ADVERTISEMENT

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ദക്ഷിണ കൊറിയൻ നിർമാതാക്കളായ സാങ്യങ്ങിന്റെ 2020 ടിവൊലി രാജ്യാന്തര വിപണികളിൽ വിൽപനയ്ക്കെത്തി. ടിവൊലി അടിത്തറയാക്കിയാണു മഹീന്ദ്ര ഇന്ത്യൻ വിപണിക്കായി എക്സ്‌യുവി 300 രൂപകൽപ്പന ചെയ്തത്. വാഹനത്തിന്റെ നീളം നാലു മീറ്ററിൽ താഴെയാക്കി ചുരുക്കിയതായിരുന്നു മഹീന്ദ്ര വരുത്തിയ പ്രധാന പരിഷ്കാരം. 

മുൻ പിൻ ഭാഗങ്ങളിൽ നടപ്പാക്കിയ സമഗ്രമായ പരിഷ്കാരങ്ങളിലൂടെ കൂടുതൽ കാഴ്ചപ്പകിട്ടുമായാണു നവീകരിച്ച ടിവൊലിയുടെ വരവ്. ഹെ‍ഡ്‌ലാംപും ടെയിൽ ലാംപും സാങ്‌യോങ് പരിഷ്കരിച്ചിട്ടുണ്ട്. അകത്തളത്തിലാവട്ടെ ഡാഷ്ബോഡിന്റെ രൂപകൽപനയിലാണു മാറ്റം. എക്സ്‌യുവി 300 കടമെടുത്ത, തട്ടുകളായുള്ള സെന്റർ കൺസോളിനു പകരം സമകാലിക രൂപകൽപ്പനയുള്ള സെന്റർ കൺസോളാണു പുത്തൻ ടിവൊലിയിലുള്ളത്. എട്ട് ഇഞ്ച് ടച് സ്ക്രീനും 10.25 ഇഞ്ചുള്ള, പൂർണമായും ഡിജിറ്റൽ ശൈലിയിലുള്ള ഇൻസ്ട്രമെന്റ് ക്ലസ്റ്ററും കാറിലുണ്ട്. പരിഷ്കരിച്ച പതിപ്പിലെത്തുമ്പോൾ എക്സ്‌യുവി 300 മോഡലിലും ഈ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

കാഴ്ചയിലെയും അകത്തളത്തിലെയും പരിഷ്കാരത്തിനപ്പുറം ടിവൊലിയിൽ പുതിയ എൻജിനും സാങ്‌യോങ് ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച, 1.2 ലീറ്റർ മഹീന്ദ്ര എം സ്റ്റാലിയൻ ടർബോ പെട്രോൾ എൻജിനാണ് പരിഷ്കരിച്ച ടിവൊലിക്കു കരുത്തു പകരുതന്നത്. 128 പി എസ് വരെ കരുത്തും 230 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. വൈകാതെ മഹീന്ദ്ര എക്സ്‌യുവി 300 എസ് യു വിയിലും അടുത്ത തലമുറ ഫോഡ് ഇക്കോസ്പോർട്ടിലും ഇതേ എൻജിൻ ഇടംപിടിക്കുമെന്നാണു പ്രതീക്ഷ. 

ഇതിനു പുറമെ 1.5 ലീറ്റർ ടർബോ പെട്രോൾ, 1.6 ലീറ്റർ ടർബോ ഡീസൽ എൻജിനുകൾ സഹിതവും ടിവൊലി ലഭിക്കും. ശേഷിയേറിയ പെട്രോൾ എൻജിൻ 163 പി എസ് വരെ കരുത്തും 280 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക; ഡീസൽ എൻജിനാവട്ടെ 136 പി എസോളം കരുത്തും 324 എൻ എം വരെ ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുണ്ട്.

English Summary: 2020 SsangYong Tivoli SUV with Mahindra mStallion engine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com