMENT

ഹാൻഡ്ബ്രേക് ഇടാൻ മറന്നു കാർ കായലിൽ വീണു. തിരുവനന്തപുരം കോവളത്ത് വഴിയോരത്തെ മീൻ വിൽപന കേന്ദ്രത്തിൽ നിന്നു മത്സ്യം വാങ്ങാൻ കാർ നിർത്തി ആളുടെ വാഹനമാണ് മുങ്ങി നശിച്ചത്. കാർ പിന്നോട്ടുരുളുന്നത് കണ്ട് ഉടമ തിരികെ കാറിൽ കയറാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിന്തിരിപ്പിച്ചതുകൊണ്ട് വലിയ അപകടം ഉണ്ടായില്ല.

കാറിനുള്ളിൽ മറ്റാരും ഉണ്ടായിരുന്നില്ല. കരുംകുളം കൊച്ചുതുറ സ്വദേശി രാജേന്ദ്രന്റെയാണ് വാഹനം. വിഴിഞ്ഞം ഫയർ ഫോഴ്സ് രണ്ടു മണിക്കൂറിലേറെ പരിശ്രമിച്ചാണ് കാർ കരയ്ക്കെടുത്തത്. ഹാൻഡ് ബ്രേക്ക് ഇടാത്തതാണ് അപകടകാരണമെന്നു ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു. നഗരത്തിൽ നിന്നുള്ള മടക്ക യാത്രയ്ക്കിടെ കായൽ മീൻ വാങ്ങാനായാണ് രാജേന്ദ്രൻ വാഹനം ഒതുക്കി നിർത്തിയത്. ഫസ്റ്റ് ഗിയറിലായിരുന്ന വാഹനത്തിന്റെ ഹാൻഡ് ബ്രേക്ക് ഇട്ടിരുന്നുവെങ്കിലും അത് ശരിയായി വീണിട്ടുണ്ടാവില്ലെന്ന് രാജേന്ദ്രൻ പറയുന്നു.

വാഹനങ്ങൾ നിർത്തി പുറത്തിറങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ ഒതുക്കി നിർത്തിയശേഷം ആദ്യം ഹാൻഡ് ബ്രേക്ക് ഉറപ്പുവരുത്താം

∙ ഓട്ടോമാറ്റിക് ഗിയർ സന്നാഹമുള്ള വാഹനങ്ങളിൽ ഹാൻഡ് ബ്രേക്ക് ചെറിയ ഇലക്ട്രോണിക് സ്വിച്ചായിരിക്കും. വാഹനം നിർത്തുമ്പോൾ പലപ്പോഴും ആളുകൾ ഇത് ഉപയോഗിക്കാറില്ല. പാർക്ക് മോഡ് ഓൺ ആക്കിയ ശേഷം നിർബന്ധമായും ഹാൻഡ് ബ്രേക്ക് ഓൺ ചെയ്യുക.

∙ അധിക സുരക്ഷയ്ക്കായി മാനുവൽ വാഹനങ്ങൾ ഗീയറിൽ ഇടാം. ഹാൻഡ് ബ്രേക്ക് ഇല്ലാത്ത പഴയ വാഹനങ്ങൾ ഇത്തരത്തിൽ സുരക്ഷിതമാക്കാം.

(മുന്നിലേക്ക് കയറ്റമാണെങ്കിൽ ഫസ്റ്റ് ഗിയർ, ഇറക്കമാണെങ്കിൽ റിവേഴ്സ് ഗിയർ എന്ന വിധത്തിൽ വേണം ഉപയോഗിക്കാൻ).

∙ എൻജിൻ ഓൺ ആയ അവസ്ഥയിൽ ഹാൻഡ് ബ്രേക്ക് ഓൺ ആണെങ്കിലും വാഹനത്തിനു വെളിയിൽ ഇറങ്ങുന്നത് സുരക്ഷിതമല്ല.

∙ ഏതെങ്കിലും വിധം വാഹനം മുന്നിലേക്കു നീങ്ങുന്നതു ശ്രദ്ധയിൽപെട്ടാൽ പിന്നാലെ ഓടാനോ, തടഞ്ഞു നിർത്താനോ ശ്രമിക്കരുത്. ഇത് കൂടുതൽ അപകടം ഉണ്ടാക്കും.

English Summary: Parked Car Fell in Lake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com