ADVERTISEMENT

സുരക്ഷാ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഭാവിയിലെ കാറുകളുടെ പരമാവധി വേഗം മണിക്കൂറിൽ 180 കിലോമീറ്ററായി പരിമിതപ്പെടുത്തുമെന്ന് സ്വീഡിഷ് ആഡംബര കാർ ബ്രാൻഡായ വോൾവോ. 2021 മോഡൽ മുതലുള്ള കാറുകളിൽ ഈ പരിഷ്കാരം നടപ്പാക്കുമെന്നും ചൈനീസ് ഗീലിയുടെ ഉടമസ്ഥതയിലുള്ള വോൾവോ പ്രഖ്യാപിച്ചു. അതേസമയം, പ്രകടനക്ഷമതയേറിയ പോൾസ്റ്റാർ ശ്രേണിയിലെ മോഡലുകൾക്ക് ഈ പരമാവധി വേഗ പരിധി ബാധകമാവില്ലെന്നാണു സൂചന. 

വോൾവോ നിർമിത കാറുകൾ മൂലം ആരും കൊല്ലപ്പെടാനോ ഗുരുതരമായ പരുക്കേൽക്കാനോ പാടില്ലെന്നാണു ‘വിഷൻ 2020’ എന്നു പേരിട്ട നയത്തിലൂടെ വോൾവോ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി മൂന്നു മേഖലകളിൽ പുരോഗതി കൈവരിക്കേണ്ടി വരുമെന്നാണു കമ്പനിയുടെ വിലയിരുത്തൽ: വേഗം, അശ്രദ്ധ, ഉന്മത്തത. 

കാറുകളിൽ തന്നെയുള്ള സാങ്കേതികവിദ്യകളിലൂടെയോ സർക്കാർ നടപ്പാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ വഴിയോ പരമാവധി വേഗത്തിനു നിയന്ത്രണം ഏർപ്പെടുത്താനാവുമെന്ന് വോൾവോ കരുതുന്നു. ഇത്തരം നടപടികളിലൂടെ അപകട മരണങ്ങളും വഴി യാത്രികർക്കു നേരിടുന്ന ജീവഹാനിയും കുറയ്ക്കാനാവുമെന്നാണു വോൾവോയുടെ പ്രതീക്ഷ. ജിയോ ഫെൻസിങ് സാങ്കേതികവിദ്യയും മികവുറ്റ വേഗ നിയന്ത്രണ സംവിധാനങ്ങളും സമന്വയിപ്പിച്ച് ഭാവിയിൽ ആശുപത്രികൾക്കും വിദ്യാലയങ്ങൾക്കും സമീപമുള്ള മേഖലകളിൽ പിഴവറ്റ വേഗനിയന്ത്രണ സംവിധാനം നടപ്പാക്കാനാവുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടൽ. 

അതേസമയം ആഡംബര കാർ വിപണിയിൽ വോൾവോയുടെ പ്രധാന എതിരാളികളായ ജർമൻ നിർമാതാക്കൾ കാറുകളുടെ പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്ററായി പരിമിതപ്പെടുത്താൻ അനൗപചാരികമായി ധാരണയിലെത്തിയിട്ടുണ്ട്. വോൾവോയും ഇതുവരെ ഇതേ വേഗപരിധിയാണ് ഇതുവരെ പിന്തുടർന്നിരുന്നത്. അപകടം ഒഴിവാക്കാൻ വേഗനിയന്ത്രണം പ്രാബല്യത്തിലെത്തിക്കാൻ മാത്രമാണു നിലവിൽ വോൾവോ തീരുമാനിച്ചിരിക്കുന്നത്. ഡ്രൈവർമാരുടെ അശ്രദ്ധയും ഉന്മാദാവസ്ഥയുമൊക്കെ സൃഷ്ടിക്കുന്ന അപകടങ്ങൾ കുറയ്ക്കാനുള്ള നടപടികളും ഭാവിയിൽ സ്വീകരിക്കുമെന്നാണു വോൾവോ നൽകുന്ന സൂചന.

English Summary: Volvo Limits Its Cars Speed to 180 kmph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com